Connect with us

Gulf

ദിര്‍ഹം കൈയിലില്ലെങ്കില്‍ രൂപയുടെ മൂല്യം കുറഞ്ഞിട്ടെന്ത്?

Published

|

Last Updated

ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കൂപ്പു കുത്തിയിരിക്കുകയാണ്. ദിര്‍ഹം നല്‍കിയാല്‍ 18. 80 രൂപ ലഭിക്കുന്ന അവസ്ഥ. ഇനി, അത് 19 രൂപ കടന്നേക്കും. കഴിഞ്ഞ വര്‍ഷം ശരാശരി 17. 50 രൂപ ആയിരുന്നു. ഇതിനര്‍ത്ഥം രൂപയുടെ ശക്തി വലിയ തോതില്‍ ക്ഷയിച്ചു എന്നാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിനേക്കാള്‍ പരിതാപകരം. ഡോളര്‍ നല്‍കിയാല്‍ 69. 05 രൂപ ലഭിക്കും. ചരിത്രത്തില്‍ ഇങ്ങനെ ഒരു വിനിമയ നിരക്ക് മുമ്പ് ഉണ്ടായിട്ടില്ല. വിദേശ ഇന്ത്യക്കാര്‍ക്ക് ഇത് നല്ല കാലമാണെന്ന് തോന്നാമെങ്കിലും ഇന്ത്യന്‍ രൂപ ഇങ്ങനെ ക്ഷീണിക്കുന്നത് ആത്യന്തികമായി, സാധാരണക്കാര്‍ക്ക് യാതൊരു ഗുണവും ചെയ്യില്ല. നാട്ടില്‍ അവശ്യ സാധനങ്ങള്‍ക്ക് വില ഉയരും.

കുടുംബ ചെലവിന് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കേണ്ടി വരും. ഇതിനെല്ലാമുപരി, വിദേശത്തു ജീവിതോപാധി തേടിയവര്‍ക്ക് വരുമാനം കുറയുകയാണ്. മിക്ക ഗള്‍ഫ് രാജ്യങ്ങളും പല തരത്തില്‍ നികുതി ഏര്‍പ്പെടുത്തിയതോടെ ചെലവ് കൂടി. രാസപാനീയങ്ങള്‍ക്കു നൂറു ശതമാനമാണ് വില വര്‍ധിച്ചത്. ഈ കടുത്ത ചൂടില്‍ തൊണ്ട എത്ര വരണ്ടാലും രാസപാനീയം കുടിക്കാന്‍ ആര്‍ക്കും തോന്നില്ല. വിശന്നു വലഞ്ഞു ഏതെങ്കിലും റെസ്റ്റോറന്റില്‍ കയറിയാല്‍ കീശ കാലിയായത് തന്നെ. കഴിഞ്ഞ വര്‍ഷം വരെ മലയാളികളുടെ “മോട്ട”ചോറിനു അഞ്ചോ ആറോ ദിര്‍ഹമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ശരാശരി എട്ടു ദിര്‍ഹം നല്‍കണം. നാട്ടില്‍ നിന്നാണ് പാലക്കാടന്‍ മട്ട അരിയും പച്ചക്കറികളും ഗള്‍ഫില്‍ എത്തുന്നത്. അവിടെ ഇവയ്ക്കെല്ലാം വില കൂടി. സ്വാഭാവികമായും ഗള്‍ഫ് കമ്പോളത്തിലും അത് പ്രതിഫലിക്കും. ഇവിടെ മലയാളികളുടെ ബജറ്റിന്റെ താളം തെറ്റിക്കും. കുടുംബമായി താമസിക്കുന്നവര്‍ക്കിടയില്‍ സമ്പാദ്യം കുറഞ്ഞു വരുന്നു. വിദ്യാഭ്യാസ ചെലവ് ഗണ്യമായി കൂടി. വാടക കാര്യമായി കുറയുന്നുമില്ല.

ദിര്‍ഹം നല്‍കിയാല്‍ കൈ നിറയെ രൂപ ലഭിക്കുന്നതല്ലേ, നാട്ടിലേക്ക് കുറച്ചു കൂടുതല്‍ പണം അയക്കാം എന്ന് കരുതി കീശ തപ്പി നോക്കിയാല്‍ ഒന്നും കാണില്ല. രൂപയുടെ മൂല്യം കുറഞ്ഞാല്‍ ആര്‍ക്കാണ് ഗുണം?ഇന്ത്യയിലെ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക്, കയറ്റുമതിക്കാര്‍ക്ക്. അവര്‍, ഡോളറിലാണ് ഇടപാട് നടത്താറുള്ളത്. കയറ്റി അയച്ച ഉല്പന്നത്തിന്റെ വില ഡോളറില്‍ ലഭിക്കുമ്പോള്‍ മുമ്പ് കിട്ടിയിരുന്നതിനേക്കാള്‍ രൂപ കൈയില്‍ വരും. അവര്‍ക്കു വേണ്ടിയാണ് രൂപയുടെ മൂല്യം കേന്ദ്രം പിടിച്ചു നിര്‍ത്താത്തത്.

