കല്‍പ്പറ്റ: മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയിരുന്ന മൂന്നാമത്തെയാളും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് രക്ഷപ്പെട്ടത്. രണ്ട് പേര് ഇന്നലെ തന്നെ രക്ഷപ്പെട്ടിരുന്നു. മേപ്പാടി പഞ്ചായത്തിലെ കള്ളാടി തൊള്ളായിരം പ്രദേശത്തെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ഇന്നലെ വൈകീട്ടാണ് മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയത്. എമറാള്‍ഡ് ഗ്രുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ജോലിക്കാരാണ് ഇവര്‍. ഈ വിവരം ആരോ മേപ്പാടി പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു.
തൊഴിലാളികളെ വിട്ടുകിട്ടാന്‍ മാവോയിസ്റ്റ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന് സ്ഥല ഉടമ വെളിപ്പെടുത്തിയിരുന്നു. തോക്കുധാരികളായ സായുധ സംഘത്തില്‍ ഒരാള്‍ സ്ത്രീയാണെന്നതടക്കമുള്ള വിവരങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, രക്ഷപ്പെട്ടവര്‍ പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. സായുധ സംഘത്തില്‍ ആറ് പേരുണ്ടായിരുന്നുവെന്ന് ഒരാള്‍ പറയുമ്പോള്‍ ഏഴ് പേരുണ്ടായിരുന്നതായി മറ്റൊരാള്‍ പറയുന്നു. ഏതായാലും തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടില്‍ തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.
തിരുനെല്ലിയില്‍ റിസോര്‍ട്ടിനെതിരെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റിയാടി മേഖലയിലും മാവോയിസ്റ്റുകളെ കണ്ടിരുന്നു.