അവിശ്വാസത്തിനും അപ്പുറം

പ്രധാനമന്ത്രി സത്യസന്ധനല്ല എന്ന് മുഖത്തു നോക്കി പറയുന്നത് കേട്ടിരിക്കേണ്ടിവന്നു നരേന്ദ്ര മോദിയ്ക്ക്. സത്രീകളെ, ദളിതുകളെ, ന്യൂനപക്ഷങ്ങളെ സംഘ്പരിവാര്‍ പിന്തുണയുള്ള അക്രമിക്കൂട്ടം അടിച്ചുകൊല്ലുമ്പോള്‍ മൗനം കൊണ്ട് പിന്തുണക്കുകയാണെന്ന ആരോപണം സഹിച്ചിരിക്കേണ്ടി വന്നു. 35,000 കോടി രൂപ പൊതുമേഖലാ ബേങ്കുകള്‍ക്ക് കുടിശ്ശിക വരുത്തിയ വ്യവസായി സുഹൃത്തിന് 45,000 കോടിരൂപയുടെ കരാര്‍ കൈമാറിയതിന്റെ താത്പര്യമെന്തെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കേണ്ടിവന്നു. ഫ്രഞ്ച് കമ്പനിയുമായുള്ള കരാര്‍ പുതുക്കിയപ്പോള്‍ പോര്‍ വിമാനങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് മുന്നില്‍ പ്രതിരോധ കരാറുകളിലെ രഹസ്യം സൂക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന സാങ്കേതികത്വം പറഞ്ഞ് തടിയൂരേണ്ടി വന്നു. ബി ജെ പിയുടെ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി, പൊടുന്നനെ കൂറ്റന്‍ ലാഭമുണ്ടാക്കിയത് എങ്ങനെ എന്ന ചോദ്യത്തെ, മറുപടി പറയാനില്ലാത്തതുകൊണ്ട്, അവഗണിക്കേണ്ടി വന്നു.
Posted on: July 23, 2018 10:37 am | Last updated: July 22, 2018 at 10:40 pm
SHARE

മ്പത്തിയാറിഞ്ച് നെഞ്ചളവ് ഉദ്‌ഘോഷിച്ച കരുത്തന്‍ പതറിപ്പോയോ? ശബ്ദ നിയന്ത്രണം കൊണ്ടും വാഗ് പ്രയോഗത്തിലെ ചടുതല കൊണ്ടും മാന്ത്രികാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്ന കഴിവിന് മങ്ങലേറ്റുവോ? അവാസ്തവങ്ങളെ വാസ്തവ പ്രതീതി ജനിപ്പിക്കും വിധത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മികവ് ഇല്ലാതായോ? ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാറിന്റെയും അതില്‍ പരമാധികാരിയായ നരേന്ദ്ര മോദിയുടെയും വിശ്വാസ്യതയും സത്യസന്ധതയും ചോദ്യംചെയ്യപ്പെട്ടപ്പോള്‍ മറുപടി ഇല്ലാതായോ? അവിശ്വാസ പ്രമേയത്തിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച അവസാനിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളാണിത്. ഇത് തന്നെയാണ് 2019 ഏപ്രില്‍ – മെയ് മാസങ്ങളിലായി നടക്കേണ്ട (2018 അവസാനത്തിലും നടക്കാം) പൊതുതെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കാന്‍ ഇടയുള്ള ഒരു ഘടകം.

അവിശ്വാസ പ്രമേയം അംഗീകരിപ്പിക്കാന്‍ തക്ക അംഗബലം ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നില്ല. പ്രതിപക്ഷം എത്രത്തോളം യോജിച്ചു നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍ മാത്രമേ പ്രമേയചര്‍ച്ചയും അതിന്‍മേലുള്ള വോട്ടിംഗും സഹായിക്കുമായിരുന്നുള്ളൂ. ഒഡീഷയില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി ജെ ഡി) അംഗങ്ങളുടെ ബഹിഷ്‌കരണവും തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) അംഗങ്ങളുടെ ബി ജെ പി പിന്തുണയും ഒഴിച്ചുനിര്‍ത്തിയാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചുനിന്നു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) ആകയാലും അവരുടെ ആക്ഷേപങ്ങള്‍ പരോക്ഷമായി തെലങ്കാനയെ കേന്ദ്രീകരിക്കുന്നതിനാലും തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നത് ഏറെക്കുറെ ഉറപ്പുമായിരുന്നു. അവരുടെ ബഹിഷ്‌കരണം ബി ജെ പിയെ തുണക്കുന്നതാണെന്ന് പറയുക വയ്യ. അതേസമയം കാല്‍നൂറ്റാണ്ടിലേറെയായി ബി ജെ പിയുടെ സഖ്യശക്തിയായി തുടരുന്ന ശിവ സേന, സഭ ബഹിഷ്‌കരിച്ചത് ബി ജെ പിക്ക് നേരിട്ട ചെറുതല്ലാത്ത തിരിച്ചടിയാണ്. ഭരണത്തില്‍ പങ്കാളിയായിരിക്കുന്ന പാര്‍ട്ടിക്ക് പോലും വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാറാണിതെന്ന സന്ദേശമാണ് ബഹിഷ്‌കരണത്തിലൂടെ ശിവസേന നല്‍കിയത്. ഇത്രയുമായിട്ടും അവരെ എന്‍ ഡി എയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം ബി ജെ പിക്ക് ഇല്ലാതെ പോകുമ്പോള്‍, സ്വന്തം ശക്തി ചോര്‍ന്നുപോയിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് ആ പാര്‍ട്ടിയും ‘കരുത്ത്’ അവകാശപ്പെടുന്ന നരേന്ദ്ര മോദി – അമിത് ഷാ ദ്വന്ദ്വവും. അതും ഈ അവിശ്വാസ ചര്‍ച്ചയുടെ പാര്‍ശ്വഫലമാണ്.

