ഇരകള്‍ക്കുവേണ്ടി സമരകാഹളം

Posted on: July 24, 2018 10:03 am | Last updated: July 24, 2018 at 10:03 am
SHARE

കാസര്‍കോട് ജില്ലയിലെ സാംസ്‌കാരിക മേഖല സവിശേഷമാണ്. ഇവിടെ സമരവും സര്‍ഗാത്മകതയും ഇഴചേര്‍ന്നുകിടക്കുന്നു. ഏറെ അരികുവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ കണ്ണീരും വേദനയും ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ക്കുവേണ്ടി സര്‍ഗാത്മകതയുടെ വഴിയിലൂടെ പോരാടാനും പ്രതിരോധം തീര്‍ക്കാനും കരുത്തുള്ള കൂട്ടായ്മകള്‍ ഇവിടെ വളര്‍ന്നു വരികയാണ്. ഒരു തുള്ളി ചോരപോലും ചിന്താതെ, തികച്ചും ആശയപരമായി നടത്തുന്ന നിശ്ശബ്ദ വിപ്ലവം. പ്രത്യക്ഷത്തില്‍ വലിയ ഓളങ്ങള്‍ പ്രകടമാകുന്നില്ലെങ്കിലും ആന്തരികമായി ഒട്ടേറെ ഉള്ളനക്കങ്ങള്‍ സൃഷ്ടിക്കുന്ന ജനാധിപത്യസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇവിടുത്തെ ഏതാനും എഴുത്തുകാരും കലാകാരന്‍മാരുമാണ്. കാസര്‍കോടിന് പുറത്തുനിന്നുള്ള സാംസ്‌കാരിക, സാഹിത്യ നായകരുടെ പിന്തുണയും സഹകരണവും ഈ സമരങ്ങള്‍ക്ക് ലഭിക്കുന്നത് അത് ഉയര്‍ത്തിപ്പിടിക്കുന്ന മനഷ്യാവകാശ പ്രശ്‌നങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ്.
കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി ഏറെ നാളായി നടന്നുകൊണ്ടിരിക്കുന്ന സഹനസമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നാള്‍വഴികളില്‍ പുതിയൊരു സമരചരിത്രം കൂടി എഴുതിച്ചേര്‍ത്തുകൊണ്ട് നാലാം ഒപ്പുമരം നഗരത്തിന്റെ തിരക്കേറിയ വീഥിക്കരികില്‍ രൂപപ്പെട്ടിരിക്കുന്നു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലില്‍ ഒത്തുകൂടിയ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തകര്‍ ഒപ്പുമരത്തെ സാക്ഷിയാക്കി നടത്തിയ സംവാദങ്ങള്‍ അണമുറിയാത്ത കനത്ത പേമാരിക്കിടയിലും ഭരണകൂടങ്ങളുടെ നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധജ്വാലകള്‍ ഉയര്‍ത്തുകയാണ്. മഴനനഞ്ഞ് കുതിര്‍ന്ന ഇവിടുത്തെ സാംസ്‌കാരിക ഭൂമികയില്‍ പോരാട്ടത്തിന്റെ കനല്‍ച്ചൂട് വര്‍ധിപ്പിച്ചുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തുന്ന ഒപ്പുമരത്തിലെ കൂട്ടായ്മയില്‍ എഴുത്തുകാരായ എന്‍ എസ് മാധവന്‍, സി വി ബാലകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, പ്രൊഫ. എം എ റഹ്മാന്‍, സിനിമാ പ്രവര്‍ത്തകരായ അലന്‍സിയര്‍, പ്രകാശ് ബാരെ, എന്‍ഡോസള്‍ഫാനെതിരെ സമരം നയിച്ച ലീലാകുമാരിയമ്മ എന്നിവരടക്കം വിവിധ മേഖലകളിലെ പ്രമുഖരാണ് പങ്കെടുത്തത്. ഇവര്‍ ചൂണ്ടിക്കാണിച്ച യാഥാര്‍ഥ്യങ്ങളുടെ ചുവടുപിടിച്ചുള്ള സംവാദങ്ങളാണ് പിന്നീട് നടന്നത്. ഇരകള്‍ക്ക് നീതി കിട്ടുന്നതുവരെ പോരാടണമെന്ന ഉറച്ച ബോധ്യത്തിലൂന്നിയുള്ള ചര്‍ച്ചകളിലൂടെ ഇനിയും സമരത്തിന്റെ തീഷ്ണപഥങ്ങളിലേക്ക് കടക്കുന്നതിനുള്ള ഊര്‍ജം പ്രസരിപ്പിച്ചുകൊണ്ടാണ് നാല് നാള്‍ നീണ്ടുനിന്ന ഈ പരിപാടിക്ക് സമാപനം കുറിച്ചത്.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച സമഗ്ര പാലിയേറ്റീവ് കെയര്‍ ആശുപത്രി കാസര്‍കോട്ട് സ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി കേന്ദ്രം കേരളത്തിന് നല്‍കാനുള്ള 200 കോടി ഉടന്‍ നല്‍കുക, കേന്ദ്ര നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ വിക്ടിം സപ്പോര്‍ട്ട് എയ്ഡ് ഗ്രൂപ്പും (എന്‍വിസാജ്), ജോയന്റ് ഫോറം ഫോര്‍ ട്രൈബ്യൂണല്‍ റൈറ്റ്‌സും സംയുക്തമായാണ് കാസര്‍കോട്ട് നാലാം ഒപ്പുമരം സംഘടിപ്പിച്ചത്.
