പ്രതിപക്ഷത്ത് ആത്മവിശ്വാസം

Posted on: July 22, 2018 9:49 am | Last updated: July 22, 2018 at 9:49 am
SHARE

മോദി സര്‍ക്കാറിനെതിരായി തെലുങ്ക് ദേശം അംഗം ജയദേവ് ഗല്ല കൊണ്ടു വന്ന അവിശ്വാസ പ്രമേയം ഇരുനൂറോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയമായി ഇത് പ്രതിപക്ഷത്തിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തപ്പെടുന്നത്. വോട്ടെടുപ്പില്‍ സര്‍ക്കാറിനെ വീഴ്ത്താനാകുമെന്ന് പ്രതീക്ഷ നേരത്തെ തന്നെ പ്രതിപക്ഷത്തിനുണ്ടായിരുന്നില്ല. ചര്‍ച്ചാവേളയിലെ സംവാദത്തില്‍ സര്‍ക്കാറിനെ തൊലിയുരിക്കാമെന്ന പ്രതീക്ഷയിലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങള്‍ വിശിഷ്യാ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലൂടെ അതേറെക്കുറെ സാധ്യമാവുകയും ചെയ്തു. രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷ ബഞ്ചുകളില്‍ നിന്നുണ്ടായ നിരന്തര ശ്രമം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സഭയില്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണ പക്ഷാംഗങ്ങള്‍ ബഹളം വെക്കുകയും തുടര്‍ന്ന് സഭ ഉച്ചക്ക് 1.45 വരെ നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. മാത്രമല്ല, റാഫേല്‍ ഇടപാട് സംബന്ധിച്ചു സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് രാഹുലിനെതിരെ ബി ജെ പി അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

റാഫേല്‍ ഇടപാട് അഴിമതിക്ക് പുറമെ ജി എസ് ടി, പൊള്ളയായ തൊഴില്‍ വാഗ്ദാനം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു രാഹുലിന്റെ പ്രസംഗം. ‘റാഫേല്‍ കരാര്‍ ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്പടിയാണെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. എന്നാല്‍ ഞാന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ട് സംസാരിക്കുകയും അത്തരത്തിലൊരു കരാറുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തപ്പോള്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റാഫേല്‍ ഇടപാടിന്റെ മറവില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി’ രാഹുല്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ജി എസ് ടി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്ത നിങ്ങള്‍ എന്ത് കൊണ്ടാണ് ഭരണത്തില്‍ കയറിയപ്പോള്‍ ജി എസ് ടി നടപ്പാക്കിയതെന്നും വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷവും എവിടെയെന്നും രാഹുല്‍ ചോദിച്ചു. പൊതു ഖജനാവ് ധൂര്‍ത്തടിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെയും അദ്ദേഹം നിശിതമായി വിമര്‍ച്ചു. പ്രസംഗത്തിനൊടുവില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിനരികെയെത്തി രാഹുല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത് ഭരണപക്ഷ നിരയില്‍ അമ്പരപ്പിനിടയാക്കുകയും സഭയുടെ കൈയടി നേടുകയുമുണ്ടായി. രാഹുലിന്റെ സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമായാണ് അവിശ്വാസ ചര്‍ച്ചയിലെ പ്രസംഗത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കാലത്ത് പതിനൊന്ന് മുതല്‍ രാത്രി പതിനൊന്ന് മണി വരെ നീണ്ട മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍, 125 പേര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. 147 വോട്ട് പ്രതിപക്ഷം പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ അണ്ണാ ഡി എം കെ സര്‍ക്കാറിന് അനകൂലമായാണ് വോട്ട് ചെയ്തത്. കാവേരി പ്രശ്‌നത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കൂടെ നില്‍ക്കാത്തതാണ് അവരെ പിന്തുണക്കാത്തതിന് കാരണമായി അണ്ണാ ഡി എം കെയുടെ വിശദീകരണമെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ അടുപ്പക്കാര്‍ക്ക് നേരെയുണ്ടായ റെയ്ഡാണ് സര്‍ക്കാര്‍ അനുകൂല നിലപാടിന് അണ്ണാ ഡി എം കെയെ നിര്‍ബന്ധിതരാക്കിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 37 ആണ് അണ്ണാ ഡി എം കെയുടെ അംഗബലം.
543 അംഗ ലോക്‌സഭയിലെ നിലവിലുള്ള 532 പേരില്‍ 451 അംഗങ്ങളാണ് വെള്ളിയാഴ്ച സഭാനടപടികളില്‍ പങ്കെടുത്തത്. വ്യക്തമായ മേല്‍കോയ്മ സഭയിലുണ്ടെങ്കിലും 18 അംഗങ്ങളുള്ള ഘടക കക്ഷി ശിവസേന നിര്‍ണായക ഘട്ടത്തില്‍ കൈയൊഴിഞ്ഞത് മോദി സര്‍ക്കാറിന് തിരിച്ചടിയായി്. സര്‍ക്കാറിനെ എതിര്‍ത്തു വോട്ട് ചെയ്യുമെന്നായിരുന്നു ബി ജെ പി നേതൃത്വവുമായി നാളുകളായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേന ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാറിനെ അനുകൂലിക്കുമെന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിക്കുകയും ഇതിനായി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചകളില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും അര്‍ വിട്ടുനില്‍ക്കുകയായിരുന്നു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് അവിശ്വാസ പ്രമേയത്തെ അതിജീവിച്ചെങ്കിലും പ്രതിപക്ഷവിമര്‍ശങ്ങള്‍ക്ക് യുക്തിസഹമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്കോ, ഭരണ പക്ഷത്ത് സംസാരിച്ചവര്‍ക്കോ ആയില്ല. പ്രതിപക്ഷത്തെ വിശിഷ്യാ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനും വ്യക്തിപരമായി കടന്നാക്രമിക്കാനുമാണ് അവര്‍ ശ്രമിച്ചത്. അതേസമയം എന്‍ ഡി എ ഇതര കക്ഷികളെ ഒരുമിച്ചു നിര്‍ത്താനായില്ലെന്നത് പ്രതിപക്ഷത്തിന് ക്ഷീണമായി. 2014ലേത് പോലെ അസ്ഥിരമായ പ്രതിപക്ഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന സൂചനയാണ് അവിശ്വാസ പ്രമേയത്തിന് എതിരായി ലഭിച്ച വോട്ടുകളുടെ എണ്ണവും ബിജു ജനതാദളും ടി ആര്‍ എസും വോട്ടെടുപ്പില്‍ നിന്ന് മാറി നിന്നതും നല്‍കുന്ന സൂചന. എങ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പ്രതിപക്ഷത്തിന് വിശിഷ്യാ കോണ്‍ഗ്രസ് ക്യാമ്പില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. സര്‍ക്കാറിനെ മികച്ച രീതിയില്‍ ആക്രമിക്കാനും തന്റെ വാക്കുകള്‍ പൊതുമണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കാനും രാഹുലിന് സാധിച്ചു. ഒന്നരമണിക്കൂറിലേറെ സമയം ചെലവിട്ട് മോദി ഇതിന് മറുപടി പറഞ്ഞെങ്കിലും പതിവ് വിമര്‍ശനങ്ങള്‍ക്കപ്പുറം രാഹുല്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്ക് നേരെയും അദ്ദേഹം കണ്ണടക്കുകയാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here