ദുര്‍ബലനായ, പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ത്രാണിയില്ലാത്ത നേതാവ് എന്ന വിശേഷണങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂര്‍ണമായി മറികടക്കുന്ന കാഴ്ചയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കണ്ടു. നരേന്ദ്ര മോദിയുടെ കരുത്തനായ നേതാവെന്ന സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയെ കീറിയെറിയാന്‍ പാകത്തിലുള്ള നേതാവായി വളര്‍ന്നിരിക്കുന്നുവെന്ന് തെളിയിക്കുകയായിരുന്നു രാഹുല്‍. കെട്ടുകാഴ്ചകളിലൂടെ അരങ്ങ് സ്വന്തമാക്കുന്ന നരേന്ദ്ര മോദിയുടെ പതിവുകള്‍ക്ക് (പാര്‍ലിമെന്റ് കവാടത്തിലെ നമസ്‌കാരം, സ്വന്തം പേര് അച്ചടിച്ച കോട്ട്, ചൈനയുടെ പ്രസിഡന്റുമൊത്തുള്ള ഊഞ്ഞാലാട്ടം, തെരുവ് വൃത്തിയാക്കാന്‍ ചൂലെടുക്കല്‍, യോഗാഭ്യാസ പ്രകടനം തുടങ്ങി പലത്) അതേ രീതിയില്‍ മറുപടി നല്‍കാന്‍ യാതൊരു പ്രായസവുമില്ലെന്ന്, പ്രസംഗ ശേഷം പ്രധാനമന്ത്രിയെ ആശ്ലേഷിക്കാന്‍ എത്തിയതിലൂടെ, അതിലൂടെ സൃഷ്ടിച്ച അമ്പരപ്പിലൂടെ, കണ്‍ചിമ്മിയുള്ള പരിഹാസത്തിലൂടെ രാഹുല്‍ കാണിച്ചുകൊടുത്തു. ആരോപണങ്ങളുടെയും മറുപടികളുടെയും കനം തൂക്കി നോക്കി നേട്ടമുണ്ടാക്കിയത് ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അരങ്ങ് സ്വന്തമാക്കിയത് രാഹുലാണെന്നതില്‍ തര്‍ക്കമില്ല. അവിശ്വാസ പ്രമേയ ചര്‍ച്ച സംവാദ വിഷയമാകുമ്പോള്‍ ജനമനസ്സില്‍ ആദ്യമെത്തുക രാഹുലിന്റെ പ്രകടനമായിരിക്കുമല്ലോ!

