രോഗികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ കുത്തനെ കൂട്ടി; പാവപ്പെട്ട രോഗികള്‍ക്ക് ഇരുട്ടടി

Posted on: July 23, 2018 4:26 pm | Last updated: July 23, 2018 at 4:26 pm

അബുദാബി: സ്‌ട്രെച്ചറില്‍ വിമാനത്തില്‍ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ കുത്തനെ ഉയര്‍ത്തി. മൂന്നിരട്ടിയിലേറെ നിരക്ക് വര്‍ധിപ്പിച്ചത് പാവപ്പെട്ട രോഗികള്‍ക്ക് ഇരുട്ടടിയാകും. നേരത്തെ 7,500 മുതല്‍ പതിനായിരം ദിര്‍ഹം വരെയുണ്ടായിരുന്നത് ഇപ്പോള്‍ 25,000 മുതല്‍ 30,000 ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.

ഈ മാസം 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് നിര്‍ണയിക്കുന്ന വകുപ്പിന്റെ എജിഎം സുനില്‍ ദബാറെ ഒപ്പുവച്ച സര്‍ക്കുലര്‍ നമ്പര്‍ 2933 പ്രകാരമാണ് തീരുമാനം.

രാജ്യാന്തര വിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ നികുതിയും നല്‍കേണ്ടി വരും. ഗള്‍ഫിലെ ചികിത്സാച്ചെലവ് താങ്ങാനാവാത്തതിനാലാണ് രോഗികളെ നാട്ടിലേക്ക് സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നത്. എന്നാല്‍, നിരക്ക് വര്‍ധന പാവപ്പെട്ട രോഗികളെ പ്രതിസന്ധിയിലാക്കും.