മഴക്കെടുതി മറികടക്കാന്‍

Posted on: July 23, 2018 9:00 am | Last updated: July 22, 2018 at 10:29 pm
SHARE

മഴ അല്‍പ്പം ശമിച്ചെങ്കിലും മധ്യ കേരളത്തിലെ ദുരിതത്തിന് അറുതിയായിട്ടില്ല. മടവീഴ്ചയില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചു പോയത്. വീടുകളില്‍ നിന്ന് വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല. പല വീടുകളും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കുടിവെള്ള ക്ഷാമമാണ് ഏറ്റവും വലിയ പ്രതിസന്ധി. ശൗചാലയങ്ങള്‍ ഉപയോഗ ശൂന്യമായത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. തകര്‍ന്നടിഞ്ഞ റോഡുകള്‍ നേരെയാക്കാന്‍ മാസങ്ങള്‍ തന്നെയെടുക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും അവിടെ ഭക്ഷണവും മറ്റും എത്തിക്കാനും സര്‍ക്കാര്‍ സംവിധാനം കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും തികയാത്തത്ര വ്യാപ്തിയേറിയതാണ് ദുരിതം. വെള്ളമിറങ്ങുന്നതിന് പിറകേ പകര്‍ച്ച വ്യാധികള്‍ കയറി വരുമോയെന്ന ഭീതിയും ശക്തമാണ്. ആലപ്പുഴയിലെയും കോട്ടയത്തെയും ക്യാമ്പുകളില്‍ കഴിയുന്നത് നാല്‍പ്പതിനായിരത്തോളം പേരാണ്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയിരിക്കുന്നു. അസാധാരണമായ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കേന്ദ്ര മന്ത്രി സമ്മതിച്ചിട്ടുണ്ട്. കേരളത്തിന് 80 കോടി രൂപ അടിയന്തിര സഹായം അനുവദിച്ചതായും മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ഉദ്യോഗസ്ഥ സംഘമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് 280 കോടി രൂപ ദുരിതാശ്വാസ വിഹിതമായി നീക്കി വെച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് അടിയന്തിര സാഹായമായി 80 കോടി അനുവദിച്ചിട്ടുള്ളത്. പത്ത് ദിവസത്തിനകം കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി, നീതി ആയോഗ്, കൃഷി, ഗതാഗതം തുടങ്ങിയ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഈ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്നാണ് അദ്ദേഹം നല്‍കുന്ന ഉറപ്പ്. കേരളത്തിലെ ജനപ്രതിനിധികള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വൈകിയെന്ന ആക്ഷേപം ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, 831.1 കോടി രൂപയുടെ കേന്ദ്ര സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. കനത്ത മഴയില്‍ വിവിധ ജില്ലകളിലായി 55007 ഹെക്ടര്‍ കൃഷി സ്ഥലമാണ് വെള്ളത്തിനടിയിലായത്. നൂറു കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 116 മരണങ്ങളാണ് സംഭവിച്ചത്. കനത്ത മഴയില്‍ 965 ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു. മധ്യകേരളത്തില്‍ 50 ശതമാനം റോഡുകളും തകര്‍ന്നു. ഇവയുടെ അറ്റകുറ്റപ്പണിക്കായി 3000 കോടി രൂപ അടിയന്തരമായി വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഈ സീസണില്‍ ഇരുപത് ശതമാനം അധിക മഴ പെയ്തുവെന്നാണ് കണക്ക്. വലിയ പേമാരിയാണ് ഉണ്ടായതെന്ന് പറയാനാകില്ല. പ്രളയമെന്ന് ഇതിനെ വിശേഷിപ്പിക്കാനുമാകില്ല. ഇത്തവണ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുള്ള പെയ്ത്താണ് ഉണ്ടായതെന്ന് തീര്‍പ്പിലെത്താന്‍ വിദഗ്ധര്‍ തയ്യാറാകുന്നുമില്ല. അത്‌കൊണ്ട് മഴക്കെടുതിയെന്ന പ്രയോഗം തന്നെ തെറ്റാണ്. സാധാരണയില്‍ കവിഞ്ഞ മഴ ലഭിച്ചുവെന്നേ പറയാനാകുകയുള്ളൂ. അതാകട്ടെ വൈദ്യുതിയടക്കമുള്ള മേഖലകളില്‍ ഏറെ ആശ്വാസകരവുമാണ്. ഇവിടെ പ്രശ്‌നം ദുരന്ത നിയന്ത്രണ, നിവാരണ സംവിധാനങ്ങളില്‍ നാം എവിടെ നില്‍ക്കുന്നുവെന്നതാണ്. മഴക്കാലം കേരളത്തിന് ഒട്ടും അപ്രതീക്ഷിതമായ ഒന്നല്ല. അതിന്റെ തോതിലേ വ്യത്യാസമുള്ളൂ. അത്‌കൊണ്ട് മുന്നൊരുക്കങ്ങള്‍ക്ക് നല്ല സമയം ലഭിക്കുന്നുണ്ട്. നീര്‍ച്ചാലുകളും സ്വാഭാവിക ജല സംഭരണികളും മാലിന്യ മുക്തമാക്കി വെള്ളം ഉള്‍ക്കൊള്ളാന്‍ സജ്ജമാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കൈത്തോടുകള്‍ മുതല്‍ പുഴകളും കുളങ്ങളും വരെ പ്രധാനമാണ്. മഴയെ കണക്കിലെടുത്തുള്ള നഗര ആസൂത്രണത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കൊച്ചിയടക്കം ഏത് നഗരവും നല്ലൊരു മഴ പെയ്താല്‍ വെള്ളക്കെട്ടാകാവുന്ന സ്ഥിതിയിലാണുള്ളത്. വെള്ളം ഒഴിഞ്ഞു പോകുന്നതിനും മണ്ണിലിറങ്ങുന്നതിനും പാകമായ വികസന പ്രവര്‍ത്തനങ്ങളല്ല നടക്കുന്നതെങ്കില്‍ ഈ സ്ഥിതി തുടരും; മഴയെ പഴിച്ചിട്ട് ഒരു കാര്യവുമുണ്ടാകില്ല.

മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും മഴയുടെ പ്രഭാവം വ്യത്യസ്തമായതിനാല്‍ ഓരോയിടത്തേക്കും പാകമായ മുന്‍ കരുതല്‍ കൈകൊള്ളണം. വ്യവസ്ഥാപിതമായ ദുരന്ത നിവാരണ സംവിധാനം ഇവിടെയില്ലെന്ന് തന്നെ പറയാം. ഒരു സുപ്രഭാതത്തില്‍ സൃഷ്ടിച്ചു കളയാവുന്ന ഒന്നല്ല അത്. സംസ്ഥാന സര്‍ക്കാറിന് മാത്രമായി സാധ്യമായതുമല്ല. കേന്ദ്ര സഹായം പ്രധാനം തന്നെയാണ്. എന്നാല്‍ അതിനാവശ്യമായ നയപരമായ തീരുമാനങ്ങളും മുന്‍കൈയും ഉണ്ടാകേണ്ടത് ഇവിടെ നിന്നാണ്. ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ഒരുക്കണം. കൃത്യമായ പരിശീലനം സിദ്ധിച്ചവരെ സജ്ജമാക്കണം. നേതൃത്വം നല്‍കാന്‍ ഭാവിയെക്കുറിച്ച് കാഴ്ചപ്പാടുള്ള വിദഗ്ധര്‍ വേണം. ഇത്തരത്തില്‍ സുസജ്ജമായ ദുരന്ത നിവാരണ സംവിധാനം ഇവിടെയുണ്ടെങ്കില്‍ എന്‍ ഡി ആര്‍ എഫിനെ കാത്ത് നില്‍ക്കേണ്ട ഗതികേട് ഉണ്ടാകില്ല. മഴയായാലും വെയിലായാലും പകര്‍ച്ച വ്യാധിയായാലും പ്രശ്‌നത്തിന്റെ അവസാന മണിക്കൂറില്‍ തട്ടിപ്പിടഞ്ഞ് എഴുന്നേല്‍ക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവെപ്പുകളാണ് വേണ്ടത്. അപ്പോള്‍ മഴ ഒരു കെടുതിയല്ലാതാകും.