Connect with us

National

കര്‍ണാടകയില്‍ മലയാളികളെ ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘം വിലസുന്നു

Published

|

Last Updated

ബെംഗളൂരു:കര്‍ണാടകയില്‍ മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘം വിലസുമ്പോഴും അറുതി വരുത്താനുള്ള ഫലപ്രദമായ നടപടികളില്ല. ഇതിനകം കവര്‍ച്ചക്കാരുടെ വലയില്‍പ്പെട്ട് പണവും മറ്റു രേഖകളും നഷ്ടപ്പെട്ട മലയാളികള്‍ നിരവധിയാണ്. കേരളത്തില്‍ നിന്ന് രാവിലെ മൈസൂരുവിലും ബെംഗളൂരുവിലുമായി ബസ് ഇറങ്ങുന്നവരെ ലക്ഷ്യമിട്ടാണ് കവര്‍ച്ചാ സംഘം വിലസുന്നത്. ബെംഗളൂരുവില്‍ കലാശിപാളയം, കെ ആര്‍ മാര്‍ക്കറ്റ്, സാറ്റലൈറ്റ്, മെജസ്റ്റിക് ബസ്റ്റാന്‍ഡ് പരിസരങ്ങളിലാണ് സംഘം മാരകായുധങ്ങളുമായി വിലസുന്നത്. വിക്‌ടോറിയ ലേ ഔട്ടിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന പാലായിയിലെ വിമല്‍ദേവാണ് ഏറ്റവും ഒടുവില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തിനിരയായത്.

കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുകയായിരുന്ന വിമലിനെ വഴിയില്‍ വെച്ച് രണ്ട് ബൈക്കുകളിലെത്തിയ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി കത്തിയും കൊടുവാളും കാണിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കുകയുമായിരുന്നു. ശേഷം ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയും ചെയ്തു. ആശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗത്തിലെ റേഡിയോഗ്രാഫറാണ് വിമല്‍ദേവ്. സംഭവം സംബന്ധിച്ച് അള്‍സൂര്‍ പോലീസില്‍ പരാതി നല്‍കി.
കലാശിപാളയത്ത് ബസിറങ്ങിയ രണ്ട് മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നസംഭവത്തിന്റെ നടുക്കം വിട്ടുമാറുംമുമ്പാണ് വീണ്ടും സമാന സംഭവമുണ്ടായത്. രണ്ട് ദിവസം മുമ്പെ കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശികളായ നാഫി (19), നൂഹ് (20) എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. നാഫിയുടെ 4000 രൂപയും രണ്ട് മൊബൈല്‍ ഫോണും നൂഹിന്റെ 3000 രൂപയും മൊബൈല്‍ ഫോണുമാണ് സംഘം കവര്‍ന്നത്. ഇലക്‌ട്രോണിക് സിറ്റിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കായി എത്തിയ ഇവര്‍ ബസ് അന്വേഷിച്ചു നടക്കുന്നതിനിടെയാണ് പണവും മൊബൈലും കൊള്ളസംഘം തട്ടിയെടുത്തത്.

ബൈക്കിലെത്തിയ രണ്ട് പേര്‍ തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നും കഞ്ചാവുണ്ടോയെന്ന് പരിശോധിക്കാന്‍ ബേഗ് നല്‍കണമെന്നും ആവശ്യപ്പെട്ടു. മടിച്ചുനിന്നപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ഇവരുടെ കൈയില്‍ നിന്ന് പേഴ്‌സ് വാങ്ങുകയും ശേഷം ബലം പ്രയോഗിച്ച് മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു.
ബെംഗളൂരുവിലെ ചില സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇരുവരും കലാശിപാളയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും നഗരത്തില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ കവര്‍ച്ചക്കിരയായവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്.

സഹോദരന്റെ ചികിത്സക്കായി ബെംഗളൂരുവിലെത്തിയ കോഴിക്കോട് സ്വദേശിയെ ഓട്ടോക്കാരുടെ സഹായത്തോടെ കവര്‍ച്ചാ സംഘം അക്രമിച്ച സംഭവവുമുണ്ടായി. ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്ക് ഇടക്ക് വെച്ച് കയറിയ രണ്ട് പേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചികിത്സാ ആവശ്യത്തിനുള്ള പണവും മൊബൈല്‍ ഫോണും കവര്‍ന്ന് റോഡില്‍ ഇറക്കിവിടുകയുമായിരുന്നു.
കലാശിപാളയത്ത് ബസ്സിറങ്ങി ടാക്‌സിക്കായി കാത്തുനിന്ന മലയാളി യുവാവിനെ ബൈക്കിലെത്തിയ സംഘം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും മോതിരവും കവര്‍ന്നത് ഈയടുത്താണ്. യാത്രക്കാര്‍ക്ക് സ്ഥലപരിചയമില്ലാത്തതും ഭാഷ അറിയാത്തതുമാണ് കവര്‍ച്ചക്കാര്‍ക്ക് സഹായകമാകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള 26 കവര്‍ച്ചാ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 പേര്‍ ആക്രമണത്തിനിരയായി.

കേരളത്തില്‍ നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ കലാശിപാളയത്തും കെ എസ് ആര്‍ ടി സി ബസുകള്‍ മെജസ്റ്റികിലുമാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. സുരക്ഷിതമായ കേന്ദ്രങ്ങളില്‍ ബസുകള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കവര്‍ച്ചക്കാരെ നേരിടാന്‍ ഇടക്കാലത്ത് കലാശിപാളയം പോലീസിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഈ കാലയളവില്‍ കവര്‍ച്ചയും കുറവായിരുന്നു. എന്നാല്‍, പോലീസ് നടപടി അവസാനിച്ചതോടെ ഇപ്പോള്‍ വീണ്ടും സ്ഥിതിഗതികള്‍ പഴയപടിയിലായിരിക്കുകയാണ്.
മലയാളികള്‍ നടത്തുന്ന കടകള്‍ക്ക് നേരെയും അക്രമം പതിവായിട്ടുണ്ട്. മലയാളികള്‍ കൂടുതലായുള്ള മഡിവാള, ഇന്ദിരാനഗര്‍, യെലഹങ്ക എന്നിവിടങ്ങളിലെ ബേക്കറി സ്ഥാപനങ്ങള്‍ക്ക് നേരെയാണ് കൂടുതലായും അക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള നൂറോളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പട്രോളിംഗ് കാര്യക്ഷമമായി നടത്താന്‍ പോലീസ് തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.