മുജാഹിദിലെ ഭിന്നത പൂര്‍ണതയിലേക്ക്; മടവൂര്‍ വിഭാഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ പേരില്‍ വീണ്ടും പ്രവര്‍ത്തന രംഗത്ത്

Posted on: July 21, 2018 1:07 pm | Last updated: July 21, 2018 at 1:07 pm
SHARE

തിരൂരങ്ങാടി: മടവൂര്‍ വിഭാഗം മുജാഹിദുകള്‍ അവരുടെ കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പ് പൂര്‍ണതയിലെത്തി. മടവൂര്‍ വിഭാഗത്തിന്റെ ഉന്നത നേതാക്കളായ സി പി ഉമര്‍ സുല്ലമി, ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരെ പണ്ഡിത സംഘടനയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മടവൂര്‍ വിഭാഗം അവരുടെ സംഘടനയുടെ ബഹുജന പ്രസ്ഥാനമായ കെ എന്‍ എമ്മിനെ വീണ്ടും പുനരുജ്ജീവിപ്പിച്ചത്. ഇതിന്റെ ഭാഗമായി മുഴുവന്‍ മണ്ഡലങ്ങളിലും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. സംസ്ഥാന നേതാക്കള്‍ ഈ സംഗമങ്ങളില്‍ പങ്കെടുത്ത് പിളര്‍പ്പിന്റെ കാരണങ്ങള്‍ വിശദീകരിക്കും. അടുത്ത മാസത്തോടെ മുഴുവന്‍ മണ്ഡലങ്ങളിലും കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കി കെ എന്‍ എം മര്‍കസുദ്ദഅ്‌വ നിലവില്‍ വരുമെന്ന് ഒരു ഉന്നത നേതാവ് പറഞ്ഞു.

ഇതിന്റെ മുന്നോടിയായി കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ നേതൃത്വത്തില്‍ ഈമാസം 29ന് കോഴിക്കോട് കേരള ഇസ്‌ലാമിക് സ്‌കോളേഴ്‌സ് മീറ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പണ്ഡിത സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഉമര്‍ സുല്ലമി, സെക്രട്ടറി ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരെ പുറത്താക്കിയതിന് പിന്നില്‍ അബ്ദുറഹ്മാന്‍ സലഫിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണത്രെ. ഐക്യകരാര്‍ ലംഘിച്ച സലഫി, അസ്ഗറലി എന്നിവരെ പുറത്താക്കാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും ഇവര്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗവുമായി തട്ടിക്കൂട്ടുന്ന ഐക്യം അസാധ്യമാണെന്നുമാണ് പഴയ മടവൂര്‍ വിഭാഗം മധ്യസ്ഥന്മാരെ അറിയിച്ചത്. എന്നാല്‍ ഉമര്‍ സുല്ലമിയേയും ഫാറൂഖിയേയും പുറത്താക്കിയതായി തനിക്കറിയില്ലെന്നാണ് കെ എന്‍ എം പ്രസിഡന്റ് അബ്ദുല്ലക്കോയ മദനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

അതേസമയം, സ്വന്തം അണികളെ കൂടെനിര്‍ത്താന്‍ സാധിക്കാത്ത ഹുസൈന്‍ മടവൂരിനെതിരെ മൗലവി വിഭാഗത്തിലെ ഒരു വിഭാഗം രംഗത്തുവന്നത് കെ എന്‍ എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മടവൂരിനെ സംരക്ഷിക്കുന്ന അബ്ദുല്ലക്കോയ മദനിക്കെതിരെയും ഈ വിഭാഗം കരുക്കള്‍ നീക്കുന്നുണ്ട്. മടവൂരിന്റെ കൂടെ അണികള്‍ ഇല്ലാത്തതിനാല്‍ ഇനിയും അയാളെ പേറേണ്ടതില്ലെന്നാണ് സലഫി വിഭാഗത്തിന്റെ അഭിപ്രായം.

മലപ്പുറം കൂരിയാട് നടന്ന സംസ്ഥാന സമ്മേളനത്തോടെ മടവൂര്‍ വിഭാഗം ഐ എസ് എം, എം എസ് എം എന്നിവയുടെ പേരില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ കൂടുതലും നിഷ്പക്ഷത പാലിക്കുകയായിരുന്നു. എന്നാല്‍ ഉമര്‍ സുല്ലമിയേയും ജമാലുദ്ദീന്‍ ഫാറൂഖിയേയും പുറത്താക്കിയ വാര്‍ത്ത പുറത്തുവന്നതോടെയാണ് സാധാരണ പ്രവര്‍ത്തകര്‍ രംഗത്തുവരുന്നത്. ഇതേത്തുടര്‍ന്നാണ് മടവൂര്‍ വിഭാഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിച്ചത്.