Connect with us

Gulf

ചൈനീസ് പ്രസിഡന്റിന് യു എ ഇയുടെ പരമോന്നത ബഹുമതി

Published

|

Last Updated

ദുബൈ: യു എ ഇയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. നിരവധി മന്ത്രിമാരും പങ്കെടുത്തു. ചൈനീസ് പ്രസിഡന്റിന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, “സായിദ് മെഡല്‍” സമ്മാനിച്ചു.
ചൈനയും യു എ ഇ യും 13 ധാരണാപത്രങ്ങളില്‍ ഒപ്പു വെച്ചു. സ്ഥാനപതി കാര്യാലയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കുക എന്നിങ്ങനെയുള്ള കരാറില്‍ യു എ ഇ വിദേശ കാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ചൈനീസ് വിദേശ കാര്യമന്ത്രി വാങ് സി എന്നിവരാണ് ഒപ്പു വെച്ചത്. ഊര്‍ജ മേഖലയിലും ധാരണ ഉണ്ടാക്കി.

തന്ത്രപ്രധാനമായ പങ്കാളിത്തം വളര്‍ത്തിയെടുക്കാന്‍ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു. നിരവധി ട്വീറ്റുകളാണ് ശൈഖ് മുഹമ്മദ് പുറത്തിറക്കിയത്. ചൈനീസിലായിരുന്നു ഏറെ. “ചൈനയുടെ വികസനത്തില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ പുസ്തകം ഞാന്‍ വായിച്ചു. ജനങ്ങള്‍ക്ക് സന്തുഷ്ടി എങ്ങിനെ സാധ്യമാക്കാമെന്നാണ് അതില്‍ പ്രതിപാദിക്കുന്നത്, ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
ദുബൈ ക്രീക്ക് ഹാര്‍ബറില്‍ പുതിയ ചൈനീസ് റീട്ടെയ്ല്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ഡിസ്ട്രിക്ട് നിര്‍മിക്കുന്നതിലൂടെ ഇമാറിന്റെ പ്രവര്‍ത്തനം ചൈനയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയും. ഇത് ചൈനയുമായുള്ള ബന്ധത്തില്‍ യു എ ഇയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു.
എണ്ണ പര്യവേഷണത്തിന് ചൈനീസ് കമ്പനിക്ക് 580 കോടി ദിര്‍ഹമിന്റെ കരാര്‍ നല്‍കിയതായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ത്രീ ഡി സീസ്മിക് സര്‍വെക്കുള്ള കരാറാണിത്. യു എ ഇയുടെ തീരത്തും കടലിലുമായുള്ള 53,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് നടത്തുന്ന സര്‍വ്വെ ചൈന നാഷ്ണല്‍ പെട്രോളിയം കമ്പനിയുടെ (സി എന്‍ പി സി) കീഴിലുള്ള ബിജിപി എന്ന സ്ഥാപനമായിരിക്കും നടത്തുക.
ജബല്‍ അലിയില്‍ ചൈനീസ് “ട്രേഡേഴ്സ് മാര്‍ക്കറ്റ്” വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഡി പി വേള്‍ഡ് ഒപ്പിട്ടു. 30 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സീജിയാംഗ് ചൈന കമ്മോഡിറ്റീസ് സിറ്റി ഗ്രൂപ്പിന്റെ മാര്‍ക്കറ്റ് ഉയരുക.

ദുബൈ എക്‌സ്പോ വേദിയോട് ചേര്‍ന്നുയരുന്ന മാര്‍ക്കറ്റില്‍ മനുഷ്യ ഉപയോഗത്തിനാവശ്യമുള്ള എല്ലാ ഉത്പന്നങ്ങളും വിപണനം ചെയ്യും. ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഭക്ഷണപാനീയങ്ങള്‍, നിര്‍മാണ ഉപകരണങ്ങള്‍, ആരോഗ്യം, ഊര്‍ജം, സാങ്കേതികത, എന്‍ജിനീയറിംഗ് തുടങ്ങിയവക്കെല്ലാം പ്രത്യേകം വിഭാഗങ്ങളുമൊരുക്കും. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പുറമെ ദേശീയ അന്തര്‍ദേശീയ ഉത്പാദകര്‍ക്ക് ഉത്പന്നങ്ങള്‍ക്കുള്ള മികച്ച വിപണി കൂടിയായിരിക്കും ഇത്. യു എ ഇയും ചൈനയും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ഡി പി വേള്‍ഡിന്റെ ലോജിസ്റ്റിക്സ് സംവിധാനങ്ങള്‍ ചൈനീസ് വ്യാപാരികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും ഇത് സഹായമാകുമെന്നാണ് കരുതുന്നത്.

Latest