35 രൂപ പ്രതിമാസ വാടക നല്‍കാനില്ല; അലഹാബാദിലെ കോണ്‍ഗ്രസ് ഓഫീസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍

Posted on: July 21, 2018 10:08 am | Last updated: July 21, 2018 at 1:13 am
SHARE

അലഹബാദ്: വാടക കൃത്യമായി അടക്കാത്തതിനാല്‍ അലഹബാദിലെ കോണ്‍ഗ്രസ് ഓഫീസ് ഒഴിയേണ്ടി വന്നേക്കും. പ്രതിമാസ വാടകയായ 35 രൂപ തുടര്‍ച്ചയായി മുടക്കിയതിനെ തുടര്‍ന്ന് ഓഫീസ് ഒഴിഞ്ഞ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്് കെട്ടിട ഉടമ. ദശകങ്ങളായി വാടക നല്‍കാതെ കുടിശ്ശിക 50,000 രൂപയിലും അധികമായതോടെയാണ് ഉടമസ്ഥന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടത്.

അലഹബാദിലെ കണ്ണായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോണ്‍ഗ്രസ് മന്ദിരത്തിന് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുണ്ട്. സ്വാതന്ത്ര്യ സമര കാലത്തെ ചര്‍ച്ചകള്‍ക്കും നേതൃയോഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കെട്ടിടമാണിത്. മൂവായിരം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കെട്ടിടം കമലാ നെഹ്‌റു, ഇന്ദിരാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ നിരവധി നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയ ഇടമാണ്. അതിനാല്‍ വൈകാരിക ബന്ധം പുലര്‍ത്തുന്ന കെട്ടിടം എന്തുകൊണ്ടും കോണ്‍ഗ്രസ് നിലനിര്‍ത്തണമെന്നാണ് പഴയ കാല പ്രവര്‍ത്തകര്‍ പറയുന്നത്. കെട്ടിടത്തിന്റെ വാടക തീര്‍ത്തു തരണമെന്നും തുടര്‍ന്ന് വാടക നല്‍കാന്‍ ശേഷിയില്ലെങ്കില്‍ കെട്ടിടത്തില്‍ നിന്ന് മാറണമെന്നും ഉടമസ്ഥന്‍ രാജ് കുമാര്‍ സാരസ്വത് പാര്‍ട്ടി വൃത്തങ്ങളോട് ആവശ്യപ്പെട്ടു. ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായ നോട്ടീസും നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ പണം കുടിശ്ശികയടക്കം നല്‍കുക, അല്ലെങ്കില്‍ ജൂലൈ അവസാനത്തോടെ ഒഴിയുക ഇതാണ് സാരസ്വതിന്റെ അന്ത്യശാസനം.

കെട്ടിടം കൈവിട്ട് പോവാതെ നിലനിര്‍ത്താനായി വാടക നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സംസ്ഥാന പ്രസിഡന്റ് രാജ് ബബ്ബാറിനും പ്രവര്‍ത്തകര്‍ കത്തയച്ചിട്ടുണ്ട്. പാര്‍ട്ടി ഭാരവാഹികളിലും പ്രധാന പ്രവര്‍ത്തകരില്‍ നിന്നും പണം സ്വരൂപിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് കിശോര്‍ വാര്‍ശ്‌നി പറഞ്ഞു.
എന്നാല്‍ വന്‍ തുക ചെലവിടുന്ന കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിക്ക് 35 രൂപ വാടകയിനത്തില്‍ അടക്കാനാകില്ലെന്ന് പറയുന്നത് ദുരൂഹമാണെന്ന് ബി ജെ പി പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here