Connect with us

Sports

ചരിത്രം കുറിക്കാന്‍ ഇന്ത്യന്‍ ടീം; ആദ്യമായി രാജ്യാന്തര ഫുട്‌ബോള്‍ കളിക്കാന്‍ ചൈനയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ടീം ചൈനയില്‍ സൗഹൃദ മത്സരം കളിക്കും.
ഒക്ടോബര്‍ എട്ടിനും 16നും ഇടയിലാകും ഇന്ത്യ ചൈനയില്‍ കളിക്കുക. തീയതി സംബന്ധിച്ച വ്യക്തത വന്നിട്ടില്ല. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒക്ടോബര്‍ 13 ആണ് നിര്‍ദേശിച്ചത്. ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനമറിയിക്കണം.

ഫിഫ റാങ്കിംഗില്‍ 97ാം സ്ഥാനത്തുള്ള ഇന്ത്യ എഴുപത്തഞ്ചാം സ്ഥാനത്തുള്ള ചൈനയുമായി രാജ്യാന്തര ഫുട്‌ബോള്‍ കളിക്കുന്നത് ശ്രദ്ധേയമാകും. പ്രത്യേകിച്ച് ചൈനയില്‍ ആദ്യമായിട്ടാകും ഇന്ത്യ രാജ്യാന്തര മത്സരം കളിക്കുന്നത്.
പതിനേഴ് തവണ കളിച്ചപ്പോഴും അത് ഇന്ത്യന്‍ മണ്ണിലായിരുന്നു. എന്നിട്ടും ഒരു ജയം പോലും ഇന്ത്യക്കില്ല. പന്ത്രണ്ട് ജയവുമായി ചൈന ബഹുദൂരം മുന്നില്‍. അഞ്ച് മത്സരംസമനിലയായി. അവസാനമായി കളിച്ചതാകട്ടെ 1997 ല്‍ കൊച്ചിയില്‍ നെഹ്‌റു കപ്പില്‍. അതേ സമയം, അണ്ടര്‍ 16 ദേശീയ ടീം ചൈനയില്‍ കഴിഞ്ഞ മാസം ഒരു ടൂര്‍ണമെന്റ് കളിച്ചിരുന്നു. കൊറിയ, തായ്‌ലന്‍ഡ് ടീമുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ടൂര്‍ണമെന്റ്.
ജനുവരിയിലാണ് എ എഫ് സി ഏഷ്യന്‍ കപ്പ്.
ഇതിന് മുന്നോടിയായി ചൈനയെ പോലൊരു ടീമിനെ നേരിടുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രയാണത്തിന് ഗുണം ചെയ്യും.

ഫുട്‌ബോള്‍ വിപണിയില്‍ വലിയ കുതിച്ചു ചാട്ടം നടത്തുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയുമെന്ന് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
രണ്ട് ദശാബ്ദമായി ചൈനയുമായി ഫുട്‌ബോള്‍ ബന്ധമില്ലാതെ പോയതും ഈ സൗഹൃദ മത്സരത്തോടെ പരിഹരിക്കപ്പെടും.
ഭാവിയില്‍ കൂടുതല്‍ മത്സരങ്ങള്‍ ചൈനയുമായി കളിക്കുന്നത് സംബന്ധിച്ച ആലോചനകളും ബന്ധം പുതുക്കുന്നതോടെയുണ്ടാകുമെന്ന് കുശാല്‍ ദാസ് പ്രത്യാശ പ്രകടിപ്പിച്ചു.

---- facebook comment plugin here -----

Latest