റയല്‍ മാഡ്രിഡിലേക്കില്ല; പി എസ് ജിയില്‍ തുടരും: നെയ്മര്‍

Posted on: July 21, 2018 12:20 am | Last updated: July 21, 2018 at 12:20 am

സാവോപോളോ: ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചുവട് മാറ്റുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് തത്കാലം വിരാമം. ഫ്രാന്‍സില്‍ പി എസ് ജി ക്ലബ്ബില്‍ തുടരുമെന്ന് നെയ്മര്‍ വ്യക്തമാക്കി. എനിക്ക് പാരിസ് ക്ലബ്ബുമായിട്ട് കരാര്‍ ശേഷിക്കുന്നു, ഇവിടെ തന്നെ തുടരും – നെയ്മര്‍ പറഞ്ഞു. സാവോപോളോയില്‍ ചാരിറ്റി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവെയാണ് നെയ്മര്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയില്‍ നിന്ന് ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ് നെയ്മര്‍ പി എസ് ജിയിലെത്തിയത്. 264 ദശലക്ഷം ഡോളറിന്റെ ട്രാന്‍സ്ഫര്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവെന്റസിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മര്‍-റയല്‍ ട്രാന്‍സ്ഫര്‍ കഥകളിറങ്ങിയത്. എന്നാല്‍, റയല്‍ മാഡ്രിഡ് അധികൃതര്‍ ട്രാന്‍സ്ഫര്‍ നീക്കം നിഷേധിച്ചിരുന്നു. പിന്നാലെ നെയ്മറും താന്‍ ക്ലബ്ബ് വിടുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ്.
ക്രിസ്റ്റ്യാനോക്ക് പകരം എത്രയും വേഗം മറ്റൊരു പ്രതിഭയെ ടീമിലെത്തിക്കുമെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരെസ് വ്യക്തമാക്കി. ചെല്‍സിയുടെ എദെന്‍ ഹസാദിനെയാണ് പെരെസ് നോട്ടമിട്ടിരിക്കുന്നത്. ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ ഹീറോ ആയിരുന്നു മിഡ്ഫീല്‍ഡറായ ഹസാദ്.

റോഡ്രിഗസിനെ ബയേണ്‍ വിട്ടു നല്‍കില്ല
പുതിയ പരിശാലികന്റെ കിഴില്‍ പുതിയ സീസണില്‍ പ്രതീക്ഷകളോടെ ഇറങ്ങാനിരിക്കുന്ന റയല്‍ മാഡ്രിഡിന് തിരിച്ചടി.ലോണ്‍ അടിസ്ഥനത്തില്‍ ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയ കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ് റയലിലേക്ക് ഈ സീസണില്‍ തിരികെ എത്തില്ല.ഇതോടെ വരുന്ന സീസണില്‍ റയലിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാകും.

ക്ലബ്ബിന്റെ സൂപ്പര്‍ താരമായ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതോടെ ആ വിടവ് നികത്താന്‍ മറ്റൊരു സൂപ്പര്‍ താരത്തെ അന്വേഷിച്ചു നടക്കുകയാണ് റയല്‍ മാഡ്രിഡ്.ചെല്‍സിയുടെ ബെല്‍ജിയം സൂപ്പര്‍ താരമായ ഈഡന്‍ ഹസാര്‍ഡിനെയാണ് റൊണാള്‍ഡോയ്ക്ക് പകരമായി റയല്‍ കണ്ടുവച്ചിരിക്കുന്നത്.എന്നാല്‍ ചെല്‍സിയുടെ പുതിയ പരിശീലകനായ മൗറിസിയോ സാരി ഹസാര്‍ഡിനെ വിട്ടുകൊടുക്കുമോയെന്നത് ഇനിയും വ്യക്തമല്ല.
കൂടാതെ ഇതോടൊപ്പം ബ്രസീലിയന്‍ സൂപ്പര്‍ താരമായ മാഴ്‌സെലോയും ടീം വിടുമെന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ട്.ഇതിനിടയിലാണ് വായ്പയ്ക്ക് ശേഷം റോഡ്രിഗസ് തിരികെത്തിലെന്ന വാര്‍ത്ത ബയേണ്‍ മ്യൂണിക്ക് പുറത്തുവിട്ടത്.

ബയേണ്‍ മ്യൂണിക്കിന്റെ പുതിയ പരിശീലകനായ നിക്കോ കൊവാച്ചാണ് റോഡ്രിഗസ് റയലില്‍ എത്തില്ലെന്ന കാര്യം അറിയിച്ചത്.
‘ബയേണിനെ സംബന്ധിച്ചടുത്തോളം റോഡ്രിഗസ് ടീമിലെ ഒഴിച്ചുകൂടാനാകാത്ത താരമാണ്.താരം ടീമിലെത്തിയത് ലോണ്‍ അടിസ്ഥാനത്തിലായതിനാല്‍ റയലിന് എപ്പോള്‍ വേണമെങ്കില്‍ താരത്തെ ടീമിലേക്ക് തിരികെ വിളിക്കാം.എന്നാല്‍ ഈ സമയം അദ്ദേഹത്തിന് ഈ ടീം വിടുന്നതില്‍ താല്‍പര്യമില്ല.അദ്ദേഹം ബയേണില്‍ നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു -ബയേണ്‍ കോച്ച് പറഞ്ഞു.