അവിശ്വാസ പ്രമേയത്തിന് പാര്‍ലിമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചര്‍ച്ച അനവദിക്കാതിരുന്ന സര്‍ക്കാര്‍ (സാങ്കേതികമായി സ്പീക്കറാണ്) ഈ സമ്മേളനത്തില്‍ ചര്‍ച്ചയാകാമെന്ന് തീരുമാനിച്ചതിന്റെ കാരണമെന്താണ്? അവിശ്വാസ പ്രമേയം അംഗീകരിക്കാത്തതില്‍ പ്രതിഷേധമുയരുന്നത് സഭയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നത് ഒഴിവാക്കുകയും നിയമ നിര്‍മാണ പ്രക്രിയ വിഘ്‌നമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക എന്ന സദുദ്ദേശ്യമാണെന്നാണ് ബി ജെ പിയുടെ വാദം. അത്ര നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്നതാണ് ഈ സര്‍ക്കാറെന്നും അതിനെ തുണക്കുന്ന സംഘ്പരിവാറെന്നും വിശ്വസിക്കുക പ്രയാസം. ഡിസംബറില്‍, പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പാര്‍ലിമെന്റിന്റെ അവസാന സമ്മേളനമായിരിക്കുമിത് (അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാനൊരു ചെറിയ സമ്മേളനം നടന്നേക്കാം). ഇനിയൊരു ബലപരീക്ഷണത്തിന് പാര്‍ലിമെന്റ് വേദിയാകില്ലെന്നിരിക്കെ, അവിശ്വാസം ചര്‍ച്ചക്കെടുത്ത് ശബ്ദഘോഷം ആവര്‍ത്തിച്ച്, താനൊഴിഞ്ഞുണ്ടോ നേതാവീ ത്രിഭുവനത്തിങ്കലെന്ന പ്രതീതി സൃഷ്ടിക്കുക എന്നത് നരേന്ദ്ര മോദി ഉദ്ദേശിച്ചിരിക്കണം. കണ്ടില്ലേ എത്ര ദുര്‍ബലമാണീ പ്രതിപക്ഷം എന്നും എത്ര ദുര്‍ബലമാണ് അതിന്റെ നേതൃത്വം എന്നും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പറയാന്‍ പാകത്തിലൊരു അവസ്ഥ അവിശ്വാസപ്രമേയ ചര്‍ച്ചക്കൊടുവിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കണം. രാഹുല്‍ ഗാന്ധിയുടെ പ്രകടനവും പ്രതിപക്ഷപാര്‍ട്ടികള്‍ പൊതുവില്‍ യോജിച്ചതും അതൊക്കെ ഇല്ലാതാക്കി.

പാര്‍ലിമെന്ററി ജീവിത്തില്‍ (മുഖ്യമന്ത്രിയായി തുടങ്ങി പ്രധാനമന്ത്രിയായി തുടരുന്ന) ഒരിക്കല്‍പ്പോലും ഇത്ര തീഷ്ണമായ ആക്രമണം നരേന്ദ്ര മോദി നേരിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് നിയമസഭയില്‍ അദ്ദേഹം വിരളമായേ എത്തിയിട്ടുള്ളൂ. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കിയും കഴിയുമെങ്കില്‍ ഒന്നാകെ സസ്‌പെന്‍ഡ് ചെയ്തും ജനാധിപത്യത്തെ ‘പുഷ്‌കലമാക്കിയ’ സ്പീക്കര്‍മാരുണ്ടായിരുന്നതിനാല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല അക്കാലത്ത്. മുഖത്ത് നോക്കി സംസാരിച്ചവര്‍ തന്നെ വിരളം (സംസ്ഥാന ബി ജെ പിയിലെ നേതാക്കള്‍ പോലുമില്ല). പ്രധാനമന്ത്രിയായതിന് ശേഷം പാര്‍ലിമെന്റിലും സ്ഥിര സാന്നിധ്യമായിരുന്നില്ല. ആരാലും ചോദ്യംചെയ്യപ്പെടാത്ത, മുഖത്തുനോക്കി വിമര്‍ശിക്കാന്‍ ആരും ധൈര്യപ്പെടാത്ത നേതാവെന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ ഇക്കാലം വരെ സാധിക്കുകയും ചെയ്തു. അതിനൊരു വിരാമമിടുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ചെയ്തത്.

നരേന്ദ്ര മോദി വിമര്‍ശനശരങ്ങളുടെയും ആരോപണങ്ങളുടെയും മുഖ്യ ലക്ഷ്യമായി. പ്രധാനമന്ത്രി സത്യസന്ധനല്ല എന്ന് മുഖത്തു നോക്കി പറയുന്നത് കേട്ടിരിക്കേണ്ടിവന്നു നരേന്ദ്ര മോദിയ്ക്ക്. സത്രീകളെ, ദളിതുകളെ, ന്യൂനപക്ഷങ്ങളെ സംഘ്പരിവാര്‍ പിന്തുണയുള്ള അക്രമിക്കൂട്ടം അടിച്ചുകൊല്ലുമ്പോള്‍ മൗനം കൊണ്ട് പിന്തുണക്കുകയാണെന്ന ആരോപണം സഹിച്ചിരിക്കേണ്ടി വന്നു. 35,000 കോടി രൂപ പൊതുമേഖലാ ബേങ്കുകള്‍ക്ക് കുടിശ്ശിക വരുത്തിയ വ്യവസായി സുഹൃത്തിന് 45,000 കോടിരൂപയുടെ കരാര്‍ കൈമാറിയതിന്റെ താത്പര്യമെന്തെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കേണ്ടിവന്നു. ഫ്രഞ്ച് കമ്പനിയുമായുള്ള കരാര്‍ പുതുക്കിയപ്പോള്‍ പോര്‍ വിമാനങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് മുന്നില്‍ പ്രതിരോധ കരാറുകളിലെ രഹസ്യം സൂക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന സാങ്കേതികത്വം പറഞ്ഞ് തടിയൂരേണ്ടി വന്നു. ബി ജെ പിയുടെ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി, പൊടുന്നനെ കൂറ്റന്‍ ലാഭമുണ്ടാക്കിയത് എങ്ങനെ എന്ന ചോദ്യത്തെ, മറുപടി പറയാനില്ലാത്തതുകൊണ്ട്, അവഗണിക്കേണ്ടി വന്നു.

കള്ളപ്പണം തടയാനും കള്ളനോട്ട് ഇല്ലാതാക്കാനും ഭീകരവാദ സംഘടനകളുടെ സാമ്പത്തിക പിന്‍ബലം തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളുടെയാകെ സമ്പാദ്യം പിടിച്ചെടുക്കും വിധത്തിലുള്ള നടപടി, കോടിക്കണക്കായ ആളുകളെ മാസങ്ങളോളം ദുരിതത്തിലേക്ക് തള്ളിവിട്ടു. ചെറുകിട – ഇടത്തരം വ്യാപാര – വ്യവസായ സ്ഥാപനങ്ങള്‍ അന്ന് നേരിട്ട പ്രതിസന്ധിയുടെ ആഘാതം ഇപ്പോഴും തുടരുന്നുണ്ട്. കാര്‍ഷിക മേഖല അതിന്റെ കെടുതിയില്‍ നിന്ന് ഇനിയും പൂര്‍ണമായി മോചിതമായിട്ടില്ല. ഇത്രയും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ച തീരുമാനം എന്ത് നേട്ടമാണ് സമ്മാനിച്ചതെന്ന ചോദ്യത്തിന് യാതൊരു മറുപടിയുമുണ്ടായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. വിപ്ലവകരമായ നടപടിയെന്ന് വിശേഷിപ്പിച്ച തീരുമാനം ഫലമൊന്നുമുണ്ടാക്കിയില്ലെങ്കില്‍ അത് തുറന്നു പറയാനുള്ള ബാധ്യതയുണ്ട് പ്രധാനമന്ത്രി സ്ഥാനത്തിന്. ആ സ്ഥാനത്തിരിക്കുമ്പോള്‍ നരേന്ദ്ര മോദിക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ഒന്നര മണിക്കൂറിലധികം സമയമെടുത്ത് പറഞ്ഞ മറുപടിയില്‍, നാലര വര്‍ഷം കൊണ്ട് പതിനെണ്ണായിരം ഗ്രാമങ്ങളെ വൈദ്യൂതീകരിച്ചതും കക്കൂസുകള്‍ നിര്‍മിച്ച് നല്‍കിയതും സാധാരണക്കാര്‍ക്ക് ബേങ്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കിയതുമൊക്കെ നേട്ടങ്ങളായി പറഞ്ഞിട്ട്, ‘ഡിമോണിറ്റൈസേഷന്‍’ എന്ന വാക്ക് ഒരിക്കല്‍പ്പോലും പറയാതിരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് സത്യസന്ധതയില്ലെന്നത് ആരോപണം മാത്രമല്ലാതാകുകയാണ്.

അവിശ്വാസം രേഖപ്പെടുത്തുന്നവര്‍ക്ക്, സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തി മറുപടി നല്‍കാനെടുത്തതിലും കൂടുതല്‍ സമയം നരേന്ദ്ര മോദി എടുത്തത് മുന്‍കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകളെ കുറ്റപ്പെടുത്താനും രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെ ആക്രമിക്കാനുമായിരുന്നു. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തി, പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് സ്വയം സമ്മതിക്കുകയാണ് ഇവിടെ നരേന്ദ്ര മോദി. അതുകൊണ്ടാണ് എതിരാളിയുടെ ചരിത്രം ചികയാന്‍ മെനക്കെടുന്നത്. രാഹുലിനെയും കുടുംബത്തെയും പരിഹസിക്കാന്‍ കൂടുതല്‍ സമയം ചെലവിടുമ്പോള്‍, എതിരാളി ശക്തനാണെന്ന് അംഗീകരിക്കുകയാണ് നരേന്ദ്ര മോദി.

അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ നരേന്ദ്ര മോദി – അമിത് ഷാ സഖ്യം ലക്ഷ്യമിട്ടത് നടന്നില്ല എന്ന് മാത്രമല്ല, പ്രതിപക്ഷസഖ്യം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നത് കൂടിയാണ് സംഭവിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ അത് ശരിയായി തിരിച്ചറിയുന്നുണ്ടോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഈ അന്തരീക്ഷത്തെ മറികടക്കാന്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വിത്തിടാന്‍ സംഘപരിവാരം ശ്രമിക്കുമോ എന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here