എംബാപ്പെയും അയ്‌ലാന്‍ കുര്‍ദിയും തമ്മില്‍

അകത്ത് കാറ്റ് മാത്രമുള്ള പന്ത് കുടിയേറ്റവിരുദ്ധ പൊതുബോധത്തെ തകര്‍ത്തെറിഞ്ഞ് തുളച്ച് കയറുകയാണ്. സിദാനും എംബാപ്പെയും പോഗ്‌ബെയുമൊക്കെ മാനവ പ്രവാഹത്തിന്റെ പുതിയ ഭൂപടം വരക്കുന്നു. ചരിത്രം സൃഷ്ടിക്കുന്നത് ഇത്തരം പ്രവാഹങ്ങളാണ്. കുടിയേറ്റക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറുന്ന തീവ്രവാദികളും അവരെ ചൂണ്ടി ഭയം സൃഷ്ടിക്കുന്ന ഭരണാധികാരികളും ഈ സത്യത്തെയാണ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നത്. ഫ്രഞ്ച് ടീം പാരീസില്‍ വിരോചിതമായ വരവേല്‍പ്പ് നേടുമ്പോള്‍ കുടിയേറ്റത്തിന്റെ മാനവികത കൂടിയാണ് ആനയിക്കപ്പെടുന്നത്.
ലോകവിശേഷം
Posted on: July 22, 2018 9:39 am | Last updated: July 22, 2018 at 9:39 am
SHARE

റഷ്യയില്‍ ഫ്രഞ്ച് ടീം ലോകകപ്പുയര്‍ത്തിയപ്പോള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു സന്ദേശം അതിലടങ്ങിയ രാഷ്ട്രീയം കൊണ്ട് മാരകമായിരുന്നു: ‘മണലില്‍ മുഖം പൂഴ്ത്തി മരിച്ചു കിടന്ന മൂന്ന് വയസ്സ് മാത്രമുള്ള സിറിയന്‍ അഭയാര്‍ഥി ബാലന്‍ അയ്‌ലാന്‍ കുര്‍ദിക്ക് യൂറോപ്പിന്റെ മനസ്സു മാറ്റാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സ് കാല്‍പന്ത് കളിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴെങ്കിലും കുടിയേറ്റത്തിന്റെ ഇന്നത്തെയും എന്നത്തെയും ഗുണങ്ങള്‍ ലോകം തിരിച്ചറിയുമായിരിക്കും’.
കലാപ കലുഷിതമായ സിറിയയില്‍ നിന്ന് പലായനം ചെയ്ത ആയിരങ്ങള്‍ക്ക് മുന്നില്‍ യൂറോപ്യന്‍ അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ അവര്‍ കടലിലേക്ക് തന്നെ മടങ്ങി. കുറേ അലഞ്ഞു. ഒടുവില്‍ തുളവീണ് തകര്‍ന്ന ബോട്ട് കടലില്‍ മുങ്ങി. അങ്ങനെ മുങ്ങിയ ഒരു ബോട്ടിലായിരുന്നു അയ്‌ലാന്‍ കുര്‍ദിയും കുടുംബവും. രക്ഷപ്പെട്ട് സ്വന്തം തീരത്ത് തിരിച്ചെത്തിയ പിതാവ് കാണുന്നത് അയ്‌ലാന്റെ ചേതനയറ്റ ശരീരമാണ്. കമഴ്ന്ന് മണലിനെ ചുംബിച്ച്… ആ ചിത്രം അഭയാര്‍ഥി പ്രവാഹത്തിന്റെ അനിശ്ചിതാവസ്ഥകളിലേക്കും കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിന്റെ നെറികേടിലേക്കും ലോകത്തിന്റെ ശ്രദ്ധ തിരിച്ചു. ഇന്ന് അയ്‌ലാന്‍ കുര്‍ദിയുടെ ഓര്‍മക്ക് മൂന്ന് വയസ്സാകുമ്പോള്‍ യൂറോപ്യന്‍ യൂനിയന്‍ അതിന്റെ വാതിലുകള്‍ കൂടുതല്‍ ശക്തമായി കൊട്ടിയടക്കുകയാണ്. കുടിയേറ്റവിരുദ്ധത ഏറ്റവും പ്രഹരശേഷിയുള്ള രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. ആ പ്രത്യയ ശാസ്ത്രത്തിന് ഇന്നൊരു പോപ്പുണ്ട്- ഡൊണാള്‍ഡ് ട്രംപ്.