ഒപ്പുമരം ഉദ്ഘാടനം ചെയ്ത എന്‍ എസ് മാധവന്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ ഒരു ജനതയോട് അധികാരിവര്‍ഗം കാണിച്ച ക്രൂരതയിലേക്കാണ് സമൂഹശ്രദ്ധ ക്ഷണിച്ചത്. ആരോഗ്യത്തോടെ ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്നാക്രമണമായിരുന്നു എന്‍ഡോസള്‍ഫാന്‍ പ്രയോഗം. ഇരകളാക്കപ്പെട്ടതിനു ശേഷവും നീതിനിഷേധം തുടരുകയാണ്. അര്‍ഹമായ നഷ്ടപരിഹാരമോ ചികിത്സയോ അവര്‍ക്ക് ലഭ്യമാകുന്നില്ല. എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ കര്‍ണാടക അതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടും പുരോഗമനസ്വഭാവമുള്ള കേരളം അക്കാര്യത്തില്‍ പിറകോട്ടുപോയതിനെ രൂക്ഷമായ ഭാഷയിലാണ് മാധവന്‍ വിമര്‍ശിച്ചത്.

നിരന്തരമായ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നടപ്പില്‍ വരുത്താന്‍ അധികാരികള്‍ വരുത്തുന്ന വീഴ്ചയെയും മാധവന്‍ ചോദ്യം ചെയ്തു. വികസനത്തെ തെറ്റായ രീതിയില്‍ പ്രയോഗവത്കരിച്ചതിന്റെ ദുരന്തം എന്നാണ് എന്‍ഡോസള്‍ഫാന്‍ കെടുതികളെ സിവിക് ചന്ദ്രന്‍ വിശേഷിപ്പിച്ചത്. ലോകമെങ്ങും വികസനത്തിന്റെ പേരില്‍ ഇരകളും അഭയാര്‍ഥികളും ഉണ്ടായിട്ടുണ്ട്. വൈവിധ്യങ്ങള്‍ ഇല്ലാതാക്കാന്‍ രൂപപ്പെട്ട വികസനം സാമ്രാജ്യത്വത്തിന്റെ സൃഷ്ടികൂടിയാണെന്ന് സിവിക് ചന്ദ്രന്‍ വിശദീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിദഗ്ധചികിത്സക്കുവേണ്ടി കാസര്‍കോട് ജില്ലയില്‍ പാലിയേറ്റീവ് കെയര്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എട്ട് വര്‍ഷം മുമ്പ് നിര്‍ദേശിച്ചിട്ടും ഇവിടുത്തെ സര്‍ക്കാര്‍ അതിന് തയ്യാറാകാത്തതിലെ രോഷമാണ് എം എ റഹ്മാന്‍ പങ്കുവെച്ചത്. കാസര്‍കോട്ട് മെഡിക്കല്‍കോളജ് വന്നാലും എയിംസ് വന്നാലും അതിനകത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍ ആശുപത്രി പ്രധാനമാണ്. കുറച്ചു ധനസഹായം നല്‍കിയത് കൊണ്ടുമാത്രം ഇരകളുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് റഹ്മാന്‍ ചൂണ്ടിക്കാട്ടി.

