Connect with us

Cover Story

ഐക്യു ക്യൂന്‍...

Published

|

Last Updated

ചരിത്രഗരിമയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന തലസ്ഥാനത്തിന്റെ ചിത്രം ഇസ്‌റയെന്ന കൊച്ചുപെണ്‍കുട്ടിയുടെ മനസ്സിലില്ല. പക്ഷേ ഡല്‍ഹിയെന്ന പേര് അവള്‍ക്കറിയാം, അതും നാവുറക്കാത്ത പ്രായത്തില്‍; ആ നഗരം വാഴിച്ച മഹാരഥന്മാരെയും ചരിത്രത്തിലെ പ്രധാന സംഭവവികാസങ്ങളെയും. മൂന്നര വയസ്സില്‍ ഡല്‍ഹിയെക്കുറിച്ച് കേള്‍ക്കാനിടയായതാണ് ഇസ്‌റയുടെ ജീവിതം മാറ്റിമറിച്ചത്. വ്യാപാരാവശ്യത്തിന് മാമന്‍ ഡല്‍ഹിയിലേക്ക് റ്റാറ്റ പറഞ്ഞിറങ്ങുമ്പോള്‍ എവിടേക്കാണ് പോകുന്നതെന്ന് അവള്‍ അന്വേഷിച്ചില്ല. ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നപ്പോള്‍ ഉപ്പ ഹബീബാണ് മാമന്‍ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയിലാണ് പോയതെന്ന് പറഞ്ഞത്. സംസാരത്തിലെപ്പെഴോ വീണുപോയ ആ കാര്യം കുട്ടി തലച്ചോറില്‍ സൂക്ഷിച്ചത് ഹബീബ് അറിഞ്ഞില്ല. പാല്‍പ്പല്ലുമായി പുഞ്ചിരിക്കുന്ന ആ കുരുന്നിന്റെ മുഖത്ത് നോക്കി പൊതുവിജ്ഞാനത്തില്‍ അതീവ തത്പരനായ ഹബീബ് ഒരു ദിവസം വെറുതെ ചോദിച്ചു: ഇന്ത്യയുടെ തലസ്ഥാനമേതാണ്? പിതാവിന്റെ കഴുത്തില്‍ തൂങ്ങി കൊഞ്ചിക്കുഴഞ്ഞ് അവള്‍ സ്വതസിദ്ധശൈലിയില്‍ പറഞ്ഞു: ഡെല്ലി. കുട്ടിയില്‍ സവിശേഷമായ എന്തോ കഴിവുണ്ടെന്ന് ഹബീബ് ആദ്യം മനസ്സിലാക്കുന്നത് ഈ സമയത്താണ്. ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ കാര്യങ്ങള്‍ പിന്നീട് അദ്ദേഹം അവള്‍ക്ക് പകര്‍ന്നു നല്‍കി. അത്ഭുതം! ഒറ്റയിരിപ്പിന് അവള്‍ അതെല്ലാം പറഞ്ഞു തീര്‍ക്കുന്നു. ഇന്ന് എണ്ണമറ്റ വേദികളില്‍ അനര്‍ഗള പ്രവാഹം പോലെ അറിവുകള്‍ ഉരുവിട്ട് അവള്‍ വിസ്മയമാകുന്നു. കോഴിക്കോട് കല്ലായി പുഴയോരത്തുള്ള വളപ്പിലകത്ത് തറവാട്ടില്‍ ഏഴ് വയസ്സ് മാത്രമുള്ള അവള്‍ ഇന്ന് ഐ ക്യു രാജ്ഞിയായാണ് അറിയപ്പെടുന്നത്.