ഈ രാഷ്ട്രീയ പരിസരത്തിലാണ് മഴവില്‍ മൊഞ്ചോടെ ഫ്രാന്‍സ് കപ്പുയര്‍ത്തി നില്‍ക്കുന്നത്. ഈ വിജയം ഫ്രഞ്ച് ജനതയുടേത് മാത്രമല്ല ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടേത് കൂടിയാണെന്ന് വിളിച്ചു പറയേണ്ടിയിരിക്കുന്നു. ഫ്രഞ്ച് ടീമിലെ 23 കളിക്കാരില്‍ 17 പേരും മാര്‍ട്ടിനിക്ക്, കാമറൂണ്‍, മൊറൊക്കൊ, അംഗോള, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരുടെ പിന്‍മുറക്കാരാണ്. ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഗോളടിച്ച എംബാപ്പെയും പോഗ്ബയും കുടിയേറ്റക്കാരുടെ മക്കളാണ്. ഗിനിയയില്‍ നിന്നും കുടിയേറിയതാണ് പോഗ്ബയുടെ മാതാപിതാക്കള്‍. എംബാപ്പെയുടെ അമ്മ അള്‍ജീരിയക്കാരിയും പിതാവ് കാമറൂണുകാരനുമാണ്. സാമുവല്‍ ഉംറ്റിറ്റി കാമറൂണിലാണ് ജനിച്ചത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാന്റെയുടെ വേരുകള്‍ മാലിയിലാണ്. ബ്ലെയ്‌സ് മറ്റിയൂഡിയുടെ കുടുംബം അംഗോളയില്‍ നിന്ന് കുടിയേറിയവരാണ്. പ്രതിരോധ താരം പ്രെസ്‌നെല്‍ കിംപെബെയുടെയും സ്റ്റീവന്‍ എന്‍സോന്‍സിയുടെയും വേരുകള്‍ കോംഗോയിലാണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ടൊളിസ്സോയുടെ പിതാവ് ടോഗോക്കാരനാണ്. നബീല്‍ ഫെക്കീറിന്റെ കുടുബം അള്‍ജീരിയയില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. റഷ്യന്‍ ലോകകപ്പിലെ ആഫ്രിക്കയുടെ ആറാമത്തെ ടീമെന്നാണ് ഫ്രഞ്ച് ടീം വിശേഷിപ്പിക്കപ്പെട്ടത്.

1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമില്‍ ആഫ്രിക്കന്‍ വംശജര്‍ ആരുമുണ്ടായിരുന്നില്ല. ഈ വര്‍ഷത്തെ ടീമില്‍ ആഫ്രിക്കന്‍ കരീബിയന്‍ വേരുകളുള്ള ഒമ്പത് പേരുണ്ട്. ആഷ്‌ലി യംഗും ദേലേ അലിയും ഹാരി കെയ്‌നൊപ്പം കളിച്ച് മുന്നേറുന്നതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. സെര്‍ബിയക്കെതിരായ വിജയം സ്വിസ്സ് താരങ്ങളായ ഗ്രാനിറ്റ് സാക്കയും ശാക്കിരിയും ‘അല്‍ബേനിയന്‍ ഈഗിള്‍’ മുദ്രയോടെ ആഘോഷിച്ചത് ദേശത്തിനപ്പുറത്തെ ദേശീയതയെ അടയാളപ്പെടുത്തി. അല്‍ബേനിയന്‍ വംശജരായ അവര്‍ ഒരു നിമിഷം സ്വന്തം പൈതൃകത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. സെര്‍ബിയന്‍ ആക്രമണത്തെ തുടര്‍ന്ന് കൊസോവോയില്‍ നിന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പലായനം ചെയ്യപ്പെട്ട കളിക്കാരാണ് സാക്കയും ശാക്കിരിയും.
യൂറോപ്യന്‍ യൂനിയന്‍ അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കണമെന്ന് കഴിഞ്ഞ ഉച്ചകോടിയില്‍ ഏറ്റവും വീറോടെ വാദിച്ചത് ബെല്‍ജിയമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെ അടച്ചു പൂട്ടി ചില്ലുമേടയില്‍ ഇരിപ്പുറപ്പിച്ചിരുന്നുവെങ്കില്‍ റൊമേലു ലുകാകുവെന്ന ഫുട്‌ബോളറെ ബെല്‍ജിയത്തിന് കിട്ടില്ലായിരുന്നു. ബെല്‍ജിയം ടീമിനെ അഭിമാനകരമായ ഉയരത്തിലേക്ക് നയിച്ചത് റൊമേലു ലുകാകുവായിരുന്നു. കോംഗോ വേരുകളുള്ള താരം. ലുകാകുവിനെ ആഘോഷിക്കുമ്പോള്‍ തന്നെയാണ് ആ രാജ്യം മനുഷ്യ പ്രവാഹത്തിന് തടയണ കെട്ടുന്നത്. ഫുട്‌ബോളിലാകാം ജീവിതത്തില്‍ വേണ്ട!

