വിസ നിയമങ്ങള്‍ മാറുകയാണ്, ഏവര്‍ക്കും നല്ലതിന് വേണ്ടി

Posted on: July 23, 2018 4:23 pm | Last updated: July 23, 2018 at 4:23 pm

യു എ ഇയില്‍ വിസ നിയമങ്ങള്‍ സമൂലമായി മാറുകയാണ്. നിക്ഷേപകരെയും സന്ദര്‍ശകരെയും വിദഗ്ദ്ധ തൊഴിലാളികളെയും ആകര്‍ഷിക്കുന്ന പുതിയ പദ്ധതികള്‍ യു എ ഇ ആവിഷ്‌കരിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും ഇനി പത്തു വര്‍ഷത്തെ വിസ ലഭ്യമാകും. നിലവില്‍, രണ്ടു വര്‍ഷത്തെ വിസയാണ്. ഈ വിസ പുതുക്കുകയാണ് പലരും ചെയ്യുന്നത്. കാലാവധി കഴിഞ്ഞാല്‍ ചിലര്‍ ജോലി മതിയാക്കി പുതിയ രാജ്യം തേടി പോകും. മറ്റു ചിലര്‍ നാട്ടിലേക്ക് മടങ്ങും. ഇത്തരക്കാരെ, മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് യു എ ഇ. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നിക്ഷേപകരെയും വിദഗ്ധരെയും ആകര്‍ഷിക്കാന്‍ പുതിയ നിയമം പര്യാപ്തം. ആരോഗ്യ, ശാസ്ത്ര, ഗവേഷണ രംഗങ്ങളില്‍ മിടുക്കരായ ആളുകള്‍ യു എ ഇ യില്‍ തൊഴില്‍ തേടി എത്തുമെന്നാണ് കരുതുന്നത്. നിക്ഷേപകരും ധാരാളമായി എത്തും.

വാണിജ്യ, വ്യവസായ മേഖലയില്‍, സേവന മേഖലകളില്‍ അവര്‍ മുതലിറക്കും. അത് കമ്പോളത്തിന്റെ സജീവതയ്ക്കു അനിവാര്യം.
ഭരണകൂടത്തിന് ഫീസിനത്തിലും മറ്റും വരുമാനം വര്‍ധിക്കും. നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ മുന്നിലുള്ള രാജ്യമാണ് യു എ ഇ. വൈദ്യുതിയും വെള്ളവും ആശയ വിനിമയ ഉപാധികളും ഇഷ്ടം പോലെ. സ്ഥാപനം തുടങ്ങാനുള്ള അനുമതി പത്രവും വേഗം ലഭിക്കും. ജീവനക്കാര്‍ക്ക് വിസയും മറ്റും ലഭ്യമാകാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട. മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ വഴിയും ലഭിക്കും. അബുദാബി, ദുബൈ, ഷാര്‍ജ എമിറേറ്റുകള്‍ ഇപ്പോള്‍ തന്നെ ലോകത്തിലെ വ്യാവസായിക നഗരങ്ങളുമായി മത്സരിച്ചു മുന്നേറുന്നു. ഇനി റാസ് അല്‍ ഖൈമ, അജ്മാന്‍ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളും കുതിപ്പ് നടത്തും. അതിനുള്ള സാധ്യതകളാണ് പുതിയ വിസ നിയമത്തിലൂടെ സംജാതമാകുന്നത്. മാത്രമല്ല, നിക്ഷേപകര്‍ക്ക് സ്ഥാപനത്തില്‍ പൂര്‍ണമായ അവകാശം വക വെച്ചു കൊടുക്കുകയാണ്. തദ്ദേശീയ വ്യക്തിയുടെ പങ്കാളിത്തം ആവശ്യമെങ്കില്‍ മാത്രം മതി. വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആവേശം പകരുന്ന തീരുമാനമാണ് മന്ത്രിസഭയുടെ ഭാഗത്തു നിന്നുള്ളത്. അഞ്ചു വര്‍ഷത്തെ വിസയാണ് ഇനി അനിവദിക്കുക. ഗവേഷണത്തിലേക്കു തിരിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്തു വര്‍ഷം വരെ തുടരാം. ഇതിനിടയില്‍ തൊഴില്‍ ചെയ്യാം. മാതാപിതാക്കള്‍ നാട്ടിലേക്കു മടങ്ങുകയാണെങ്കില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം യു എ ഇ യില്‍ തുടരാം.
അഞ്ചു വര്‍ഷത്തെ വിസ വിദ്യാര്‍ത്ഥികളില്‍ ആത്മ വിശ്വാസം വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും വിസ നല്‍കുന്നത്. പഠനം അവസാനിക്കുമ്പോള്‍ വിസ റദ് ചെയ്യപ്പെടും. ഇനി വിദ്യാര്‍ത്ഥികള്‍ക്ക് വേറെ വഴി തേടാന്‍ അവസരമുണ്ടാകും.

പുതിയ നിയമം നടപ്പാക്കുന്നതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് പൂര്‍ണ സജ്ജമായി എന്നാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ വാര്‍ത്താ കുറിപ്പ്. പരീക്ഷണാര്‍ത്ഥമാണ് പുതിയ നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. വാണിജ്യ, വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഇടക്കിടെ വിശകലനങ്ങള്‍ നടത്തും. റിപ്പോര്‍ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് സമര്‍പ്പിക്കും.

വിജയകരമാണെങ്കില്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ പ്രതീക്ഷിക്കാം. പരമാവധി വിദേശികളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്. സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കാന്‍ കഴിയുന്ന സാഹചര്യവും ഇപ്പോഴുണ്ട്. മാത്രമല്ല, മാനുഷികമായ തലത്തില്‍ നിന്നു കൊണ്ടാണ് യു എ ഇ ഭരണകര്‍ത്താക്കള്‍ ഇതിനെ നോക്കിക്കാണുന്നത്. പ്രകൃതി ക്ഷോഭം, യുദ്ധം തുടങ്ങിയവ ബാധിച്ച മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷം യു എ ഇ യില്‍ തുടരാന്‍ അനുമതി ഉണ്ടായിരിക്കും. ഇതിന്റെ വിശദാശങ്ങള്‍ താമസിയാതെ വ്യക്തമാക്കും. എന്തു തന്നെ ആയാലും താമസ കുടിയേറ്റ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ക്കു യു എ ഇ തുടക്കം കുറിക്കുകയാണ്.

മുമ്പ്, വേതന സംരക്ഷണ നിയമം മേഖലയില്‍ ആദ്യം കൊണ്ടു വന്നതും യു എ ഇ. ചൂടുകാലത്തു, തുറസായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കു ഉച്ച വിശ്രമ നിയമം ആദ്യം കൊണ്ടു വന്നതും യു എ ഇ. അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്.