തന്ത്രി മോഡല്‍ ബ്ലാക്ക് മെയില്‍ തട്ടിപ്പ്: രണ്ട് പ്രതികള്‍ കൂടി റിമാന്‍ഡില്‍

Posted on: July 23, 2018 1:04 am | Last updated: July 23, 2018 at 1:04 am
റിമാന്‍ഡിലായ അക്ബര്‍ ഷായും നസീമയും

കൊടുങ്ങല്ലൂര്‍ : തന്ത്രി മോഡല്‍ ബ്ലാക്ക് മെയില്‍ കേസില്‍ പിടിയിലായ രണ്ട് പ്രതികള്‍ കൂടി റിമാന്‍ഡില്‍. കേസിലെ ഒന്നാം പ്രതി വയനാട് വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ (30), ഇവരുടെ രണ്ടാം ഭര്‍ത്താവ് മൂന്നാം പ്രതി ചാവക്കാട് ബ്ലാങ്ങാട് തറപ്പറമ്പില്‍ അക്ബര്‍ഷായു(33) മാണ് ഇന്നലെ വയനാട് മേപ്പാടിയില്‍ അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി എം കെ പുഷ്‌ക്കരന്റെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്, കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി സി ബിജുകുമാറും ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കേസില്‍ നാല് പ്രതികളെ തൃശൂര്‍ ചേറ്റുപുഴയിലെ വാടക വീട്ടില്‍ നിന്നും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വയനാട്ടിലേക്ക് രക്ഷപ്പെട്ട നസീമയെയും അക്ബര്‍ഷായെയും തേടി പോലീസ് സംഘം ശനിയാഴ്ച്ച വയനാട്ടിലേക്ക് തിരിച്ചിരുന്നു. കൂട്ട് പ്രതികള്‍ പിടിയിലായതറിഞ്ഞ നസീമ തന്റെ ആണ്‍ സൗഹൃദ വലയം ഉപയോഗിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവത്രെ. ഇവരെ കണ്ടെത്തുന്നതിനായി കൊടുങ്ങല്ലൂര്‍ പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഡി വൈ എസ് പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ മഫ്റ്റിയില്‍ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്.
പ്രതികള്‍ സമാനമായ തട്ടിപ്പുകള്‍ നേരത്തെ നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും അക്ബര്‍ഷാ, നസീമയെ ഉപയോഗിച്ച് വാണിഭം നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

ബഹ്‌റൈനില്‍ വെച്ച് കൂട്ടുപ്രതി ഷെമീനയോടൊപ്പം എടുത്ത ഫോട്ടോ തന്ത്ര പൂര്‍വ്വം കണ്ണൂര്‍ സ്വദേശിയെ കാണിച്ച് നസീമ തട്ടിപ്പിനുള്ള കെണിയൊരുക്കുകയായിരുന്നു. ഷെമീനയുടെ ചിത്രം കണ്ട കണ്ണൂര്‍ സ്വദേശിയായ യുവാവ് ഇവരെ തരപ്പെടുത്തിക്കൊടുക്കാന്‍ നസീമയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പതിനായിരം രൂപയാണ് നസീമ യുവാവിനോട് ആവശ്യപ്പെട്ടത്. ഷെമീന കാറിലെത്തിയ ഉടനെ പറഞ്ഞുറപ്പിച്ച പതിനായിരം രൂപ ഇയാള്‍ ഷെമീനക്ക് നല്‍കിയിരുന്നു. പിന്നീട് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് തട്ടിപ്പ് അരങ്ങേറുന്നതും താന്‍ കബളിപ്പിക്കപ്പെട്ടെന്ന് യുവാവിന് മനസ്സിലാകുന്നതും.

സംഭവത്തില്‍ നേരത്തെ ഒരുക്കിയ തിരക്കഥ പ്രകാരം കടന്നുവന്ന ആറാമനായി അപ്പാര്‍ട്ട്‌മെന്റിലെത്തിയ അനീഷ് മധ്യസ്ഥനായി ചമഞ്ഞ് യുവാവിനോട് ഒത്തുതീര്‍പ്പ് സംഖ്യ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് ലക്ഷം നല്‍കണമെന്നും അല്ലെങ്കില്‍ കാര്‍ കൊണ്ട് പോകുമെന്നുമുള്ള ഒത്ത് തീര്‍പ്പ് വ്യവസ്ഥ അംഗീകരിച്ചതോടെയാണ് യുവാവ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രക്ഷപ്പെടുന്നത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് കരഞ്ഞുകൊണ്ടാണ് മൊഴി നല്‍കിയത്.