അല്‍വര്‍ ആള്‍ക്കൂട്ടക്കൊലയില്‍ പോലീസിന്റെ കൃത്യവിലോപം; അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചത് നാല് മണിക്കൂര്‍ കഴിഞ്ഞ്

Posted on: July 23, 2018 12:10 am | Last updated: July 23, 2018 at 12:10 am
SHARE

ജെയ്പൂര്‍: രാജസ്ഥാനിലെ അല്‍വറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പശു ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ച അക്ബര്‍ ഖാനെ പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയെങ്കിലും നാല് മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് പറയുന്ന പശുക്കളെ ഗോശാലയിലാക്കാനും പോലീസ് സ്റ്റേഷനില്‍ എത്തി ‘അന്വേഷണം ഏകോപിപ്പി’ക്കാനും ചായ കുടിക്കാനും സമയം കണ്ടെത്തിയ പോലീസ് ഇതെല്ലാം കഴിഞ്ഞാണ് അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും 28കാരന്‍ മരിച്ചിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പോലീസിന്റെ അലംഭാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തുടര്‍ന്ന് നടന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. അക്ബര്‍ ഖാനെ കുളിപ്പിക്കുകയാണ് പോലീസ് ആദ്യം ചെയ്തതെന്ന് പോലീസ് വാഹനത്തില്‍ കയറിയ നവല്‍ കിശോര്‍ എന്നയാള്‍ പറഞ്ഞു. ഇയാള്‍ പശു സംരക്ഷണ സംഘടനയുടെ പ്രവര്‍ത്തകനാണ്. അക്ബറിനെ കയറ്റിയ വാഹനം പിന്നീട് തന്റെ വീടിനടുത്ത് നിര്‍ത്തിയിട്ടുവെന്നും പോലീസും താനും പശുക്കളെ ഗോശാലയിലാക്കാന്‍ പോയെന്നും കിശോര്‍ പറയുന്നു.
പിന്നെ ചായക്കടക്കടുത്തും വാഹനം നിര്‍ത്തി. അതുകഴിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക്. അവിടെയും ചെലവിട്ടു മണിക്കൂറുകള്‍. രാത്രി 1.20നാണ് പോലീസ് സംഭവ സ്ഥലത്തെത്തി ദേഹമാസകലം മുറിവുമായി അക്ബര്‍ ഖാനെ വാഹനത്തില്‍ കയറ്റുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ നാല് മണി. പ്രാദേശിക ആശുപത്രിയില്‍ നിന്ന് മരണം സ്ഥിരീകരിക്കാനേ ഉണ്ടായിരുന്നുള്ളൂ. അതിനിടെ, മൂന്ന് പശു ഗുണ്ടകളെ അല്‍വറിലെ ലാല്‍വന്ദി ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.

അല്‍വറിലെ രാംഗഢ് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ആള്‍ക്കൂട്ട കൊലപാതകം നടന്നത്. രണ്ട് പശുക്കളുമായി സുഹൃത്തിനൊപ്പം പോകുന്നതിനിടെയാണ് ഗോരക്ഷാ ഗുണ്ടകള്‍ അക്ബര്‍ ഖാനെ ആക്രമിച്ചത്. ആള്‍ക്കൂട്ട ആക്രമണം നടന്നതായി അര്‍ധരാത്രിയാണ് പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് എത്തുമ്പോള്‍ ക്രൂര മര്‍ദനമേറ്റ് അഖ്ബര്‍ ഖാന്‍ ചെളിയില്‍ കിടക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസ്‌ലം വാങ്ങിയ രണ്ട് പശുക്കളുമായി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഖാന്‍ പോലീസിനോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here