Connect with us

Eranakulam

ഓടുന്ന ബസിന്റെ ചക്രങ്ങള്‍ക്ക് തീപ്പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

Published

|

Last Updated

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചക്രങ്ങള്‍ക്ക് തീപ്പിടിച്ചു. ബസില്‍ യാത്രക്കാരില്ലാത്തതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. ചക്രങ്ങളുടെ മുകളില്‍ പ്ലാറ്റ്‌ഫോം കത്തി തീ മുകളിലേക്കുയര്‍ന്ന് സീറ്റിനും തീ പിടിച്ചു. സീറ്റിന്റെ ഒരുഭാഗം പൂര്‍ണമായും കത്തിനശിച്ചു.

ഇന്നലെ രാവിലെ പത്തോടെ കണ്ടെയ്‌നര്‍ റോഡില്‍ കോതാട് ഭാഗത്താണ് സംഭവം. ഫോര്‍ട്ട് കൊച്ചി- ചിറ്റൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഇടതുവശത്തെ പിന്‍ചക്രങ്ങള്‍ക്കാണ് തീപ്പിടിച്ചത്. സര്‍വീസ് നടത്തുകയായിരുന്ന ബസിന് ഹൈക്കോടതി ഭാഗത്ത് വെച്ച് തകരാര്‍ കണ്ടതിനാല്‍ ആളെ ഇറക്കി വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. ഉടനെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തൊട്ടടുത്ത പാടത്തുനിന്ന് വെള്ളം കോരി തീയണക്കുകയായിരുന്നു.

അമ്പതിനായിത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഏലൂര്‍ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിരുന്നു. വേണ്ടത്ര അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ചക്രങ്ങള്‍ക്ക് തീപ്പിടിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ചക്രത്തിന്റെ ഘടക ഭാഗങ്ങള്‍ ഉരസി ചൂട് കൂടി തീ പിടിച്ചെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയപാതയില്‍ കളമശ്ശേരി ഭാഗത്ത് ലോറിയുടെ ടയറുകള്‍ സമാന രീതിയില്‍ തീപ്പിടിച്ചിരുന്നു.