Connect with us

Kerala

കുട്ടനാട്ടിലും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകളില്‍ അരലക്ഷം പേര്‍

Published

|

Last Updated

തിരുവനന്തപുരം:ഒരാഴ്ചയിലേറെയായി തുടര്‍ന്ന മഴക്ക് ശമനമായെങ്കിലും മഴക്കെടുതി ആലപ്പുഴ, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ തീര്‍ത്തും ദുരിതത്തിലാക്കി. ഇരുജില്ലകളിലുമായി അരലക്ഷത്തോളം ആളുകളാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ദുരിതംപേറി കഴിയുന്നത്. ഭക്ഷണവും കുടിവെള്ളവുമുള്‍പ്പെടെ അവശ്യ വസ്തുക്കള്‍ പോലും ലഭിക്കാതെ നിരവധി പേര്‍ വെള്ളം നിറഞ്ഞ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇപ്പോഴും കഴിയുന്നുണ്ട്.
ആലപ്പുഴ ജില്ലയില്‍ മൊത്തം ആറ് ലക്ഷം പേരും കുട്ടനാട്ടില്‍ മാത്രം മൂന്നര ലക്ഷം പേരും ദുരിതം അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളവും ഭക്ഷണവുമുള്‍പ്പെടെ അവശ്യവസ്തുക്കളുമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കലക്ടര്‍മാര്‍ വ്യക്തമാക്കി. എന്നല്‍, ദുരിതബാധിതര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ കഴിയത്തത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. എന്നാല്‍, ആവശ്യമെങ്കില്‍ നാവികസേനയുടെ സഹായം തേടുമെന്നും അധികൃതര്‍ പറഞ്ഞു.

ആവശ്യ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കേണ്ട മാവേലി സ്റ്റോറുകള്‍ പലതും വെള്ളം കയറിയരിക്കുന്നുവെന്നതും തടസ്സം സൃഷ്ടിക്കന്നുണ്ട്. പലസ്ഥലത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം തുടര്‍ച്ചയായ ഏഴാം ദിവസവും പൂര്‍ണമായും പുനരാരംഭിച്ചിട്ടില്ല. കുട്ടനാട്ടിലെ ജനങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാര്‍പക്കും കഴിയുന്നില്ല. കോട്ടയം ജില്ലയിലെ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലാണ് മഴക്കെടുതി കൂടുതലായി അനുഭവപ്പെട്ടത്. ഞായറാഴ്ച വീണ്ടും മഴ തുടങ്ങിയതോടെ കടുത്ത ആശങ്കയിലാണ് കോട്ടയത്തെ ജനങ്ങള്‍.
സംസ്ഥാനത്ത് ഈ മാസം 28 വരെ ശക്തമായ മഴക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒപ്പം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലാകാന്‍ സാധ്യതയുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യവടക്കന്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Latest