കാണാതായ ഭര്‍തൃമതിയെ നാദാപുരത്ത് കണ്ടെത്തി

Posted on: July 21, 2018 12:37 am | Last updated: July 21, 2018 at 12:37 am
SHARE

നാദാപുരം: ആഴ്ച്ചകള്‍ക്ക് മുമ്പ് ഏറണാകുളത്ത് നിന്ന് കാണാതായ യുവതിയെ നാദാപുരത്ത് നിന്ന് പോലീസ് കണ്ടെത്തി. ഏറണാകുളം ഞാറക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഭര്‍തൃമതിയായ 22കാരിയെ കാണാതായത്.
തുടര്‍ന്ന് ബന്ധുക്കള്‍ ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച്ച രാവിലെ നാദാപുരം പോലീസിന് ലഭിച്ച വിവരമാണ് യുവതിയെ കണ്ടെത്താന്‍ സഹായിച്ചത്. നാദാപുരം -തലശ്ശേരി റോഡിലെ ടെക്സ്റ്റയില്‍സില്‍ നിന്നാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത യുവതിയെ വൈകുന്നേരത്തോടെ വടകര വനിതാ സെല്ലിലേക്ക് മാറ്റി. രാത്രിയോടെ വടകരയിലെത്തിയ ഞാറക്കല്‍ പോലീസ് സംഘത്തിന് കൈമാറി. ടെക്സ്റ്റയില്‍സില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന പത്ര പരസ്യം കണ്ടാണ് കടയില്‍ ജോലിക്കെത്തിയതെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. മൂന്നാഴ്ച്ചയോളമായി യുവതി നാദാപുരത്തെ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഇതിന് മുമ്പും യുവതി ഭര്‍ത്താവുമായി പിണങ്ങി നാട് വിട്ട് പോയിരുന്നു. യുവതിയുടെ സുഹൃത്ത് മുഖേനയാണത്രേ നാദാപുരത്തെ ടെക്സ്റ്റയില്‍സില്‍ ജോലിക്കെത്തിയതെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിനൊപ്പം പോയി.