അബുദാബി -മംഗലാപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകുന്നു ; യാത്രക്കാര്‍ ദുരിതത്തില്‍

Posted on: July 22, 2018 1:55 pm | Last updated: July 22, 2018 at 7:30 pm

അബുദാബി : അബുദാബിയില്‍ നിന്നും ഇന്നലെ രാത്രി 12.30 ന് മംഗലാപുരത്തേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 816 വിമാനം അനിശ്ചിതമായി വൈകുന്നു. കുട്ടികളും കുടുംബങ്ങളും അടക്കം നിറയെ യാത്രക്കാരുണ്ടായിരുന്ന വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഒരു നിശ്ചയവുമില്ല. 12.30 പുറപ്പെടേണ്ടിയിരുന്ന വിമാനം സമയം കഴിഞ്ഞിട്ടും പുറപ്പെടാത്തത് ചോദ്യം ചെയ്ത യാത്രക്കാരോട് സാങ്കേതിക തകരാര്‍ കാരണം പുലര്‍ച്ചെ രണ്ടിന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചെങ്കിലും പുറപ്പെട്ടില്ല.180 യാത്രക്കാരാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ടത്.

രാവിലെ നാലിന് യാത്രക്കാര്‍ ബഹളം വെച്ചത് കാരണം എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പ്രശനത്തില്‍ ഇടപെടുകയും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്ത് നല്‍കാം എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഹോട്ടല്‍ റൂം ആവശ്യമുള്ള യാത്രക്കാര്‍ക്ക് റൂമും വീട്ടിലേക്ക് പോകേണ്ടവര്‍ക്ക് തിരിച്ചു പോകുകയും ചെയ്യാം എന്ന് എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചെങ്കിലും ഭക്ഷണമോ, റൂം സൗകര്യമോ നല്‍കിയില്ലെന്ന് യാത്രക്കാരനായ കാസര്‍കോട് ജില്ലയിലെ മാങ്ങാട് സ്വദേശി അനീസ് വ്യക്തമാക്കി. കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനം എപ്പോള്‍ പുറപ്പെടുമെന്നറിയാതെ വിമാനത്താവളത്തിലെ ലോഞ്ചില്‍ കഴിച്ചു കൂട്ടുകയാണ്.