വെളിച്ചെണ്ണയിലെ മായം തടയാന്‍

കേരളത്തില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ മായം തിരിച്ചറിയാന്‍ നടത്തുന്ന അയഡിന്‍ ടെസ്റ്റില്‍ അളവ് 50നു മുകളിലാണ്. 7.5നും 10നും ഇടയില്‍ നില്‍ക്കേണ്ട അളവാണിത്. മായം ചേര്‍ത്ത വെളിച്ചെണ്ണ സ്ഥിരം ഉപയോഗിക്കുന്നതു കൊണ്ട് ഉപഭോക്താക്കളില്‍ കാന്‍സര്‍, തളര്‍വാതം, കരള്‍വീക്കം, ഹൃദയസ്തംഭനം, ശ്വാസതടസം, തലവേദന, കാലിലെ മസിലുകളില്‍ കുഴി പോലെ വരിക, കാഴ്ച കുറയല്‍, കണ്ണില്‍ കൂടുതല്‍ പ്രഷര്‍ എന്നിവ എല്ലാം ഉണ്ടാകാവുന്നതാണ്.
Posted on: July 23, 2018 8:41 am | Last updated: July 22, 2018 at 10:45 pm

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന 85 ശതമാനം വിവിധ ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും മായം കലര്‍ത്തുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. Food Saftey and Standard Authortiy (FSSA) യുടെ ശക്തമായ Food Saftey and Standards (Prohibition and Restrictions on Sales Regulations) act, 2011 മറികടന്നാണ് വ്യാപകമായ മായം ചേര്‍ക്കല്‍ നടക്കുന്നത്. നാഷനല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് കാലിബ്രേഷന്‍ ലബോറട്ടറീസില്‍ പരിശോധിച്ച സാമ്പിളുകളിലാണ് ഭക്ഷ്യഎണ്ണകളിലെ മായം പലപ്പോഴും ആധികാരികമായി കണ്ടുപിടിക്കപെടുന്നത്. അതുകൊണ്ട് തന്നെയാണ് ജനങ്ങള്‍ കൂടുതല്‍ ഭീതിയിലാകുന്നത്.
ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മായം കണ്ടെത്തിയതിന്റെ പേരില്‍ സംസ്ഥാനത്തു വില്‍പന നിരോധിച്ചത് 45 വെളിച്ചെണ്ണ കമ്പനികളെയാണ്.

കേരളത്തിന് അകത്തു നിന്നും സംസഥാനത്തിനു പുറത്തു നിന്നും മായം ചേര്‍ത്ത വെളിച്ചെണ്ണ എത്തുന്നുണ്ട്. പലപ്പോഴും കേരളത്തില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ മായം തിരിച്ചറിയാന്‍ നടത്തുന്ന അയഡിന്‍ ടെസ്റ്റില്‍ അളവ് 50നു മുകളിലാണ്. 7. 5നും 10നും ഇടയില്‍ നില്‍ക്കേണ്ട അളവാണിത്. മായം ചേര്‍ത്ത വെളിച്ചെണ്ണ സ്ഥിരം ഉപയോഗിക്കുന്നതു കൊണ്ട് ഉപഭോക്താക്കളില്‍ കാന്‍സര്‍, തളര്‍വാതം, കരള്‍വീക്കം, ഹൃദയസ്തംഭനം, ശ്വാസതടസം, തലവേദന, കാലിലെ മസിലുകളില്‍ കുഴി പോലെ വരിക, കാഴ്ച കുറയല്‍, കണ്ണില്‍ കൂടുതല്‍ പ്രഷര്‍ ഉണ്ടാകുക, ഗാള്‍ബ്ലാഡ്ഡെര്‍ കാന്‍സര്‍ എന്നിവ എല്ലാം ഉണ്ടാകാവുന്നതാണ്. പലതരം പനകളുടെ കുരുകളില്‍ നിന്നും ആട്ടിയെടുക്കുന്ന പാംഓയിലുകളും ആവണക്കെണ്ണയും എരുമക്കള്ളി എന്ന മെക്‌സിക്കന്‍ കളയിലെ എണ്ണയും പരുത്തി കുരുവില്‍ നിന്നും കിട്ടുന്ന എണ്ണയും ക്രൂഡോയില്‍, പെട്രോളിയം എന്നിവ സ്വേദനം നടത്തി എടുക്കുന്ന പാരഫിന്‍, ഹെക്‌സയിന്‍ എന്നീ മാരക രാസപദാര്‍ഥങ്ങളും, ഫില്‍റ്റര്‍ ചെയ്ത എഞ്ചിന്‍ ഓയില്‍ തുടങ്ങിയവയും വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ മറ്റു പല രാസപദാര്‍ഥങ്ങളും കൂടുതല്‍ എണ്ണ ഊറ്റിയെടുക്കുവാനായി കൊപ്രയുടെ കൂടെ ചേര്‍ക്കുന്നുണ്ടത്രേ.

