ബി ജെ പിയെ കൂട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ്; സഖ്യം ഉറപ്പിച്ച് പടയോട്ടം

പ്രാദേശിക സഖ്യങ്ങള്‍ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി
Posted on: July 22, 2018 11:18 pm | Last updated: July 22, 2018 at 11:18 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളോട് അടക്കം വിശാല സഖ്യമുണ്ടാക്കി ബി ജെ പിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനം. സഖ്യത്തെ കുറിച്ച് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. ബി ജെ പിയെ ചെറുക്കാന്‍ സഖ്യ രാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി. യി പി എ അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യത്തിനൊത്ത് സഖ്യങ്ങള്‍ തീരുമാനിക്കും. സഖ്യ നീക്കം വിജയിക്കണമെങ്കില്‍ വിട്ടുവീഴ്ചാ മനോഭാവം ആവശ്യമാണെന്നും സോണിയ വ്യക്തമാക്കി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെയും സംഘ്പരിവാര്‍ സംഘടനകളെയും തോല്‍പ്പിക്കാന്‍ തന്ത്രപ്രധാനമായ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണ്. നേതാക്കള്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ ഒഴിവാക്കണമെന്നും സോണിയ നിര്‍ദേശിച്ചു. നിരാശയും ഭയവും നിറക്കുന്ന ഭരണത്തിന്‍ കീഴിലാണ് രാജ്യത്തെ പാവപ്പെട്ടവര്‍. ജനാധിപത്യം അടിയറവെക്കുന്ന അപകടകരമായ ഭരണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നും സോണിയ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ 12 സംസ്ഥാനങ്ങളില്‍ നിന്ന് 150 സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം പറഞ്ഞു. പ്രാദേശിക സഖ്യത്തിലൂടെ ബാക്കി സീറ്റുകളില്‍ വിജയിക്കാനാകും. ബൂത്ത് തലം മുതല്‍ സംഘടന ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

വിശാല സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ പ്രസ്താവനകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ നേതാക്കളോട് രാഹുല്‍ ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗും ബി ജെ പിക്കതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചു. രാജ്യപുരോഗതിക്കും സാമ്പത്തിക വളര്‍ച്ചക്കും വേണ്ട നയങ്ങള്‍ക്ക് പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയെ ഒറ്റക്ക് പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എയിലെ കക്ഷികള്‍ക്ക് പുറമെയാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുക. ഓരോ സംസ്ഥാനത്തെയും പൊതു രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാകും ഇക്കാര്യത്തില്‍ തീരുമാനമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവര്‍ത്തക സമിതി അംഗങ്ങളായ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, സ്ഥിരം ക്ഷണിതാവ് പി സി ചാക്കോ, കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, പ്രൊഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശശി തരൂര്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ടി എന്‍ പ്രതാപന്‍ എന്നിവരും കേരളത്തില്‍ നിന്ന് പങ്കെടുത്തു.

പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിന് പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓരോ സംസ്ഥാനത്തും വ്യത്യസ്ത ഫോര്‍മുല ആവശ്യമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രാദേശിക കക്ഷികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അവരെ ഡ്രൈവിംഗ് സീറ്റിലിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവും പറഞ്ഞിരുന്നു.