അവളുടെ ആ കത്ത്, അതിലെ വരികള്‍ അതാണ് ഇനി എന്റെ ജീവിതം; ലിനിയുടെ ഓര്‍മകളെ സാക്ഷിയാക്കി സജീഷ് ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും

Posted on: July 23, 2018 12:54 am | Last updated: July 23, 2018 at 10:04 am
SHARE

കോഴിക്കോട്: ‘ജീവിച്ചു കൊതി തീരാതെയാണ് രണ്ടു കുഞ്ഞു മക്കളെയും എന്നിലേല്‍പ്പിച്ച് കൊണ്ട് ലിനി യാത്രയായത്. ലിനിയുടെ മരണം ഞങ്ങള്‍ക്കുണ്ടാക്കിയ ആഘാതം, ഒറ്റപ്പെടല്‍, മക്കളുടെ ചോദ്യങ്ങള്‍. അറിയില്ലായിരുന്നു എങ്ങനെ അതിജീവിക്കും എന്ന്. പക്ഷെ അവളുടെ ആ കത്ത്, അതിലെ വരികള്‍ അതാണ് ഇനി എന്റെ ജീവിതം എന്ന് ഞാന്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടും തളരാതെ, ലിനിയുടെ ത്യാഗപൂര്‍ണമായ വിടവാങ്ങലില്‍ മനസ്സ് അര്‍പ്പിച്ചുകൊണ്ട് എന്റെ രണ്ടു മക്കളെയും ഹൃദയത്തോട് ചേര്‍ത്തുവച്ച് ലിനിയുടെ ആഗ്രഹങ്ങള്‍ പോലെ അവരെയും കുടുംബത്തെയും ഞാന്‍ സംരക്ഷിക്കുമെന്ന് തീരുമാനിച്ചു’

നിപ്പ ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ വാക്കുകളാണിവ. ലിനിയുടെ ഓര്‍മകള്‍ പെയ്തിറങ്ങുമ്പോഴും തനിക്കൊപ്പം താങ്ങായും കരുത്തായും തണലായും നിന്നവര്‍ക്ക് നന്ദിപറയുകയാണ് സജീഷ്. സജീഷ് ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായാണ് നിയമനം. ഈ അവസരത്തില്‍ ആരോടൊക്കെ നന്ദി പറയണം എന്ന് അറിയില്ലെന്ന് സജീഷ് പറയുന്നു.

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

പ്രിയ സുഹൃത്തുക്കളെ,

എന്നെ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി നിയമിച്ചു കൊണ്ടുളള ഉത്തരവ് വന്നിരിക്കുകയാണ്. തിങ്കളായ്ച്ച ഞാന്‍ ജോലിയില്‍ പ്രവേശിക്കും. ഈ ഒരു അവസരത്തില്‍ ഞാന്‍ ആരോടൊക്കെ നന്ദി പറയണം എന്ന് അറിയില്ല.

ജീവിച്ചു കൊതി തീരാതെയാണ് രണ്ടു കുഞ്ഞു മക്കളെയും എന്നിലേല്‍പ്പിച്ച് കൊണ്ട് ലിനി യാത്രയായത്. ലിനിയുടെ മരണം ഞങ്ങള്‍ക്കുണ്ടാക്കിയ ആഘാതം, ഒറ്റപ്പെടല്‍, മക്കളുടെ ചോദ്യങ്ങള്‍. അറിയില്ലായിരുന്നു എങ്ങനെ അതിജീവിക്കും എന്ന്. പക്ഷെ അവളുടെ ആ കത്ത്, അതിലെ വരികള്‍ അതാണ് ഇനി എന്റെ ജീവിതം എന്ന് ഞാന്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടും തളരാതെ, ലിനിയുടെ ത്യാഗപൂര്‍ണ്ണമായ വിടവാങ്ങലില്‍ മനസ്സ് അര്‍പ്പിച്ചുകൊണ്ട് എന്റെ രണ്ടു മക്കളെയും ഹൃദയത്തോട് ചേര്‍ത്തുവച്ച് ലിനിയുടെ ആഗ്രഹങ്ങള്‍ പോലെ അവരെയും കുടുംബത്തെയും ഞാന്‍ സംരക്ഷിക്കുമെന്ന് തീരുമാനിച്ചു.

ഈ വേര്‍പാടില്‍ എനിക്ക് താങ്ങായ്, ഒപ്പം നിന്ന, എനിക്കും കുടുംബത്തിനും ആത്മധൈര്യം പകര്‍ന്ന ഒട്ടേറെ വ്യക്തിത്വങ്ങള്‍ ഉണ്ട്. ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, ആരോഗ്യവകുപ്പ് മന്ത്രി ബഹു: ശ്രീമതി കെ കെ ശൈലജ ടീച്ചര്‍, ബഹു: കേരള എക്‌സൈസ് & തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ: ടി പി രാമകൃഷ്ണന്‍, ബഹു: യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി .ചിന്ത ജെറോം, ജില്ല ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാനജില്ലാ നേതാക്കള്‍, പേരാംബ്രാ ജബലന്നൂര്‍ ഇസ്ലാമിക് കോളേജ് അദ്ധ്യാപകര്‍ , എന്‍ ജി യോ യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍.

അതുപോലെ തന്നെ സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാര്‍ , കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലിനിയെ പരിചരിച്ച നേഴ്‌സ്മാര്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ലിനി അവസാനമായി ജോലി ചെയ്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ജീവനക്കാര്‍, പന്നികോട്ടൂര്‍ ജഒഇ യിലെ ഡോക്ടര്‍, ജീവനക്കാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ ഇവര്‍ ഞങ്ങള്‍ക്ക് കരുത്തായിരുന്നു.

അതുപോലെ ഞങ്ങളുടെ ഒപ്പം നിന്ന് ഞങ്ങള്‍ക്ക് സാമ്പത്തികമായും മാനസികമായും പിന്തുണ നല്‍കിയ സംഘടനകളും സ്ഥാപനങ്ങളെയും മറക്കാന്‍ പറ്റില്ല. കേരള ഗവ: നഴ്‌സസ് അസോസിയേഷന്‍, െ്രെപവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, അസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളേജ് നഴ്‌സസ് അസോസിയേഷന്‍, ഡോ ജയശ്രീ & അഭിഷേക് ടീം, കാരുണ്യ വാട്‌സപ്പ് കൂട്ടായ്മ, ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍, കാനഡ നഴ്‌സസ് കൂട്ടായ്മ,വൈസ്‌മെന്റ്‌സ് ക്ലബ്ബ് ധര്‍മ്മശാല, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, തോമസ് അഡവര്‍ട്ടൈസിംഗ്,ഒരുമ ബഹ്‌റിന്‍

അതുപോലെ എല്ലാ സപ്പോര്‍ട്ടും തന്ന ദൃശ്യ പത്രമാധ്യമങ്ങള്‍, ഫേസ്ബുക്ക്, വാട്‌സാപ്പ് കൂട്ടുകാര്‍

എല്ലാത്തിനും ഉപരി ഞങ്ങളോടൊപ്പം നിന്ന കുടുംബാംഗങ്ങള്‍ അയല്‍ക്കാര്‍ നാട്ടുകാര്‍ സുഹൃത്തുക്കള്‍ സഹപാഠികള്‍

എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു.

ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഈ സഹോദരനോട് ക്ഷമിക്കുക.

എന്ന് നിങ്ങളുടെ സ്വന്തം
സജീഷ്

LEAVE A REPLY

Please enter your comment!
Please enter your name here