Connect with us

Kerala

മഴക്കെടുതി: സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടുകാരെ മഴക്ക് വിട്ടുകൊടുത്തിട്ട് കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് സര്‍ക്കാര്‍. ദിവസങ്ങളായി ആളുകള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. താലൂക്ക് ആശുപത്രി അടച്ചിട്ടിരിക്കുന്നു. ജനപ്രതിനിധികള്‍ കുട്ടനാട് സന്ദര്‍ശിക്കാത്തത് അങ്ങേയറ്റം നിരുത്തരവാദപരമാണ്. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ആളുകളുടെ പരാതി വ്യാപകമാണ്. ഒരിക്കലും ഇതുപോലൊരു അനാസ്ഥ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നു.
സര്‍ക്കാറിന്റെ സര്‍ക്കാര്‍ സംവിധാനം ഇത്രയേറെ കെട്ടകാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്നും മൂന്ന് മന്ത്രിമാര്‍ സംസ്ഥാനത്തുണ്ട്. ഒരാള്‍ക്കെങ്കിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതല എടുത്തുകൂടെയെന്നും ചെന്നിത്തല ചോദിച്ചു.

ആളുകള്‍ പരസ്പരം സഹായിച്ചും നല്ലവരായ ചില മനുഷ്യരുടെ പിന്തുണകൊണ്ടുമാണ് ഈ ദുരന്തത്തെ നേരിടുന്നത്. ആളുകള്‍ തളര്‍ന്നു കഴിഞ്ഞു. പിടിപ്പുകേട് അവസാനിപ്പിച്ചു സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. കുട്ടനാട്ടുകാരെ രക്ഷിക്കണം. പലവീടുകളിലേക്കും ഒരാള്‍പൊക്കത്തില്‍ വെള്ളം ഇരച്ചുകയറി. കുടിവെള്ളമില്ല, ഭക്ഷണം പാചകം ചെയ്യാന്‍ സംവിധാനമില്ല, ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യത്തിന് ഭക്ഷണപൊതികള്‍ എത്തിക്കാന്‍ കഴിയുന്നില്ല…ഇങ്ങനെ നീളുന്നു ഇവിടുത്തെ ദുരിത ജീവിതം. ജനജീവിതം തല കീഴായി മറിഞ്ഞിരിക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ഇരുട്ടിലാണ്. മൊബൈല്‍ഫോണുകള്‍ നിശ്ചലമായി. കക്കൂസ്മാലിന്യങ്ങള്‍ പലയിടത്തും ഒഴുകിപടരുന്നു. പകര്‍ച്ച വ്യാധികളുടെ വന്‍ഭീഷണിയില്‍ നില്‍ക്കുമ്പോഴും നിലവിലെ അസുഖം ചികില്‍സിക്കാന്‍ പോലും സംവിധാനം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest