ദളിത് പാചകക്കാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്‌കൂളിന് നേരെ സവര്‍ണ ആക്രമണം

Posted on: July 21, 2018 1:07 am | Last updated: July 21, 2018 at 1:07 am

ചെന്നൈ: സ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്ന ദളിത് പാചകക്കാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ സ്‌കൂളിന് നേരെ അക്രമം. ദളിത് സ്ത്രീ വെച്ചു വിളമ്പുന്ന ഭക്ഷണം തങ്ങളുടെ മക്കള്‍ എങ്ങനെ കഴിക്കുമെന്ന് ചോദിച്ച് മേല്‍ജാതിക്കാര്‍ എന്നവകാശപ്പെട്ട സംഘം ആക്രണം അഴിച്ചു വിടുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പതിയിലാണ് സംഭവം.

പി പപ്പാല്‍ എന്ന് ദളിത് വനിതയെയാണ് ഒച്ചം പാളയം ഗ്രാമത്തിലെ സ്‌കൂളില്‍ പാചക്കാരിയായി നിയമിച്ചത്. എന്നാല്‍ ഇവരെ ചുമതലയേല്‍ക്കാന്‍ മേല്‍ജാതിക്കാരായ ഗൗണ്ടരുകള്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇവരെ സ്വന്തം ഗ്രാമത്തിലേക്ക് സര്‍ക്കാര്‍ മാറ്റുകയായിരുന്നു. സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മിഷന്‍ വിശദീകരണം തേടി.

രക്ഷിതാക്കള്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് അക്രമവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഇവരുടെ നിയമനം റദ്ദാക്കിയെങ്കിലും ദളിത് വിഭാഗത്തിലുള്ള ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തിരുപ്പൂര്‍ സബ് കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ഇടപെട്ട് ഇവരെ ജോലിയില്‍ തുടരാന്‍ നിര്‍ദേശിച്ചെങ്കിലും അത് നടപ്പാക്കാനായിട്ടില്ല.