ഇത്തരം രാസപദാര്‍ഥങ്ങള്‍ ചേര്‍ത്താല്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ കിട്ടേണ്ടടിത്ത് 1.1 ലിറ്റര്‍ കിട്ടുമത്രെ. ഹെക്‌സയിന്‍ ചേര്‍ത്താലും ഈ ഇഫ്ഫക്ട് ലഭിക്കും. ആര്‍ഗമോന്‍ എന്ന മെക്‌സിക്കന്‍ പോപ്പി ചെടിയില്‍ നിന്നെടുക്കുന്ന ഓയില്‍ ചേര്‍ത്താലാണ് മനുഷ്യനില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക. ഇത് ഒരു വിഷ ആല്‍ക്കലോയ്ഡ് ആണ്. ഗാള്‍ബ്ലാഡ്ഡെര്‍ ക്യാന്‍സര്‍, തലവേദന, കാല്‍മസിലില്‍ കുഴികള്‍ രൂപപ്പെടുക, കാഴ്ചശക്തി കുറയല്‍, ട്യൂമര്‍, ഹൃദ്രോഹം എന്നിവക്കെല്ലാം സാധ്യത ഉണ്ട്.
വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്നറിയാന്‍ കലര്‍പ്പുള്ള വെളിച്ചെണ്ണ 30 മിനുട്ട് ഫ്രിഡ്ജില്‍ വെക്കുക. 23- 25 ഡിഗ്രി യില്‍ ശുദ്ധമായ വെളിച്ചെണ്ണ കട്ടിയാകും കലര്‍പ്പ് വേറെ മീതെ പൊങ്ങി കിടക്കും. മായം അറിയാന്‍ മറ്റൊരു വഴി കലര്‍പ്പുള്ള വെളിച്ചെണ്ണ നന്നായി കുലുക്കിയതിന് ശേഷം രണ്ടോ മൂന്നോ മിനുട്ട് ചൂടാക്കുക ചുവന്ന നിറം വന്നാല്‍ ആര്‍ഗോമോന്‍ ഓയില്‍ ഉണ്ടെന്നര്‍ഥം. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മെയിന്‍ ഓഫീസ്, കേരള കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി, തിരുവനന്തപുരത്തു തൈക്കാട് ആണ്. സഹായത്തിനു 0471 2322833, 0471 2322844 എന്നിവ അവരുടെ നമ്പറുകളാണ്.

മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പന തടയാന്‍ അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിക്കണം. നല്ല വെളിച്ചെണ്ണ മാത്രമേ വിപണിയില്‍ ഉള്ളൂ എന്ന് ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണം. മനുഷ്യന്റെ ആരോഗ്യം തകര്‍ക്കുന്ന മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കൊലക്കുറ്റം ലഭിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തുകയും പിടിക്കപ്പെടുന്നവര്‍ രക്ഷപ്പെടാതിരിക്കാന്‍ നിയമത്തിന്റെ പഴുതുകള്‍ അടക്കുകയും വേണം.