വേനല്‍ വിസ്മയം ഒരുക്കി ഷാര്‍ജ

Posted on: July 23, 2018 4:29 pm | Last updated: July 23, 2018 at 4:29 pm
SHARE

ഷാര്‍ജ: വേനല്‍ച്ചൂടിനെ വെല്ലുന്ന വിരുന്നുകളൊരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഷാര്‍ജ. കലയും വിനോദവും വിജ്ഞാനവും തമാശയും ഒരുപോലെ ഒന്നിക്കുന്ന വിവിധ ക്യാമ്പുകളും ഓഫറുകളുമായി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ‘ഷാര്‍ജ സമ്മര്‍’ പ്രചാരണത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്)യുടെ നേതൃത്വത്തിലാണ് വേനല്‍വിരുന്നുകള്‍ ഒരുങ്ങുന്നത്. ഷാര്‍ജയിലെ കുടുംബങ്ങളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായ അല്‍ ഖസ്ബയില്‍ വേനല്‍ക്കാലത്തും തിരക്കിനു കുറവില്ല.

വൈകുന്നേരങ്ങളിലെ ഇളം കാറ്റും ആസ്വദിച്ചുള്ള ബോട്ട് യാത്രയും വിശ്രമകേന്ദ്രങ്ങളും കുട്ടികള്‍ക്കായുള്ള പാര്‍ക്കുമെല്ലാം ആഘോഷഭരിതമാവുന്നു.
ഇതോടൊപ്പം ആഗസ്ത് പതിനാറു വരെ നീണ്ടു നില്‍ക്കുന്ന, കുട്ടികള്‍ക്കായുള്ള ‘സമ്മര്‍ ക്യാമ്പ്’ ഒരുക്കിയിട്ടുണ്ട്. റോബോട്ടിക്സ്, ഇലക്ട്രോണിക്‌സ്, ത്രീഡി ചിത്രരചന, മൊബൈല്‍ ആപ്പ് രൂപകല്‍പന തുടങ്ങി അറിവിന്റെ പുത്തന്‍ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുന്ന സെഷനുകളാണ് ക്യാമ്പിന്റെ പ്രേത്യേകത. വിദഗ്ധ പരിശീലകരുടെ നേതൃത്വത്തില്‍ ദിവസേനെ മൂന്നു സെഷനുകളായാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. അഞ്ചു മുതല്‍ എട്ടു വരെ പ്രായമുള്ളവര്‍ക്കും എട്ടിന് മുകളില്‍ പ്രായമുള്ളവര്‍ക്കും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിട്ടാണ് പരിശീലനം. മുഴുവന്‍ ദിവസം നീണ്ടു നില്‍ക്കുന്നതും, പകുതി ദിവസം ദൈര്‍ഘ്യമുള്ളതുമായ പരിശീലനത്തിന് പ്രോത്സാഹനമായി സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും. മസ്‌റ അല്‍ ഖസ്ബ തീയറ്ററില്‍ വെച്ച് നേതൃപാടവം, ആശയ വിനിമയം, ലൈഫ് സ്‌കില്‍സ് എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളുമുണ്ട്.

മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍
സാഹസിക സഞ്ചാരികള്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട മെലീഹയിലെ വേനല്‍ക്കാല ആഘോഷങ്ങള്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കും. മരുഭൂമിയിലെ ഉള്‍വഴികളിലൂടെയുള്ള കുതിര സവാരിയാണ് മെലീഹയിലെ ഏറ്റവും പുതിയ വിശേഷം. അസ്തമയ കാഴ്ചകള്‍ ആസ്വദിച്ചു മരുഭൂമിയിലൂടെ കുതിര സവാരി നടത്താനും ഉദയക്കാഴ്ചകള്‍ തേടി മരുഭൂമിയിലൂടെ ഉള്ളറകളിലേക്ക് സഞ്ചരിക്കാനുമുള്ള പ്രേത്യക പാക്കേജുകളുണ്ട്. രാത്രിയില്‍ പ്രകാശപൂരിതമാവുന്ന മരുഭൂമിയിലെ ആകാശം ആസ്വദിച്ചുള്ള രാത്രികാല സവാരിയുമുണ്ട്.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്ക് രാത്രിയാകാശവും വിദൂര നക്ഷത്ര വിസ്മയങ്ങളും പകര്‍ത്താന്‍ പാകത്തിലുള്ള പരിശീലനപരിപാടിയും മെലീഹയുടെ വേനല്‍ക്കാല സമ്മാനമാണ്. ഫോട്ടോഗ്രഫിയോടൊപ്പം കാണുന്ന, പകര്‍ത്തുന്ന കാഴ്ചകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകളും വിദഗ്ധരില്‍ നിന്ന് നേരിട്ടറിയാം.
ഷാര്‍ജയുടെയും യുഎഇയുടെയും നൂറ്റാണ്ടുകള്‍ മുന്‍പുള്ള ജീവിതങ്ങളിലേക്കു വെളിച്ചം വീശുന്ന ചരിത്ര മ്യൂസിയത്തിലെ കാഴ്ചകള്‍, ഡെസേര്‍ട്ട് സഫാരി, സൈക്കിള്‍ റൈഡ്, സാഹസിക സഞ്ചാരാനുഭവങ്ങള്‍, ചരിത്ര ശേഷിപ്പുകളിലൂടെയുള്ള ടൂര്‍ തുടങ്ങി മറ്റനവധി വിശേഷങ്ങളും മെലീഹയിലുണ്ട്.

അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്
വൈവിധ്യമാര്‍ന്ന രുചിയുടെ മേളമൊരുക്കുന്ന വൈകുന്നേരങ്ങളാണ് ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിന്റെ സവിശേഷത. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കുന്ന വര്‍ണാഭമായ ജലധാരയും പാര്‍ക്കും ഇരിപ്പിടങ്ങളും ഖാലിദ് ലഗൂണിന്റെ മനോഹരകാഴ്ചയുമെല്ലാം മജാസിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.
‘ഷാര്‍ജ സമ്മര്‍’ പ്രചരണത്തിന്റെ ഭാഗമായൊരുക്കിയ ‘സമ്മര്‍ സ്പ്ലാഷ് പാര്‍ട്ടി’യാണ് മജാസിലെ വേനല്‍ക്കാല ആകര്‍ഷണം. സമ്മാനപ്പൊതികള്‍, സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരങ്ങള്‍ തുടങ്ങിയ സര്‍പ്രൈസുകള്‍ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. കുട്ടികള്‍ക്കായുള്ള പാര്‍ക്കും ജല വിനോദങ്ങളും ഇവിടെയുണ്ട്. വെള്ളം നിറക്കുന്ന ബലൂണുകളും തോക്കുകളും വില്‍ക്കുന്ന കടകളും കുസൃതികളായ കുട്ടിക്കൂട്ടങ്ങളും ചേരുമ്പോള്‍ അല്‍ മജാസിലെ വൈകുന്നേരങ്ങള്‍ ഉത്സവതുല്യമാണ്. ഖാലിദ് ലഗൂണിലൂടെ ബോട്ട് സവാരി നടത്താനും അവസരമുണ്ട്.

അല്‍ നൂര്‍ ഐലന്‍ഡ്
വേനല്‍ച്ചൂടിലും പച്ചപ്പിന്റെ വിരുന്നൊരുക്കുന്ന മരുഭൂമിയിലെ അത്ഭുതമാണ് ഖാലിദ് ലഗൂണിലെ അല്‍ നൂര്‍ ദ്വീപ്. നഗരമധ്യത്തില്‍ നിലകൊള്ളുന്ന ദ്വീപിനകത്തു വേനല്‍ക്കാലം കടന്നു വരാത്ത വിധം വൃക്ഷങ്ങളും ചെടികളും നിറഞ്ഞിരിക്കുന്നു. അഞ്ഞൂറിലധികം ചിത്രശലഭങ്ങള്‍ കാഴ്ചയൊരുക്കുന്ന ‘ബട്ടര്‍ ഫ്‌ളൈ ഹൗസ്’ ഈ ദ്വീപിനകത്താണുള്ളത്. കോസ്റ്റാറിക്ക, ഫിലിപ്പീന്‍സ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപൂര്‍വയിനം ശലഭങ്ങളെ ഇവിടെ കാണാം. മരത്തടികള്‍ പാകിയ നടപ്പാലവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കളും അപൂര്‍വ വൃക്ഷങ്ങളുമെല്ലാം ദ്വീപിനകത്തെ കാഴ്ചകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
വേനല്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാനും മണിക്കൂറുകളോളം കുടുംബത്തോടൊപ്പം ചിലവഴിക്കാനും അനുയോജ്യമായ ഇടമാണ് അല്‍ നൂര്‍ ദ്വീപ്. കുട്ടികള്‍ക്കായുള്ള ചെറിയൊരു പാര്‍ക്കും കഫെയും ഇതിനകത്തുണ്ട്. കേക്ക് നിര്‍മാണം, പൂന്തോട്ട പരിപാലനം, ഫോട്ടോഗ്രാഫി തുടങ്ങി നിരവധി പ്രേത്യേക പരിപാടികളും വേനല്‍ക്കാല സഞ്ചാരികള്‍ക്കായി ദ്വീപില്‍ ഒരുക്കിയിട്ടുണ്ട്.

ഹാര്‍ട്ട് ഓഫ് ഷാര്‍ജ
നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ അറബ് ജീവിതത്തിലേക്കും പൗരാണിക കച്ചവട ബന്ധങ്ങളിലേക്കും സഞ്ചാരികളെ കൈപിടിച്ച് നടത്തുന്ന ചരിത്ര കേന്ദ്രമാണ് ‘ഹാര്‍ട്ട് ഓഫ് ഷാര്‍ജ’. പേര് അന്വര്‍ഥമാക്കും വിധം ഷാര്‍ജയുടെ ഹൃദയമായ പൈതൃകവും സാംസ്‌കാരിക പാരമ്പര്യവും ഇവിടെ അടുത്തറിയാം. പരമ്പരാഗത രീതിയില്‍ നിര്‍മിച്ച കെട്ടിടങ്ങളും മ്യൂസിയങ്ങളും വേറിട്ട സഞ്ചാരാനുഭവമാണ്.
പുരാതന മാതൃകയില്‍ ഒരുക്കിയിരിക്കുന്ന സൂഖുകളും അവിടത്തെ കച്ചവടവുമാണ് ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വേനല്‍ക്കാല പരിപാടികളുടെ ഭാഗമായി സൂഖുകളില്‍ മുപ്പത്തിയഞ്ചു ശതമാനം വരെ വിലക്കുറവില്‍ ഷോപ്പിംഗ് നടത്താം. മ്യൂസിയങ്ങളിലൂടെയും പുരാതന കെട്ടിടങ്ങളിലൂടെയുമുള്ള പ്രേത്യക ടൂറുകളുമുണ്ട്. ഷാര്‍ജയിലെ മലയാളികളുടെ പ്രധാന കേന്ദ്രമായ റോളയോട് ചേര്‍ന്നാണ് ‘ഹാര്‍ട്ട് ഓഫ് ഷാര്‍ജ’ നിലകൊള്ളുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here