പ്ലസ്ടുവിന് ശേഷം നാല് വര്‍ഷ ബി എഡ്‌

Posted on: July 24, 2018 9:24 am | Last updated: July 24, 2018 at 11:59 am
SHARE

ന്യൂഡല്‍ഹി: പ്ലസ് ടുവിന് ശേഷം നാല് വര്‍ഷത്തെ ഏകീകൃത അധ്യാപന ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള ദേശീയ കൗണ്‍സില്‍ (എന്‍ സി ടി ഇ) ഭേദഗതി ബില്ലിന് ലോക്സഭ അംഗികാരം നല്‍കി. പന്ത്രണ്ടാം ക്ലാസ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ബി എഡ് കോഴ്‌സ് ചെയ്യുന്നതിനുള്ള ഇന്റഗ്രേറ്റഡ് ബി എഡ് കോഴ്‌സിനാണ് ലോക്‌സഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

നിയമനിര്‍മാണം പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷത്തോടെ തന്നെ ബി എ- ബി എഡ്, ബി എസ് സി ബി എഡ്, ബികോം- ബി എഡ് തുടങ്ങിയ ഏകീകൃത ബിരുദ (ഇന്റഗ്രേറ്റഡ് ഡിഗ്രി) കോഴ്സുകള്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് ആരംഭിക്കാന്‍ സാധിക്കും. പഞ്ചവത്സര എല്‍ എല്‍ ബി കോഴ്‌സുള്‍ക്ക് സമാനമായാണ് പുതിയ ഏകീകൃത ബി എഡ് കോഴ്സുകള്‍ ആരംഭിക്കുന്നത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയായാല്‍ തന്നെ അധ്യാപന കോഴ്സിലേക്ക് പോകാന്‍ ഇത് വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ അഭിപ്രായപ്പെട്ടു. ശബ്ദവോട്ടോടെയാണ് ബില്ലിന് സഭ അംഗികാരം നല്‍കിയത്.
അതേസമയം, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കരാറുകള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനുള്ള സ്‌പെസിഫിക് റിലീഫ് ഭേദഗതി ബില്ലിന് രാജ്യ സഭ അംഗീകാരം നല്‍കി. ബില്ലിന് ലോക്സഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഭയെ അറിയിച്ചു. പൊതു സ്വകാര്യ പങ്കാളിത്ത പദ്ധിതികള്‍ വര്‍ധിക്കുകയും വിദേശ കമ്പനികള്‍ രാജ്യത്ത് നിക്ഷേപമിറക്കാന്‍ താത്പര്യം പ്രകിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പദ്ധതികളുടെ നടത്തിപ്പ് എളുപ്പമാക്കുന്നതിനാണ് 1963ലെ സ്പെസിഫിക് റിലീഫ് നിയമം ഭേദഗതി ചെയ്യുന്നത്.