അജീഷിന് സാന്ത്വനമായി ഐ സി എഫ്; നാടണയാന്‍ വഴി തെളിയുന്നു

Posted on: July 23, 2018 4:17 pm | Last updated: July 23, 2018 at 4:17 pm
SHARE

ഷാര്‍ജ: ഫെയ്‌സ്ബുക്കിലൂടെ സഹായഭ്യര്‍ഥന നടത്തിയ പത്തനംതിട്ട അടൂര്‍ സ്വദേശി അജീഷിന് നാട്ടില്‍ പോകാനുള്ള വഴി തെളിയുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ ഐ സി എഫ് ഷാര്‍ജ കമ്മിറ്റി പ്രതിനിധികള്‍ ഇയാളെ കണ്ടെത്തുകയും ആവശ്യമായ സഹായം നല്‍കുകയും ചെയ്തു. ആറുമാസമായി ഷാര്‍ജയിലെ പാര്‍ക്കുകളിലും കെട്ടിടങ്ങള്‍ക്ക് അരികുപറ്റിയും കഴിഞ്ഞ അജീഷ് വിശപ്പ് സഹിക്കാന്‍ പറ്റാതെവന്നപ്പോള്‍ വാഹനത്തിനു മുന്നില്‍ചാടി ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്റെ പ്രശ്‌നം മനസ്സിലാക്കിയ ഒരു മൊബൈല്‍ ഷോപ്പ് ജീവനക്കാരനാണ് വീഡിയോ എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇടാനും ആരെങ്കിലും സഹായിക്കുമെന്നും ഉപദേശിച്ചത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ ഷാര്‍ജ ഐ സി എഫ് കമ്മറ്റി ഭാരവാഹികള്‍ നാഷനല്‍ പെയിന്റ് സെക്ടര്‍ കമ്മിറ്റി പ്രതിനിധികള്‍ക്കൊപ്പം ഉടന്‍ തന്നെ അജീഷിനെ ബന്ധപ്പെട്ട് ആവശ്യമായ സഹായം വാഗ്ദാനം നല്‍കി. ഭക്ഷണവും, താമസിക്കാന്‍ ഇടവും ഏര്‍പാടാക്കി. അറിയപ്പെടുന്ന കായിക താരം കൂടിയാണ് അജീഷ്. പത്തനംതിട്ട പെരുനാട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുതവണ ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ സംസ്ഥാന തല ജേതാവായിരുന്നു. അണ്ടര്‍ 17 ജില്ലാ ക്രിക്കറ്റ് ടീം അഗം തുടങ്ങി കായിക മേഖലയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച 33കാരന് ദാരിദ്ര്യം മൂലം പത്താംക്ലാസില്‍വച്ച് പഠനം ഉപേക്ഷിക്കേണ്ടിവന്നു. പ്രതീക്ഷയോടെ കുടുംബം പോറ്റാനാണ് ഒന്നരവര്‍ഷം മുമ്പ് യു എ ഇ ലെത്തിയത്. പുതിയ ജീവിതം സ്വപ്‌നം കണ്ട് ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറ്ററിംഗ് സര്‍വീസില്‍ ജോലിയ്ക്ക് കയറി. എന്നാല്‍ ജീവിതം കരപറ്റിക്കാന്‍ കഴിയാതെ വന്നു. തൊഴില്‍ ഉടമയുമായി സ്വരച്ചേര്‍ച്ച ഉണ്ടായില്ല. അജീഷിന്റെ കാരണം കൊണ്ട് തനിക്ക് നഷ്ടങ്ങളുണ്ടായെന്നാണ് ഇദ്ദേഹം പറയുന്നത്.

തൊഴിലുടമയുമായി ഐ സി എഫ് ഭാരവാഹികള്‍ സംസാരിക്കുകയും ഇയാളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായത് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയുമായിരുന്നു. ഷാര്‍ജ ഐ സി എഫ് പ്രവര്‍ത്തകരായ മൂസ കിണാശേരി, അസീസ് കൊണ്ടോട്ടി, ഷമീര്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മുസ്തഫ പുറക്കാട്ട് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here