വികസനത്തിന്റെ പേരില്‍ എത്ര കോടി രൂപപോലും ചെലവിടാന്‍ മടിക്കാത്ത സര്‍ക്കാറുകള്‍ വികസനത്തിന്റെ ഇരകളെ അവഗണിക്കുകയാണെന്നും ഇതിനെതിരെ തിരുത്തല്‍ ശക്തിയായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാറണമെന്നും ലീലാ കുമാരിയമ്മ അഭിപ്രായപ്പെട്ടു. പൗരന്റെ അവകാശങ്ങള്‍ ലംഘിക്കുന്ന ഭരണകൂടങ്ങള്‍ ഭരണഘടനക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി വി വ്യക്തമാക്കി. പത്രങ്ങള്‍ കണ്ണോടിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ ഇര മരണപ്പെട്ടുവെന്ന വാര്‍ത്ത കാണുന്നത് പതിവാണ്. ഭോപ്പാല്‍ വാതക ദുരന്തത്തിന് സമാനമായിരുന്നു കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷപ്രയോഗം. എന്നിട്ടും ഇവിടുത്തെ അധികാരികള്‍ കണ്ണുതുറക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പറേറ്റുകള്‍ക്ക് കീഴ്‌പ്പെടുന്ന ഭരണകര്‍ത്താക്കള്‍ ജനങ്ങളെ കശാപ്പുചെയ്യാന്‍ പോലും മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്ന് പ്രകാശ് ബാരെ വിലയിരുത്തി. ഇരകളുടെ ജീവിതസംരക്ഷണത്തിന് ഭരണകൂടങ്ങള്‍ ഇടപെടണമെന്നാണ് അലന്‍സിയര്‍ ആവശ്യപ്പെട്ടത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാഹിത്യ സാംസ്‌കാരിക നാടകപ്രവര്‍ത്തകരും ഇരകളുടെ അമ്മമാരും അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടി എന്‍ഡോസള്‍ഫാന്‍വിഷഭീകരന്‍ ഒരു നാടിനെ എത്തിച്ച അവസ്ഥയെക്കുറിച്ചുള്ള ആകുലതകള്‍ പങ്കുവെക്കുന്നതോടൊപ്പം പരിഹാര മാര്‍ഗങ്ങളും തുടര്‍ സമരങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടിയുള്ള സാമൂഹിക സംഘടനകളുടെ സമരങ്ങള്‍ ഒരു ഭാഗത്ത് അരങ്ങേറുമ്പോഴാണ് സാഹിത്യ സാംസ്‌കാരികമേഖലകളിലുള്ളവരുടെ പ്രതിരോധവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ പരിണിതഫലങ്ങള്‍ അകാലമരണങ്ങളും മാരകരോഗങ്ങളും ജനിതകവൈകല്യങ്ങളുമായി ഇപ്പോഴും ദുരന്തം വിതച്ചുകൊണ്ടിരിക്കുന്നു. ഇരകളില്‍ വലിയൊരു ശതമാനവും കുട്ടികളാണ്. വലുപ്പമേറിയ ഉദരവും മറ്റ് മാറാരോഗങ്ങളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ നൊമ്പരമുണര്‍ത്തുന്ന കാഴ്ചകളാണ്. ഇത്തരം കുട്ടികളുടെ അമ്മമാരുടെ തേങ്ങലുകളും നിലവിളികളും അവസാനിക്കാത്ത കാലത്ത് നീതികിട്ടാന്‍ കലക്ടറേറ്റ്, സെക്രട്ടേറിയറ്റ് സമരങ്ങള്‍ മാത്രം പോരെന്ന തിരിച്ചറിവാണ് കാസര്‍കോട്ടെ സാംസ്‌കാരിക സമൂഹത്തിനുള്ളത്. നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളികള്‍ പല രൂപങ്ങളിലും ഭാവങ്ങളിലും ശബ്ദങ്ങളിലും അധികാര കേന്ദ്രങ്ങളെ കേള്‍പ്പിച്ചുകൊണ്ടേയിരിക്കണം. ഒന്നാം തവണയും രണ്ടാം തവണയും മൂന്നാം തവണയും നടന്ന ഒപ്പുമരക്കൂട്ടായ്മകള്‍ക്കുശേഷം നാലാംതവണയും ഒപ്പുമരത്തിന്റെ ചുവട്ടില്‍ ഒത്തുകൂടുമ്പോള്‍ ഇനിയും ഇവിടെ ഒരുപാട് കൂട്ടായ്മകള്‍ വേണ്ടിവരുമെന്നുതന്നെയാണ് കരുതേണ്ടത്. ഇരകളുടെ അവകാശങ്ങള്‍ക്കുവേണ്ടി കഥകള്‍ പറഞ്ഞും കവിത ചൊല്ലിയും ചിത്രങ്ങള്‍ വരച്ചും നാടകങ്ങള്‍ അവതരിപ്പിച്ചും അനീതിക്കെതിരായ പോരാട്ടത്തിന്റെ സര്‍ഗാത്മകതക്ക് കൂടുതല്‍ മിഴിവും ചാരുതയും വീര്യവും പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here