അഞ്ചലിലെ ആള്‍ക്കൂട്ട കൊലപാതകം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Posted on: July 23, 2018 9:45 pm | Last updated: July 24, 2018 at 11:59 am
SHARE

അഞ്ചല്‍: കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൊല്ലം അഞ്ചലില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന ഇതരസംസ്ഥാനത്തൊഴിലാളി മണിക് റോയി (32)യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദനം സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. തലച്ചോറിലുണ്ടായ നീര്‍ക്കെട്ടാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലച്ചോറിലെ ചിലഭാഗത്ത് രക്തയോട്ടം നിലച്ച നിലയിലായിരുന്നു. ശ്വാസകോശത്തിനും ക്ഷതമേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാഴ്ച മുമ്പ് അഞ്ചലിന് സമീപം പനയഞ്ചേരിയില്‍ വെച്ചാണ് ആള്‍ക്കൂട്ടം മണിക്ക് റോയിയെ തല്ലിച്ചതച്ചത്. സമീപത്തെ വീട്ടില്‍ നിന്ന് ഒരു കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് പോകവെ നാട്ടുകാരായ മൂന്ന് പേര്‍ മാണിക് റോയിയെ തടഞ്ഞു നിര്‍ത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏതാനും ദിവസത്തെ ചികിത്സക്ക് ശേഷം പുറത്തു വന്ന മാണിക് റോയി ജോലിക്ക് പോകാന്‍ തുടങ്ങി. ജോലിസ്ഥലത്ത്‌വെച്ച് രാവിലെ പത്തോടെ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് മാണിക്ക് റോയിയെ സഹപ്രവര്‍ത്തകര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. പത്തുവര്‍ഷത്തിലധികമായി കുംടുംബത്തോടൊപ്പം അഞ്ചലില്‍ താമസിക്കുകയായിരുന്നു മണിക്.

LEAVE A REPLY

Please enter your comment!
Please enter your name here