Connect with us

National

ഇതാണ് മോദിയുടെ ക്രൂരമായ 'പുതിയ ഇന്ത്യ'; അല്‍വറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ആഞ്ഞടിച്ച് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അല്‍വറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയുടെ ഉദാഹരണമാണ് ഈ ദാരുണ സംഭവമെന്ന് രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

“ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ, മരണാസന്നനായ അക്ബര്‍ ഖാനെ വെറും ആറ് കിലോ മീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലെത്തിക്കാന്‍ ആള്‍വാറിലെ പോലീസുകാര്‍ മൂന്ന് മണിക്കൂറെടുത്തു.
എന്തുകൊണ്ട്? പാതിവഴിയില്‍ അവര്‍ ചായകുടിക്കാനിറങ്ങിയതുകൊണ്ട്. ഇതാണ് മോദിയുടെ ക്രൂരമായ “പുതിയ ഇന്ത്യ”. അവിടെ മനുഷ്യത്വം വെറുപ്പിനാല്‍ പകരംവയ്ക്കപ്പെടുന്നു. ഒപ്പം ആളുകള്‍ ഞെരിച്ചമര്‍ത്തപ്പെടുകയും അവരെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു”- രാഹുല്‍ ട്വീറ്റ് ചെയ്തു.

അല്‍വറിലെ രാംഗഢ് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ആള്‍ക്കൂട്ട കൊലപാതകം നടന്നത്. രണ്ട് പശുക്കളുമായി സുഹൃത്തിനൊപ്പം പോകുന്നതിനിടെയാണ് ഗോരക്ഷാ ഗുണ്ടകള്‍ അക്ബര്‍ ഖാനെ ആക്രമിച്ചത്. ആള്‍ക്കൂട്ട ആക്രമണം നടന്നതായി അര്‍ധരാത്രിയാണ് പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് എത്തുമ്പോള്‍ ക്രൂര മര്‍ദനമേറ്റ് അഖ്ബര്‍ ഖാന്‍ ചെളിയില്‍ കിടക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസ്‌ലം വാങ്ങിയ രണ്ട് പശുക്കളുമായി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഖാന്‍ പോലീസിനോട് പറഞ്ഞിരുന്നു.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് മരണത്തിന് കാരണമായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പോലീസിന്റെ അലംഭാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തുടര്‍ന്ന് നടന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. അക്ബര്‍ ഖാനെ കുളിപ്പിക്കുകയാണ് പോലീസ് ആദ്യം ചെയ്തതെന്ന് പോലീസ് വാഹനത്തില്‍ കയറിയ നവല്‍ കിശോര്‍ എന്നയാള്‍ പറഞ്ഞു. ഇയാള്‍ പശു സംരക്ഷണ സംഘടനയുടെ പ്രവര്‍ത്തകനാണ്. അക്ബറിനെ കയറ്റിയ വാഹനം പിന്നീട് തന്റെ വീടിനടുത്ത് നിര്‍ത്തിയിട്ടുവെന്നും പോലീസും താനും പശുക്കളെ ഗോശാലയിലാക്കാന്‍ പോയെന്നും കിശോര്‍ പറയുന്നു.

പിന്നെ ചായക്കടക്കടുത്തും വാഹനം നിര്‍ത്തി. അതുകഴിഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക്. അവിടെയും ചെലവിട്ടു മണിക്കൂറുകള്‍. രാത്രി 1.20നാണ് പോലീസ് സംഭവ സ്ഥലത്തെത്തി ദേഹമാസകലം മുറിവുമായി അക്ബര്‍ ഖാനെ വാഹനത്തില്‍ കയറ്റുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ നാല് മണി. പ്രാദേശിക ആശുപത്രിയില്‍ നിന്ന് മരണം സ്ഥിരീകരിക്കാനേ ഉണ്ടായിരുന്നുള്ളൂ. സംഭവത്തില്‍ മൂന്ന് പശു ഗുണ്ടകളെ അല്‍വറിലെ ലാല്‍വന്ദി ഗ്രാമത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.

---- facebook comment plugin here -----

Latest