സൈനിക ആസ്ഥാനത്ത് കടക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായെത്തിയയാള്‍ പിടിയില്‍

Posted on: July 21, 2018 9:34 pm | Last updated: July 21, 2018 at 10:31 pm
SHARE


ന്യൂഡല്‍ഹി: മധ്യ ഡല്‍ഹിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി് സൈനിക ആസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. ഇതില്‍ ഒരാള്‍ സൈനിക യൂനിഫോമും ധരിച്ചിരുന്നു. ഗാസിയാബാദ് സ്വദേശി അമിത് ശര്‍മ, ഇദ്ദേഹത്തിന്റെ ഭാര്യ ഹര്‍ജിത് കൗര്‍, ഡ്രൈവര്‍ സോനു സിംഗ്, മറ്റൊരാളായ സന്ദീപ് എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സേന ഭവനിലെ ഡിആര്‍ഡിഒ ആസ്ഥാനത്തെത്തിയത്. സൈനിക യൂനിഫോമിലെത്തിയ ശര്‍മ താന്‍ ലഫ്റ്റനന്റ് കേണലാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ഗാര്‍ഡിന് സംശയം തോന്നിയതിനെത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവരെത്തി നടത്തിയ പരിശോധനയില്‍ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമെന്ന് തെളിയുകയായിരുന്നു.തുടര്‍ന്ന് സംഘത്തെ ചോദ്യം ചെയ്തതില്‍ ശര്‍മ സൈന്യത്തില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് സന്ദീപ് കുമാറില്‍നിന്നും 2.5 ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് പോലീസെത്തി ശര്‍മയെ അറസ്റ്റ് ചെയ്തു. എംടെക് ബിരുദധാരിയായ ശര്‍മ പെട്ടന്ന് പണമുണ്ടാക്കാനാണ് തട്ടിപ്പുമായെത്തിയത്.