സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ നിഷേധാത്മക നിലപാട് പ്രതിഷേധാര്‍ഹം: സിപിഎം

Posted on: July 21, 2018 1:27 pm | Last updated: July 21, 2018 at 4:40 pm

തിരുവനന്തപുരം: കേരളത്തിലെ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി. അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രം മുന്‍നിറുത്തിയുള്ള നിവേദനത്തിന്മേല്‍ അനുഭാവപൂര്‍വവും ഭരണഘടനാപരമായി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതുമായ വിധത്തിലുള്ള അനുകൂല പ്രതികരണമാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും നിഷേധാത്മകമായ നിലപാടാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. ഇതില്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്രവും സംസ്ഥാനവും പരസ്പര യോജിപ്പോടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെടുത്തിയതാണ് സ്റ്റ്യാറ്റിയൂട്ടറി റേഷന്‍ സംവിധാനം. ഭക്ഷ്യധാന്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നാണ്യവിളകളിലേക്ക് കേരളം തിരിഞ്ഞത്. എന്നാല്‍ ആ ധാരണയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയായിരുന്നു. 90കളില്‍ 24 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കിട്ടിയിടത്ത് 2016ല്‍ 14.25 ലക്ഷം മാത്രമാണ് കിട്ടിയത്. ജനസംഖ്യ ഉയര്‍ന്നതും കുടിയേറ്റ തൊഴിലാളികള്‍ വന്നതുമൊക്കെ കണക്കിലെടുത്ത് ഭക്ഷ്യവിഹിതം കൂട്ടുന്നതിന് പകരം കുത്തനെ വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. കേരളത്തിലെ പൊതുസ്ഥിതി വിലയിരുത്തുന്ന ആര്‍ക്കും കേരളം ഉന്നയിച്ച ആവശ്യം ന്യായമാണെന്ന് വ്യക്തമാകും.

മുന്‍ഗണനേതര മേഖലയില്‍ 45 ലക്ഷം കുടുംബങ്ങളുള്ള സംസ്ഥാനത്തിന് പ്രതിമാസം ലഭ്യമാകുന്നത് 33384 ടണ്‍ ഭക്ഷ്യധാന്യമാണ്. ഇത് സമതുലിതമായി വീതിച്ചാല്‍ ഒരാള്‍ക്ക് ഒരുമാസം ലഭിക്കുന്നത് ഒന്നേമുക്കല്‍ കിലോ അരി മാത്രമാണ്. ഇതുകൊണ്ട് എങ്ങനെയാണ് ഭക്ഷ്യസുരക്ഷ സാദ്ധ്യമാവുക? ഭക്ഷ്യകമ്മി ഉണ്ടായ പശ്ചാത്തലവും സ്റ്റാറ്റിയൂട്ടറി റേഷനിംഗ് രൂപപ്പെട്ട സാഹചര്യവും ഒന്നും പരിഗണിക്കില്ല എന്ന നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ ഘട്ടത്തില്‍ സര്‍വകക്ഷി സംഘം ഭക്ഷ്യധാന്യരംഗത്തെ പൊതുസ്ഥിതി അവലോകനം ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാല്‍, വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളേ പുനഃപരിശോധിക്കാനാവൂയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രധാനമന്ത്രി.

പാലക്കാട് കോച്ച് ഫാക്ടറി 1982ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. 2008-09 ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ഇതിന്റെ പുനഃപ്രഖ്യാപനം നടത്തി. തുടര്‍ന്ന് റെയില്‍വേ ഇന്ത്യ ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് സര്‍വ്വീസ് സമര്‍പ്പിച്ച ഫീസിബിലിറ്റി റിപ്പോര്‍ട്ട്, സര്‍വ്വേ എന്നിവ നിര്‍ദ്ദേശിച്ച പ്രകാരം കേരളം കോച്ച് ഫാക്ടറി സ്ഥാപിക്കാനായി 239 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറി. കേന്ദ്രമന്ത്രി ശിലാസ്ഥാപനവും നടത്തി. എന്നിട്ടിപ്പോള്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്്‌നങ്ങളില്‍ അനുകൂലമായ നിലപാട് സ്വീകരിക്കാനും തയ്യാറായതുമില്ല. അങ്കമാലി ശബരി പാതയുടെ കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കാം എന്ന കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞത്. മഴക്കെടുതിയുടെ കാര്യത്തിലാവട്ടേ കേന്ദ്ര സംഘത്തെ അയക്കാമെന്ന കാര്യമാണ് പറഞ്ഞത്.

ജി.എസ്.ടിയും മറ്റും നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തിന് പരിമിതമായിട്ടുള്ള സാമ്പത്തിക അവകാശങ്ങള്‍ പോലും ഇല്ലാതാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ആസൂത്രണ കമ്മിഷന്‍ പിരിച്ചുവിട്ട് സംസ്ഥാനത്തിന്റെ വികസനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന ഇത്തരം നയങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്നും സി.പി.എം വിലയിരുത്തി.