ഹജ്ജ് വളണ്ടിയര്‍മാര്‍ സേവന സന്നദ്ധരാകണമെന്ന് മന്ത്രി ജലീല്‍

Posted on: July 23, 2018 12:05 am | Last updated: July 23, 2018 at 12:05 am

കൊച്ചി: ഹാജിമാരുടെ സേവനത്തിനായി പുറപ്പെടുന്ന ഹജ്ജ് വളണ്ടിയര്‍മാര്‍ മക്കയിലും മദീനയിലും ഏത് സമയത്തും സേവന സന്നദ്ധരായി നിലകൊള്ളണമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. നെടുമ്പാശ്ശേരിയില്‍ നടന്ന ഹജ്ജ് വളണ്ടിയര്‍മാരുടെ (ഖാദിമുല്‍ ഹജ്ജാജ്) സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം കേരളത്തില്‍ നിന്ന് യാത്രയാകുന്ന 58 വളണ്ടിയര്‍മാരില്‍ മൂന്ന് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഹജ്ജ് വളണ്ടിയര്‍മാരായി വനിതകള്‍ യാത്ര തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നാണ് വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തത്. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മടങ്ങിയെത്തുമ്പോള്‍ ഓരോ വളണ്ടിയര്‍മാരുടെയും കീഴിലുള്ള തീര്‍ഥാടകരില്‍ നിന്നും വളണ്ടിയര്‍മാരുടെ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അവര്‍ ജോലി ചെയ്യുന്ന വകുപ്പ് മേധാവികള്‍ക്ക് കൈമാറുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും ആവര്‍ത്തിച്ച് വളണ്ടിയര്‍മാരായി പോകുന്ന രീതി ഒഴിവാക്കി ആദ്യമായി പോകുന്നവര്‍ക്കാണ് ഇത്തവണ മുഖ്യ പരിഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 55 പേരും ആദ്യമായി വളണ്ടിയറായി യാത്ര തിരിക്കുന്നവരാണ്. ഉംറയോ ഹജ്ജോ നിര്‍വഹിച്ചവരായിക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. തീര്‍ഥാടകര്‍ക്ക് മുന്നില്‍ വളണ്ടിയര്‍മാര്‍ സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും പ്രതിരൂപമാണെന്ന് മറക്കരുതെന്നും അദ്ദേഹം വളണ്ടിയര്‍മാരെ ഓര്‍മിപ്പിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ബാബു സേട്ട്, ശരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍, കൊ ഓര്‍ഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ പ്രസംഗിച്ചു.