ജെസ്‌നയെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചതായി സര്‍ക്കാര്‍

Posted on: July 21, 2018 12:46 am | Last updated: July 21, 2018 at 12:46 am
SHARE

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയയെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനക്ക് വന്നപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കേസിന്റെ പൂര്‍ണ വിവരം തുറന്ന കോടതിയില്‍ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിക്ക് എഴുതി നല്‍കി.

സര്‍ക്കാര്‍ വാദങ്ങള്‍ പരിശോധിച്ച കോടതി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട്‌പോകട്ടെയെന്ന് നിരീക്ഷിച്ചു. കേസ് അന്വേഷണത്തിന് അല്‍പ്പം കൂടി സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റിവെച്ചു. കഴിഞ്ഞ മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്‌നയെ കാണാതായത്.

കേസില്‍ മൂന്ന് മാസത്തിലധികമായി അന്വേഷണം നടത്തുന്ന പോലീസ് ആദ്യമായാണ് തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെടുന്നത്. ദിവസങ്ങളോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കേസില്‍ ലഭിച്ചിരുന്നില്ല.
എന്നാല്‍ അടുത്തിടെ ജെസ്‌നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here