അഖ്തര്‍ റസാ ഖാന്‍ ബറേല്‍വി അന്തരിച്ചു

Posted on: July 22, 2018 9:20 am | Last updated: July 22, 2018 at 10:53 am
SHARE

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ പ്രമുഖ സുന്നി പണ്ഡിതനും ആത്മീയ നേതാവും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേഷ്ടാവുമായിരുന്ന താജു ശരീഅ അഖ്തര്‍ റസാ ഖാന്‍ ബറേല്‍വി (അസ്ഹരി മിയ- 80) അന്തരിച്ചു. ലോകപ്രശസ്ത ഇന്ത്യന്‍ പണ്ഡിതന്‍ റസാഖാന്‍ ബറേല്‍വിയുടെ പേരമകനാണ്. ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം നേതാക്കളില്‍ ഒരാളായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹറില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം വൈജ്ഞാനിക ആത്മീയ മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. പ്രമുഖനായ മുഫ്തിയും മുദര്‍രിസും എഴുത്തുകാരനുമായിരുന്നു. ഉറുദു, അറബി ഭാഷകളിലായി അമ്പത് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഖാദിരിയ്യ ത്വരീഖത്തിന്റെ പ്രധാന ശൈഖായിരുന്നു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ രൂപവത്കരിച്ചത് ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഏറ്റവും അടുത്ത പണ്ഡിത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. രണ്ട് തവണ അദ്ദേഹം മര്‍കസ് സന്ദര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സുന്നി ഇസ്‌ലാമിക വിജ്ഞാന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ ആത്മീയ നേതാവായിരുന്നു താജു ശരീഅ അഖ്തര്‍ റസാ ഖാന്‍ ബറേല്‍വിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരിച്ചു. ലാളിത്യവും അഗാധമായ പ്രവാചക സ്‌നേഹവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. മരണാന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനും പ്രാര്‍ഥന നടത്താനും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ന് യു പിയിലെ ബറേല്‍വിയിലേക്കു പുറപ്പെടും. സുന്നി മദ്‌റസകളില്‍ അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ഥന നടത്താന്‍ കാന്തപുരം അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here