ലിബറല്‍ മൂല്യങ്ങളുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെട്ട ഫ്രാന്‍സ് അതിവേഗം തീവ്രവലതുപക്ഷ യുക്തിയിലേക്ക് കൂപ്പു കുത്തുമ്പോഴാണ് ഫ്രഞ്ച് മഴവില്‍ സംഘം കപ്പുയര്‍ത്തുന്നത്. 2017ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ അതിദേശീയവാദിയും കുടിയേറ്റവിരുദ്ധതയുടെ ആള്‍രൂപവുമായ മാരിനേ ലീപെന്‍ മൂന്നിലൊന്ന് വോട്ടുകള്‍ നേടിയത് ആ രാജ്യം എങ്ങോട്ടാണ് നിപതിക്കുന്നതെന്ന് വ്യക്തമാക്കുന്നു. ഈ സുനാമിത്തിരയുടെ ശക്തി തിരിച്ചറിഞ്ഞ പുതിയ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കുടിയേറ്റം ദുഷ്‌കരമാക്കുന്ന ബില്‍ കൊണ്ടു വന്ന് മറ്റൊരു ലീ പെന്നായി അധഃപതിക്കുകയും ചെയ്തു.
ഫ്രാന്‍സ് മാത്രമല്ല മൊത്തം യൂറോപ്പും ഈ ദിശയിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ബ്രിട്ടനില്‍ 2016ല്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യെസ് പക്ഷം വിജയിച്ചത് അങ്ങനെയാണ്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടനെ പുറത്തെത്തിക്കുന്നതിന് തെരേസാ മെയുടെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ട് വെച്ച പല കാരണങ്ങളില്‍ ഏറ്റവും പ്രഹര ശേഷിയുള്ളത് അഭയാര്‍ഥി പ്രവാഹം തന്നെയായിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ അംഗമായത് കൊണ്ടാണ് ഈ കുടിയേറ്റ പ്രവാഹം നടക്കുന്നതെന്നും ഇങ്ങനെ വരുന്നവര്‍ തങ്ങളുടെ സമ്പത്തിന്റെ നല്ല പങ്ക് ഒരു സംഭാവനയും തിരിച്ച് നല്‍കാതെ അടിച്ചു മാറ്റുകയാണെന്നും ബ്രിക്‌സിറ്റ് പക്ഷം വാദിച്ചു. മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായി ബ്രിട്ടനില്‍ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദിത്വം കുടിയേറ്റക്കാരില്‍ കെട്ടിവെക്കുകയാണ് തെരേസ മെയും സംഘവും ചെയ്തത്.

ജര്‍മനിയില്‍ ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കലിന്റെ പാര്‍ട്ടി തത്കാലം വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും അവിടെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി എന്ന നാസി സ്വഭാവമുള്ള പാര്‍ട്ടി നേടിയ സീറ്റുകള്‍ ആശങ്ക പടര്‍ത്തുന്നതാണ്. സമീപകാലത്ത് അഭയാര്‍ഥി വിഷയത്തില്‍ ഏറ്റവും മനുഷ്യത്വപരമായ സമീപനം കൈകൊണ്ട നേതാവാണ് ആഞ്ചലാ മെര്‍ക്കല്‍. അയ്‌ലാന്‍ കുര്‍ദിയുടെ കണ്ണീര്‍ ചിത്രം ലോകത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിന് മുമ്പ് തന്നെ പരമാവധി അഭയാര്‍ഥികളെ സ്വീകരിക്കുകയെന്ന വിശാല നിലപാടില്‍ അവര്‍ എത്തിച്ചേര്‍ന്നിരുന്നു. രാഷ്ട്രീയമായി ഈ നിലപാട് അവര്‍ക്ക് തിരിച്ചടി സമ്മാനിച്ചുവെന്നതാണ് വസ്തുത. ആള്‍ട്ടര്‍നേറ്റീവിനെ പോലുള്ള നവ നാസി പാര്‍ട്ടികള്‍ അഭയാര്‍ഥികള്‍ക്കെതിരെ പ്രചണ്ഡ പ്രചാരണമാണ് അഴിച്ചു വിട്ടത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം ഗ്രൂപ്പുകള്‍ രാഷ്ട്രീയ വിജയം നേടുന്നുവെന്നത് അടച്ചിടല്‍ നയം ജനപ്രിയമാകുന്നുവെന്നാണ് കാണിക്കുന്നത്.
അകത്ത് കാറ്റ് മാത്രമുള്ള പന്ത് ഈ പൊതുബോധത്തെ തകര്‍ത്തെറിഞ്ഞ് തുളച്ച് കയറുകയാണ്. സിദാനും എംബാപ്പെയും പോഗ്‌ബെയുമൊക്കെ മാനവ പ്രവാഹത്തിന്റെ പുതിയ ഭൂപടം വരക്കുന്നു. ചരിത്രം സൃഷ്ടിക്കുന്നത് ഇത്തരം പ്രവാഹങ്ങളാണ്. കുടിയേറ്റക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറുന്ന തീവ്രവാദികളും അവരെ ചൂണ്ടി ഭയം സൃഷ്ടിക്കുന്ന ഭരണാധികാരികളും ഈ സത്യത്തെയാണ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നത്. ഫ്രഞ്ച് ടീം പാരീസില്‍ വിരോചിതമായ വരവേല്‍പ്പ് നേടുമ്പോള്‍ കുടിയേറ്റത്തിന്റെ മാനവികത കൂടിയാണ് ആനയിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here