തുടക്കം “മാജിക് അങ്ക്‌ളിനെ” ഞെട്ടിച്ച്

കുട്ടികളുടെ ഒരു ചാനല്‍ പരിപാടി. അവതാരകന്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. അദ്ദേഹം ഇന്ത്യന്‍ പ്രസിഡന്റുമാരെ കുറിച്ച് ഇസ്‌റയോട് ചോദിക്കുന്നു: ഒറ്റയിരിപ്പിന് എല്ലാം അവള്‍ പറഞ്ഞ് തീര്‍ത്തു. പിന്നീട് ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍. അദ്ദേഹം സ്തബ്ധനായിപ്പോയി. ഇത്തരം നിരവധി വേദികള്‍ അവളുടെ പ്രതിഭയുടെ വിളംബരങ്ങളായി. വിശാലമായ പൊതുവിജ്ഞാനങ്ങളില്‍ പലതും തന്റെ കുഞ്ഞു നാവിന് വഴങ്ങാറില്ലെങ്കിലും ഏത് കടുകട്ടിയായ വാക്കുകളും അവള്‍ സ്വന്തം ശൈലിയില്‍ അവതരിപ്പിക്കും. കേരളത്തിലെ ഒട്ടുമിക്ക ചാനലുകളും ഇസ്‌റയുടെ പരിപാടി സംപ്രേഷണം ചെയ്തിട്ടുണ്ട്. അനേകം സ്‌കൂളുകളില്‍ ഇസ്‌റയെ അതിഥിയായി ക്ഷണിക്കാറുണ്ട്. ഇസ്‌റയുടെ കഴിവുകള്‍ മറ്റ് കുട്ടികള്‍ക്ക് ഊര്‍ജമാണ്.

അറിവുകളുടെ ഖനി

കേരളത്തിലെ മുഴുവന്‍ നദികളുടെയും പേര്, യുനെസ്‌കോ അംഗീകരിച്ച ഇന്ത്യയിലെ പൈതൃക സ്ഥലങ്ങള്‍, ഇന്ത്യയിലെ ഔദ്യോഗിക ഭാഷകള്‍, ചന്ദ്രനില്‍ കാലുകുത്തിയവരുടെ പേരുകള്‍, ഇന്ത്യയിലെ പ്രശസ്തമായ നാഷനല്‍ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍, മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ കേരളീയര്‍, ഇന്ത്യ വിക്ഷേപിച്ച മിസൈലുകളുടെ പേരുകള്‍, കേരളത്തിലെ എല്ലാ ജില്ലകളുടെയും പേരുകള്‍, ഇന്ത്യയുടെ എല്ലാ പ്രസിഡന്റുമാരുടെയും പേരുകള്‍, ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍, ലോകാത്ഭുതങ്ങള്‍, വന്‍കരകള്‍, ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് നേടിയ കായിക താരങ്ങള്‍, നൊബേല്‍ ജേതാക്കളായ ഇന്ത്യക്കാര്‍, പുലിസ്റ്റര്‍ അവാര്‍ഡ് നേടിയ ഇന്ത്യക്കാര്‍, ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാര്‍, ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പേര്, ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഫിഫയുടെ ലോക ഫുട്‌ബോളര്‍ അവാര്‍ഡ് നേടിയവര്‍, ക്രിക്കറ്റ് ലോകകപ്പ് ജയിച്ച രാജ്യങ്ങളുടെ ക്യാപ്റ്റന്മാര്‍, ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതിയായ പരം വീര്‍ ചക്ര നേടിയ ധീര യോദ്ധാക്കള്‍, കേരളത്തിലെ മുഴുവന്‍ മുഖ്യമന്ത്രിമാരുടെയും പേരുകള്‍, ഗവര്‍ണര്‍മാര്‍, യു എന്‍ സെക്രട്ടറി ജനറല്‍മാര്‍ തുടങ്ങിയ അറിവുകളാണ് ഈ കൊച്ചുമിടുക്കി കുഞ്ഞിളംപ്രായത്തില്‍ പഠിച്ചെടുത്തത്. കൂടുതല്‍ അറിവുകള്‍ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നു; ഒരു തപസ്യയെന്ന പോല്‍.

