Connect with us

Sports

ചരിത്രത്തിലേക്ക് പാക് ഡബിള്‍

Published

|

Last Updated

ബുലാവായോ: പാക്കിസ്ഥാന്റെ ഏകദിന ക്രിക്കറ്റില്‍ ചരിത്രം പിറന്നു. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ പാക് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി സംഭവിച്ചു.
അന്താരാഷ്ട്ര ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമായി മാറിയത് ഫഖര്‍ സമാന്‍. 156 പന്തുകള്‍ നേരിട്ട ഫഖര്‍ 210 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് പാക്കിസ്ഥാന്‍ അടിച്ചുകൂട്ടിയത്.
സിംബാബ്വെ 42.4 ഓവറില്‍ 155ന് ആള്‍ ഔട്ടായി. 244 റണ്‍സിന്റെ ഗംഭീര ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.

ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ പുതിയൊരു ലോക റെക്കോര്‍ഡും ഈ മത്സരത്തില്‍ പിറന്നു. ഇമാം ഉല്‍ ഹഖും, ഫഖര്‍ സമാനും ചേര്‍ന്ന് 304 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 300 റണ്‍സില്‍ അധികം നേടുന്ന ആദ്യ താരങ്ങള്‍ കൂടിയായി ഇവര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് 304 റണ്‍സിനാണ് സിംബാബ്‌വേക്ക് നേടാനായത്. ഇമാം ഉള്‍ ഹഖ് 113 പന്തില്‍ 122 റണ്‍സ് നേടി. ശ്രീലങ്കയുടെ ഉപുല്‍ തരംഗയും സനത് ജയസൂര്യയും ചേര്‍ന്ന് നേടിയ 286 റണ്‍സെന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഇനി പാക്കിസ്ഥാന്റെ പേരിലായിരിക്കും.

പാക് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറിന് ഉടമ കൂടിയായി ഫഖര്‍ സമാന്‍. നേരത്തെ 1997ല്‍ സയീദ് അന്‍വര്‍ ഇന്ത്യയ്‌ക്കെതിരെ നേടിയ 194 റണ്‍സ് ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ രോഹിത് ശര്‍മ ഏകദിനത്തില്‍ മൂന്നു തവണ 200 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ക്രിസ് ഗെയില്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരാണ് ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍.

Latest