ആള്‍ക്കൂട്ട ആക്രമണം: പ്രത്യേക നിയമം രൂപവത്കരിക്കാന്‍ ഉന്നതതല സമിതി

Posted on: July 23, 2018 9:00 pm | Last updated: July 24, 2018 at 10:38 am
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള നാലംഗ ഉന്നതതല സമിതിക്ക് രൂപം നല്‍കി. സമിതി കേന്ദ്ര ആഭ്യന്തര മനത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതിക്ക് നാലാഴ്ചക്കകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ശിപാര്‍ശകള്‍ അടക്കം മന്ത്രിതല സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ആള്‍ക്കൂട്ട ആക്രമണം തടയാന്‍ പ്രത്യേക നിയമം വേണമെന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

പശുക്കടത്ത് ആരോപിച്ചും സാമൂഹിക മാധ്യമങ്ങള്‍ കൂടിയുള്ള വ്യാജപ്രചാരണള്‍ മൂലവും നിരവധി പേര്‍ക്കാണ് രാജ്യത്ത് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ശക്തമായ നിയമം വേണമെന്ന ആവശ്യമുയര്‍ന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

ആള്‍ക്കൂട്ട കൊലപാതകം പ്രത്യേക കുറ്റകൃത്യമാക്കി ശിക്ഷ നല്‍കാന്‍ കര്‍ശന നിയമം കൊണ്ടുവരുന്നത് പാര്‍ലിമെന്റ് പരിഗണിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ആള്‍ക്കൂട്ട കൊലപാതകങ്ങളെ പ്രത്യേക കുറ്റകൃത്യമായി നിര്‍വചിച്ചുകൊണ്ടുള്ള നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യമാണ് കോടതി മുന്നോട്ടുവെച്ചത്. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരം അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആള്‍ക്കൂട്ട നീതിയുടെ അതിഭീകരമായ പ്രയോഗമാണ് ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളുമെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.

വിദ്വേഷ സന്ദേശ പ്രചാരണങ്ങള്‍ക്ക്് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. വംശം, മതം, ജാതി, ഭാഷ, ജന്മദേശം എന്നിവയുടെ പേരില്‍ ശത്രുത സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള വകുപ്പാണിത്. 153 എക്കു പുറമേ പ്രസക്തമായ മറ്റ് വകുപ്പുകളും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here