സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; നോവല്‍ പിന്‍വലിച്ച തീരുമാനം പുനഃപരിശോധിക്കണം: വിഎസ്

Posted on: July 22, 2018 7:29 pm | Last updated: July 23, 2018 at 12:57 am

തിരുവനന്തപുരം: വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യ വാദികളും മുന്നോട്ട് വരണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ സംഘടനകളുടേയും അനുഭാവികളുടേയും ഭീഷണിയെ തുടര്‍ന്ന് മീശ എന്ന നോവല്‍ പിന്‍വലിക്കാനുള്ള എസ് ഹരീഷിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. നോവല്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ പ്രസാധകരായ മാതൃഭൂമിയും തയ്യാറാകണം. ഒരു നോവലിന്റെ രണ്ടോ മൂന്നോ അധ്യായം പുറത്ത് വന്നപ്പോള്‍ തന്നെ അതിനെതിരെ അസഹിഷ്ണുതയുടെ വാളോങ്ങുന്നവരെ അക്ഷര വിരോധികളായി കാണാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണം. അക്ഷരങ്ങളുടേയും എഴുത്തിന്റേയും ഭാവനാത്മകമായ സൗന്ദര്യമാണ് ജീവിത നന്മകളുടെ സൗന്ദര്യമെന്ന് മനസിലാക്കാന്‍ കഴിയാത്ത ഇക്കൂട്ടര്‍ ഫാസിസ്റ്റുകളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ്.

സംഘപരിവാറിന്റെ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹികവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിന് വഴി തുറക്കും. അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.