പുതിയ നൂറ് രൂപാ നോട്ടുകള്‍ എ ടി എം സംവിധാനം താറുമാറാക്കുമെന്ന് വിദഗ്ധര്‍; കാലിബറേഷന് 100 കോടി ചെലവാകും

Posted on: July 21, 2018 9:15 am | Last updated: July 21, 2018 at 11:37 am
SHARE

ന്യൂഡല്‍ഹി: പുതിയ നൂറ് രൂപാ നോട്ട് എ ടി എമ്മുകളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് എ ടി എം ഓപറേഷന്‍ കമ്പനികള്‍. രാജ്യത്തെ എ ടി എമ്മുകള്‍ പുതിയ നൂറ് രൂപാ നോട്ടുകള്‍ക്കായി റീ കാലിബറേറ്റ് ചെയ്യാന്‍ 100 കോടി രൂപയെങ്കിലും വേണ്ടി വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കി. രാജ്യത്താകെ 2.4 ലക്ഷം ടെല്ലര്‍ മെഷീനുകളാണ് ഉള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 200 രൂപാ നോട്ടുകള്‍ക്കായി റീ കാലിബറേഷന്‍ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടേ ഉള്ളൂ. അതിനിടക്ക് പുതിയ നോട്ട് വരുന്നത് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നതെന്ന് എഫ് എസ് എസ് പ്രസിഡന്റ് വി ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

പഴയതും പുതിയതുമായ 100 രൂപാ നോട്ടുകള്‍ ഒരുമിച്ച് വിപണിയില്‍ നിലനില്‍ക്കുന്നതും വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള അസന്തുലിതാവസ്ഥ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് മറ്റൊരു വിദഗ്ധനായ രാധാ രാമ ദോറൈ പറഞ്ഞു.

റീ കാലിബറേഷന് നൂറ് കോടി ചെലവിടണമെന്നത് മാത്രമല്ല പ്രശ്‌നം അതിന് 12 മാസം സമയമെടുക്കുമെന്നും ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ലോണി ആന്റണി വ്യക്തമാക്കി. അടുത്ത മാസത്തോടെ ഇളം വയലറ്റ് നിറത്തിലുള്ള നൂറ് രൂപ നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബേങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വച്ഛ് ഭാരതിന്റെ ലോഗോയോട് കൂടെയുള്ള നോട്ടിന്റെ പിന്‍ഭാഗത്ത് ഗുജറാത്തിലെ റാണി കി വാവ് സ്മാരകം ആലേഖനം ചെയ്തിട്ടുണ്ട്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍പ്പെട്ട ചരിത്രസ്മാരകമാണിത്. മധ്യപ്രദേശിലെ ദേവാസിയിലെ സെക്യൂരിറ്റി പ്രസിലാണ് നോട്ടുകള്‍ അച്ചടിക്കുന്നത്.