ഡോളര്‍ ഇറക്കുന്ന അമേരിക്ക, സമ്പദ്ഘടന ശക്തമാക്കാന്‍ എന്തും ചെയ്യും. മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തും. പക്ഷെ ഇന്ത്യ പോലുള്ള ആശ്രിത രാജ്യങ്ങള്‍ക്കു കൈയും കെട്ടി നോക്കി നില്‍ക്കാനേ കഴിയൂ. ഇതിനിടെ, സഊദിഅറേബ്യയില്‍ മാറ്റത്തിന്റെ വേലിയേറ്റത്തില്‍ പല മലയാളികളുടെയും സ്വപ്നങ്ങള്‍ ഒലിച്ചു പോയി. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സ്വദേശവത്കരണത്തിന്റെ ഫലമായി ഇടത്തരം കച്ചവടക്കാര്‍ക്ക് നില്‍ക്കക്കള്ളി യില്ല. മലപ്പുറത്തും മറ്റും പ്രത്യാഘാതങ്ങള്‍ രൂക്ഷം. പട പേടിച്ചു പന്തളത്തു ചെന്നവരെപ്പോലെയായി ഗള്‍ഫ് റിട്ടേണികളുടെ കാര്യം. നാട്ടില്‍ ജി എസ് ടി, നോട്ടു നിരോധം, വസ്തു കൈമാറ്റ നിയന്ത്രണം ഒക്കെയുണ്ട്. ചോര നീരാക്കി സ്വരൂപിച്ച പണം കൊണ്ട് പൊന്നും വിലക്കെടുത്ത സ്ഥലം വില്‍ക്കാം എന്ന് കരുതിയാല്‍ വന്‍ നഷ്ടം സഹിക്കണം. പിന്നെ, നാട്ടിലേക്ക് മടങ്ങിയിട്ടെന്ത്?
മുണ്ടു മുറുക്കിയാണ് മിക്കവരും ഗള്‍ഫില്‍ തുടരുന്നത്. അത് കൊണ്ട് തന്നെ, രൂപയുടെ മൂല്യം കുറഞ്ഞത് മഹാഭൂരിപക്ഷം ഗള്‍ഫ് മലയാളികളെ സന്തോഷിപ്പിക്കുന്നില്ല. അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ്.

ദിര്‍ഹം മൂല്യം 20 രൂപ കടന്നാലും ഗുണമില്ല. അപ്പോള്‍, ഗള്‍ഫ് പ്രതീക്ഷ അസ്തമിക്കുകയാണോ എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. അത്രയും ആശങ്കക്ക് വഴിയില്ല എന്നാണ് പൂര്‍വകാല അനുഭവം വ്യക്തമാക്കുന്നത്. ഗള്‍ഫ് യുദ്ധ കാലത്തു തൊഴില്‍നഷ്ടം ഉണ്ടായിരുന്നു. കുവൈത്, ഇറാഖ് എന്നിവടങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്തു. കുവൈത് കറന്‍സി എടുക്കാചരക്കായി. പക്ഷേ അധികം താമസിയാതെ ഒരു പരിധി വരെ പഴയസ്ഥിതി ആയി. എണ്ണയ്ക്ക് വില കൂടി. ഗള്‍ഫില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. തൊഴിലവസരങ്ങള്‍ വ്യാപകമായി. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കുന്നുണ്ട്. ഇനി, ദുബൈയില്‍ വേള്‍ഡ് എക്‌സ്‌പോ2020 ഉം ദോഹയില്‍ ലോക കപ്പ് ഫുട്‌ബോളും വരുന്നുണ്ട്. സഊദിയില്‍ നഗര നിര്‍മാണങ്ങള്‍ വേറെ.
ഇപ്പോള്‍ പിടിച്ചു നിന്നാല്‍ ഭാവിയില്‍ ഫലം കൊയ്യാമെന്നു തന്നെയാണ് പൊതു അഭിപ്രായം. അങ്ങിനെ ആണെങ്കില്‍, ദിര്‍ഹവും റിയാലും മറ്റും കരുതി വെക്കേണ്ടേ? രൂപയുടെ വിലയിടിവിനെക്കുറിച്ച് പി കെ സജിത്കുമാര്‍.