രാഹുല്‍ ഗാന്ധി ഹൃദയങ്ങള്‍ കീഴടക്കിയെന്ന് ശിവസേന മുഖപത്രം

Posted on: July 21, 2018 10:55 am | Last updated: July 21, 2018 at 1:27 pm
SHARE

മുംബൈ: രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം സാമ്‌ന. അവിശ്വാസപ്രമേയത്തിലെ യഥാര്‍ത്ഥ വിജയി രാഹുല്‍ ഗാന്ധിയാണെ രീതിയിലാണ് ഇന്ന് സാമ്‌ന വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. ലോക്‌സഭയിലെ പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകാന്‍ രാഹുല്‍ഗാന്ധിക്ക് സാധിച്ചെന്നും സാമ്‌ന പറയുന്നു. രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രമാണ് പ്രധാനവാര്‍ത്തക്കൊപ്പം സാമ്‌ന പ്രസിദ്ധീകരിച്ചത്. ഹൃദയം കൊണ്ട് രാഹുല്‍ ഗാന്ധി വിജയിച്ചിരിക്കുന്നു എന്ന രീതിയിലാണ് വാര്‍ത്തക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്.

അവിശ്വാസ പ്രമേയത്തെ ബിജെപി സര്‍ക്കാര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ മറികടന്നെങ്കിലും സാമ്‌നയിലെ വാര്‍ത്തകള്‍ അധികവും പ്രതിപക്ഷത്തെ പുകഴ്ത്തുന്നതാണ്. അവിശ്വാസ പ്രമേയം സഭ വോട്ടിനിട്ട് തള്ളിയെങ്കിലും എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് ബിജെപിക്ക് തിരിച്ചടിയായിരുന്നു.

അതേസമയം, ശിവസേന ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ചന്ദ്രകാന്ത് ഖൈറയെ മാറ്റി. പാര്‍ട്ടി തീരുമാനത്തിന് മുന്‍പ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയതിന്റെ പേരിലാണ് നടപടി. അവിശ്വാസ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ അനുകൂലിച്ച് വോട്ട് ചെയ്യാനായിരുന്നു ശിവസേന എംപിമാരോട് വിപ്പ് നല്‍കി ആവശ്യപ്പെട്ടത്.

അവിശ്വാസപ്രമേയത്തില്‍ പിന്തുണ ആവശ്യപ്പെട്ട് അമിത് ഷാ, ഉദ്ധവ് താക്കറെയുമായി ഫോണില്‍ സംസാരിച്ചതായുള്ള റിപ്പോര്‍ട്ട് ശിവസേന തള്ളി. അമിത് ഷാ ഉദ്ധവ് താക്കറെ നിരവധി തവണ വിളിച്ചിരുന്നു. എ്ന്നാല്‍, ഉദ്ധവ് താക്കറെ സംസാരിച്ചിട്ടില്ലെന്നും വോട്ടെടുപ്പ് സംബന്ധിച്ച് ആര്‍ക്കും ഉറപ്പ് കൊടുത്തിരുന്നില്ലെന്നും ശിവസേന വൃത്തങ്ങള്‍ അറിയിച്ചു.