ജനനം മുതല്‍ പ്രത്യേകതകള്‍

മൂത്തമകന്‍ അഹ്മദ് സേബില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌റയെ പ്രസവിച്ചപ്പോള്‍ തൂക്കം നാല് കിലോ. പിന്നീടുള്ള വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. കമിഴ്ന്ന് വീഴുന്നതിന് പകരം പിടിച്ചിരുന്നു. എട്ട് മാസം പിന്നിടുമ്പോഴേക്കും നടത്തം. കുഞ്ഞില്‍ ഏറെ വ്യത്യസ്തതകള്‍ പ്രകടമാകുമ്പോഴും അത് തങ്ങള്‍ക്ക് ലഭിച്ച ഒരു കൊച്ചു എന്‍സൈക്ലോപീഡിയയാണെന്ന് മാതാവ് പ്രസീന വിചാരിച്ചിരുന്നില്ല. ലാളിച്ച് വളര്‍ത്തുമ്പോഴും അവള്‍ക്ക് പുതിയ പുതിയ അറിവുകള്‍ ലഭിച്ചുകൊണ്ടിരുന്നു. അവയെല്ലാം ഒരു അലമാരയിലെന്ന പോലെ അവള്‍ തലച്ചോറിന്റെ അറകളില്‍ അടുക്കിവെച്ചു; ചിട്ടയോടെ. പിന്നീടെപ്പോള്‍ ചോദിക്കുമ്പോഴും അവള്‍ ഇടതടവില്ലാതെ ഉരുവിടും, അവളുടെ സ്വതസിദ്ധമായ ഭാഷയില്‍. പിതാവിന്റെ പത്ത് സഹോദരന്മാരില്‍ അലിഞ്ഞുചേര്‍ന്ന പാട്ട് പാടാനുള്ള കഴിവും ഇസ്‌റക്ക് സ്വന്തം.

പിതാവിന്റെ വിധി

കുട്ടികളെ ലാളിച്ച് വളര്‍ത്തുന്ന സമയത്താണ് ജീവിത പ്രാരാബ്ധം പേറി ഹബീബ് യു എ ഇയിലേക്ക് വിമാനം കയറിയത്. പ്രശസ്ത ബേങ്കില്‍ നല്ല ശമ്പളത്തില്‍ ജോലിയും കിട്ടി. ഒരു ദിവസം, സുഹൃത്തിനൊപ്പം കാറില്‍ ഷാര്‍ജയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം വണ്ടി നിര്‍ത്താനാവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഹബീബ് കുഴഞ്ഞുവീണു ബോധമറ്റു. തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ഡോക്ടര്‍മാര്‍ ഹബീബിന്റെ മരണം മുന്നില്‍ കണ്ടു. പക്ഷേ അദ്ദേഹത്തെ മരണത്തിന് വിട്ട് കൊടുക്കാന്‍ വിധി നിശ്ചയിച്ചിരുന്നില്ല. എട്ട് ദിവസത്തെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായിച്ചു. നേരെ മിംസ് ആശുപത്രിയില്‍. ആഴ്ചകളുടെ ചികിത്സക്ക് ശേഷം അസുഖബാധിതനായിട്ടും ജോലി നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം വീണ്ടും വിമാനം കയറി. രണ്ട് മാസത്തിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ കാരണം ബേങ്കില്‍ ജോലി തുടരാനാകാതെ തിരിച്ചു വിമാനം കയറി. വീഴ്ചയില്‍ പറ്റിയ ആഘാതം അദ്ദേഹത്തെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയാണ്. ഇസ്‌റയുടെ അറിവുകള്‍ പരിപോഷിപ്പിക്കണമെന്ന് ഹബീബിന് ആഗ്രഹമുണ്ട്. അത് കൂടുതല്‍ ആളുകളിലേക്കെത്തിക്കണം. അവര്‍ക്കും അതൊരു പ്രചോദനമാകട്ടെ.

കോഴിക്കോടിന്റെ “കലക്ടര്‍ സിസ്” ആകണം

തന്റെ കഴിവുകള്‍ ഇന്ത്യക്ക് പുറത്ത് പ്രകടിപ്പിക്കാനുള്ള ആഗ്രഹമുണ്ട് ഈ കൊച്ചു ഐ ക്യു രാജ്ഞിക്ക്. ഇത്തരത്തില്‍ നിരവധി ആഗ്രഹങ്ങള്‍ കൊണ്ടു നടക്കുകയാണ് ഇസ്‌റ. ആരാകണമെന്നതിന് അവള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ. കലക്ടര്‍. അതും കോഴിക്കോടിന്റെ “സ്വന്തം കലക്ടര്‍ സിസ്”. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ അവള്‍ക്ക് ഏറെ പ്രിയമായിരുന്നു.

അംഗീകാരങ്ങളുടെയും രാജ്ഞി

ഈ കൊച്ചു പ്രായത്തിനിടയില്‍ നിരവധി ആദരങ്ങളും അംഗീകാരങ്ങളും ഇസ്‌റയെ തേടിയെത്തിയിട്ടുണ്ട്. കോഴിക്കോട് നടന്ന വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവ വേദിയില്‍ കേരള പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥില്‍ നിന്നും ലഭിച്ച ഉപഹാരം ഇസ്‌റക്ക് മറക്കാന്‍ കഴിയില്ല. തിരുവനന്തപുരം മാജിക് പ്ലാനറ്റ് സംഘടിപ്പിച്ച വണ്ടേഴ്‌സ് ഓഫ് റൈറ്റ്‌സ് പരിപാടിയില്‍ പ്രശസ്ത മാന്ത്രികനും യൂനിസെഫ് സെലിബ്രിറ്റി സപ്പോര്‍ട്ടറും ആയ ഗോപിനാഥ് മുതുകാട്, സുപ്രീം കോടതി മുന്‍ ജഡ്ജിയും ദേശീയ മനുഷ്യാവകാശ ആക്ടിംഗ് ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ്, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത സംഗീത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ എം ജയചന്ദ്രന്‍ ഇസ്‌റയെ ആദരിച്ചു. കോഴിക്കോട് എന്‍ ഐ ടിയില്‍ നടന്ന എന്‍ സി സിയുടെ ആള്‍ ഇന്ത്യ നാഷനല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ വെച്ച് ലെഫ്റ്റനന്റ് കേണല്‍ എന്‍ കെ കുമാറില്‍ നിന്നും ഇസ്‌റ മൊമെന്റോ സ്വീകരിച്ചു. അവള്‍ക്ക് ലഭിച്ച അംഗീകാരങ്ങളും അവാര്‍ഡുകളും നിരവധിയാണ്. വീട്ടിലെ ഷോകേസില്‍ സൂക്ഷിച്ച് വെച്ച അവയെല്ലാം അവള്‍ മിക്ക ദിവസങ്ങളിലും എടുത്തുനോക്കും. “മാജിക് അങ്ക്ള്‍” ഗോപിനാഥ് മുതുകാട് നല്‍കിയ ഷേക്‌സ്പിയര്‍ നാടകങ്ങളുടെ സമാഹാരം അവള്‍ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. ഇനിയും ഏറെ നേട്ടങ്ങള്‍ കരസ്ഥമാക്കണമെന്നാണ് അവളുടെ ആഗ്രഹങ്ങള്‍. കോഴിക്കോട് മൈന്‍ഡ്‌സ്‌കേപ്പ് വേള്‍ഡ് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഈ കുരുന്ന് പ്രതിഭ വിജ്ഞാനത്തിനായി ലോകത്തിന് മുമ്പില്‍ തന്റെ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്.
.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest