Connect with us

Articles

കുമാരസ്വാമി കരയുന്നത് വെറുതെയല്ല

Published

|

Last Updated

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പാര്‍ട്ടി സമ്മേളന വേദിയില്‍ പൊട്ടിക്കരഞ്ഞതാണ് സംസ്ഥാന രാഷ്ട്രീയത്തെ ഇപ്പോള്‍ പിടിച്ചുലക്കുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുണ്ടാക്കിയ രാഷ്ട്രീയ കോലാഹലങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച ജനനായകന്‍ പാര്‍ട്ടി അണികളുടെ മുന്നില്‍ എല്ലാം മറന്ന് വികാരാധീനനാവുകയും വിതുമ്പിക്കരയുകയും ചെയ്യുക എന്നത് ഒരു പക്ഷേ ഇതിന് മുമ്പ് കേട്ടുകേള്‍വിയല്ലാത്തതായിരിക്കും. ഈ കരയല്‍ കുമാരസ്വാമിയുടെ വ്യക്തിപരമായ ദൗര്‍ബല്യമായി ചിത്രീകരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. അത് എത്രമാത്രം വസ്തുതാപരമാണ്? ശക്തി സംഭരിക്കുന്നതിന്റെ ഭാഗമാണോ ഈ കരച്ചില്‍?

സഖ്യ സര്‍ക്കാറില്‍ പങ്കാളിയായ കോണ്‍ഗ്രസ് തനിക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന പരാതി കുമാരസ്വാമിക്കുണ്ട്. അത് നീങ്ങിക്കിട്ടണം. അല്ലെങ്കില്‍ അയവു വേണം. അതിനുള്ള തന്ത്രപരമായ നീക്കം മാത്രമാണ് കുമാരസ്വാമിയുടെ കണ്ണീര്‍. സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നതും ഇതുതന്നെയാണ്. ഇതിനെ അതിജീവിക്കേണ്ടത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഭരണകാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ പൂര്‍ണമനസ്സോടെയുള്ള പിന്തുണ ആര്‍ജിച്ചെടുക്കാന്‍ ഈ രാഷ്ട്രീയ അടവ് പ്രയോഗിക്കാന്‍ കുമാരസ്വാമി നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ബെംഗളൂരുവില്‍ ജെ ഡി എസ് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ സമ്മാനിച്ച പൂച്ചെണ്ടുകള്‍ പോലും തിരസ്‌കരിച്ചാണ് കുമാരസ്വാമി വികാരനിര്‍ഭരമായ പ്രസംഗം നടത്തിയതും വിതുമ്പിക്കരഞ്ഞതും.

തന്നെ തിരഞ്ഞെടുത്തയച്ച ജനങ്ങളോടല്ല, തന്നെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസിനോടാണ് പ്രതിബദ്ധത എന്ന് കുമാരസ്വാമി അധികാരത്തിലേറിയ ഉടനെ തുറന്നുപറയുകയുണ്ടായി. എന്നിട്ടുപോലും ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അനുവദിക്കാതെ സഖ്യസര്‍ക്കാറിനെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം. ഓരോ തവണയും കുമാരസ്വാമിക്ക് കേന്ദ്ര നേതൃത്വത്തെ സമീപിക്കേണ്ടി വന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങളില്‍ അയഞ്ഞ സമീപനം സ്വീകരിക്കുന്നില്ലെങ്കില്‍ താന്‍ ലക്ഷ്യമിടുന്ന നിലയില്‍ ഭരണം കൊണ്ടു പോകാന്‍ കുമാരസ്വാമിക്ക് സാധിക്കാതെ വരും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ കടിഞ്ഞാണില്‍ നിന്ന് കുതറി മാറേണ്ടത് കുമാരസ്വാമിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഇതിനുള്ള തന്ത്രങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കരച്ചില്‍.

കൊള്ളാവുന്ന സീറ്റ് ബലത്തോടെ അധികാരത്തില്‍ പങ്കാളിയാകാന്‍ സാധിക്കുമെന്ന വിശ്വാസത്തോടെയാണ് ജനതാദള്‍- എസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. കാര്‍ഷിക കടം പൂര്‍ണമായും എഴുതിത്തള്ളുമെന്ന് പ്രകടനപത്രികയില്‍ ധീരമായ പ്രഖ്യാപനം നടത്തിയതും അധികാരത്തിലെത്തുമെന്ന വിശ്വാസം കൊണ്ടായിരുന്നു. സംസ്ഥാന ബജറ്റില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 34,000 കോടി രൂപയാണ് നീക്കിവെച്ചത്. എന്നാല്‍ ഇത്രയും വലിയൊരു സാമ്പത്തികഭാരം സംസ്ഥാന ഖജനാവിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനോട് സിദ്ധരാമയ്യ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ഇതടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് തനിക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതായാണ് കുമാരസ്വാമി പറയുന്നത്. സഖ്യ സര്‍ക്കാറിനെ മുന്നോട്ട് നയിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നും മുഖ്യമന്ത്രിയായതില്‍ സംതൃപ്തനല്ലെന്നും അദ്ദേഹത്തെ പറയാന്‍ പ്രേരിപ്പിച്ചതും ഇതാണ്. ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച ശിവന്റെ അവസ്ഥയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.
കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലാണ് 35,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്നുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത തരണം ചെയ്യാന്‍ പെട്രോള്‍- ഡീസല്‍ നികുതി വര്‍ധിപ്പിച്ചതും അന്നഭാഗ്യ പദ്ധതിയില്‍ ബി പി എല്‍ വിഭാഗക്കാര്‍ക്കുള്ള അരി ഏഴ് കിലോയില്‍ നിന്ന് അഞ്ച് കിലോ ആക്കി കുറച്ചതും കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പദ്ധതിക്കായി അരി സമാഹരിക്കുന്നതിലെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിന് മുതിര്‍ന്നത്. ഒടുവില്‍ സിദ്ധരാമയ്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് സൗജന്യ അരി വിഹിതം വെട്ടിക്കുറച്ച ബജറ്റ് നടപടി സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വന്നു.
സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് മാസം കഴിയുന്നതിന് മുമ്പ് തന്നെ അസ്വാരസ്യങ്ങള്‍ ഇത്തരത്തില്‍ വിവിധ തലങ്ങളിലായി രൂപപ്പെടുകയായിരുന്നു. സഖ്യസര്‍ക്കാറിന്റെ ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു കോണ്‍ഗ്രസും ജെ ഡി എസും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍. സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനുള്ള കുമാരസ്വാമിയുടെ നീക്കത്തിന് തടയിടാന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ശ്രമം ഫലിക്കാതെ പോകുകയായിരുന്നു. സമ്പൂര്‍ണ ബജറ്റ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ചതാണെന്നും സപ്ലിമെന്ററി ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചെടുക്കുകയായിരുന്നു കുമാര സ്വാമി. സഖ്യകക്ഷികളുമായി യോജിച്ച് ഭരിക്കുമ്പോഴും അവരില്‍ അധീശത്വം വല്ലാതെ പ്രകടമാക്കുന്ന രീതി കോണ്‍ഗ്രസ് പിന്തുടരുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കര്‍ണാടകയില്‍ ബി ജെ പി അധികാരത്തില്‍ വരുന്നത് ഇല്ലാതാക്കാനാണ് ജനതാദള്‍- എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതും കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അവരോധിച്ചതും. ഇതിന് ശേഷമാണ് രാജ്യത്തെ യോജിക്കാവുന്ന പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് വിശാല ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തി മാസം രണ്ട് കഴിയുന്നതിന് മുമ്പ് തന്നെ അഭിപ്രായ ഭിന്നത തലപൊക്കിത്തുടങ്ങിയെന്നതിന്റെ പ്രകടമായ തെളിവാണ് ഇതിനെ അതിജീവിക്കാന്‍ കുമാരസ്വാമി നടത്തിയ വിതുമ്പല്‍ പ്രസംഗം.

കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം തകര്‍ക്കാന്‍ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി ജെ പി പാളയം ഒളിഞ്ഞും തെളിഞ്ഞും കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്ന വിധത്തില്‍ സഖ്യത്തില്‍ നിന്ന് തന്നെ ഭിന്നസ്വരം ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ നേടിയെടുത്താല്‍ മാത്രമേ അടുത്ത അഞ്ച് വര്‍ഷം സുഗമമായി ഭരിക്കാന്‍ കഴിയുകയുള്ളൂവെന്ന് കുമാരസ്വാമിക്ക് നല്ല ബോധ്യമുണ്ട്. അവരുടെ സഹതാപം നേടിയെടുക്കാനും സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കൊപ്പം നിലകൊള്ളാനും വേണ്ടിയുള്ള രാഷ്ട്രീയ അടവായി വേണം കുമാരസ്വാമിയുടെ കരച്ചിലിനെ നോക്കിക്കാണേണ്ടത്. ഇനിയൊരിക്കലും ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ജെ ഡി എസിന് ആലോചിക്കാന്‍ കഴിയില്ല. ബി ജെ പി കൂടെകൂട്ടുകയുമില്ല. ബി ജെ പിയുമായി ചങ്ങാത്തം സ്ഥാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ജെ ഡി എസാണ് കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഇപ്പോള്‍ അധികാരം കൈയാളുന്നത്. ഈയൊരു കൂട്ടുകെട്ട് ബി ജെ പി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചതുമല്ല. അതുകൊണ്ട് തന്നെ ബി ജെ പിയുടെ ആജന്മശത്രുവായി ഇപ്പോള്‍ ജെ ഡി എസ് മാറിക്കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ കുമാരസ്വാമി അര്‍ഹനല്ലെന്നാണ് ബി ജെ പി ഇപ്പോള്‍ എല്ലാ വേദികളിലും വിളിച്ചുപറയുന്നത്. ബി ജെ പിയുടെ പിന്തുണ നഷ്ടപ്പെട്ട ജെ ഡി എസിന് ഇനി രക്ഷ കോണ്‍ഗ്രസുമായുള്ള സഖ്യം നിലനിര്‍ത്തുക എന്നത് മാത്രമാണ്.
ദേശീയതലത്തില്‍ യാഥാര്‍ഥ്യമാകാനിരിക്കുന്ന ബി ജെ പി വിരുദ്ധ കൂട്ടുകെട്ടിന് വിജയകരമായ തുടക്കം കുറിച്ച സംസ്ഥാനമാണ് കര്‍ണാടക. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഴുവന്‍ കണ്ണുകളും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തിരിയാന്‍ ഇടയാക്കിയത് ഈ കൂട്ടുകെട്ടിന് അസ്തിവാരമിട്ടത് കൊണ്ടായിരുന്നു. ബി ജെ പിക്കെതിരെ ശബ്ദിക്കുന്ന എല്ലാ പ്രാദേശിക പാര്‍ട്ടികളുടെയും അര്‍ഥവത്തായ ഒത്തുചേരലുകള്‍ക്കാണ് വിധാന്‍സൗധയുടെ കല്‍പ്പടവുകള്‍ സാക്ഷ്യം വഹിച്ചത്. ബി ജെ പിക്കെതിരെയുള്ള വിശാല ഐക്യനിര സുദൃഢമാക്കേണ്ടതും അത് ഭംഗം വരാതെ നിലനില്‍ക്കേണ്ടതും പുതിയ കാലത്തിന്റെ അനിവാര്യതയാണ്.
കര്‍ണാടകയില്‍ രൂപപ്പെട്ട ഈ കൂട്ടുകെട്ട് നിലനിര്‍ത്താന്‍ ഭരണത്തില്‍ പങ്കാളികളായ കോണ്‍ഗ്രസും ജനതാദള്‍- എസും തയ്യാറാകേണ്ടതുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം തകര്‍ന്നാല്‍, വീണ്ടും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് അധികാരത്തിലേറാനുള്ള സാഹചര്യമൊരുങ്ങും. ഇതിന് വഴിവെക്കുന്ന തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും ജനാധിപത്യ- മതേതര ചേരികളുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ്.

സഖ്യസര്‍ക്കാറിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും സാധിക്കുന്നതിന് കോണ്‍ഗ്രസും ജെ ഡി എസും പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകണം. കടബാധ്യതയെ തുടര്‍ന്ന് ഒട്ടേറെ കര്‍ഷകര്‍ക്ക് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവന്ന സംസ്ഥാനമാണ് കര്‍ണാടക. കര്‍ഷകരുടെ ദീനരോദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും സ്ഥായിയായ പരിഹാരം കാണാന്‍ സര്‍ക്കാറിന് സാധിക്കണം. ജെ ഡി എസുമായി പൂര്‍ണമായും സഹകരിച്ച് അഞ്ച് വര്‍ഷം ഭരണകാലാവധി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. സമാധാന കാംക്ഷികളായ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്.

---- facebook comment plugin here -----

Latest