ഒ ടി പി നമ്പര്‍ വെളിപ്പെടുത്തരുത്; എ ടി എം തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനെന്ന വ്യാജേനയും വിളിക്കുന്നു
Posted on: July 23, 2018 9:10 am | Last updated: July 22, 2018 at 11:13 pm

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഒ ടി പി നമ്പര്‍ ആര്‍ക്കും കൈമാറരുതെന്ന് സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. ബേങ്കുകള്‍ ഒരിക്കലും ഇത്തരത്തില്‍ ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കാറില്ല. ഫോണിലൂടെ എ ടി എം കാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് യാതൊരു കാരണവശാലും വിവരങ്ങള്‍ നല്‍കരുതെന്ന് പോലീസ് പറഞ്ഞു.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ കാലാവധി തീര്‍ന്നതിനാല്‍ പുതുക്കണമെന്നും റിവാര്‍ഡ് പോയിന്റുകള്‍ റിഡീം ചെയ്യുവാനെന്നുമുള്ള അറിയിപ്പുമായി ബേങ്കില്‍ നിന്നാണെന്ന വ്യാജേനയാണ് ഉപഭോക്താക്കളെ തട്ടിപ്പുകാര്‍ ഫോണില്‍ വിളിക്കുന്നത്. തുടര്‍ന്ന് പേര്, കാര്‍ഡ് നമ്പര്‍, ജനന തീയതി തുടങ്ങിയ ബേങ്കില്‍ നല്‍കിയ സ്വകാര്യ വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് അവരെ വിശ്വാസത്തിലെടുക്കുകയും തുടര്‍ന്ന് വെരിഫിക്കേഷനാണെന്ന് വിശ്വസിപ്പിച്ച് ഫോണില്‍ വരുന്ന ഒ ടി പി കൈക്കലാക്കി തട്ടിപ്പുനടത്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു.

ഇതോടൊപ്പം ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന് വേണ്ടിയാണ് വിളിക്കുന്നതെന്നും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ തുടര്‍ന്ന് ബേങ്ക് അക്കൗണ്ട് ഉപയോഗിക്കാനാകില്ലെന്ന് തെറ്റിദ്ധരിപ്പിച്ചും ഒ ടി പി കൈവശപ്പെടുത്തി ഇവര്‍ പലരില്‍നിന്നും തട്ടിപ്പ് നടത്താറുണ്ട്. ഒ ടി പി നമ്പര്‍ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലെ തുക വിവിധ മൊബൈല്‍ വാലറ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും തുടര്‍ന്ന് വ്യാജ മേല്‍വിലാസങ്ങളിലുള്ള അക്കൗണ്ടുകളിലൂടെ പിന്‍വലിക്കുകയുമാണ് ചെയ്യുന്നത്. കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരും ശ്രദ്ധിക്കണം. ഇത്തരത്തില്‍ പര്‍ച്ചേസ് ചെയ്തവരുടെ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് തുക പിന്‍വലിച്ചതായും പരാതികള്‍ ലഭിച്ചിട്ടുണ്ട്. അംഗീകൃത വൈബ്‌സൈറ്റുകളില്‍ നിന്ന് സൂരക്ഷ ഉറപ്പാക്കി മാത്രമേ പര്‍ച്ചേസ് ചെയ്യാന്‍ പാടുള്ളൂ. കൂടാതെ, സാധനങ്ങള്‍ വാങ്ങുന്ന വെബ്‌സൈറ്റില്‍ കാര്‍ഡിന്റെ വിവരങ്ങള്‍ സേവ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ബേങ്കിംഗ് ഇടപാടുകള്‍ നടത്തുന്നവര്‍ അവരുടെ മൊബൈല്‍ ഫോണില്‍ പരിചയമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും സാഹചര്യത്തില്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി എന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ ട്രാന്‍സാക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരച്ച് (തീയതി, സമയം, തുക, വാലറ്റ് മുതലായവ) ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിന്റെ മറുവശത്ത് കാണപ്പെടുന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യണം അക്കൗണ്ട് ഉള്ള ബേങ്കിലും അതാതു ജില്ലാ സൈബര്‍സെല്ലുമായും ബന്ധപ്പെടുകയും വേണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.