ഇസ്‌റാഈലില്‍ ജൂതര്‍ക്കെന്ത്?

Posted on: July 21, 2018 8:45 am | Last updated: July 20, 2018 at 10:48 pm
SHARE

ഇസ്‌റാഈലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചു കൊണ്ടുള്ള വിവാദ ബില്‍ ഇസ്‌റാഈല്‍ പാര്‍ലിമെന്റ് അംഗീകരിച്ചതോടെ അറബ് വംശജരുടെ ദുരിതം ശതഗുണീഭവിക്കുമെന്നുറപ്പ്. വ്യാഴാഴ്ചയാണ് ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഇസ്‌റാഈലിനെ ജൂതജനതയുടെ ദേശീയ രാഷ്ട്രമായി നിര്‍വചിക്കുന്ന നിയമം 55നെതിരെ 62 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റ് പാസ്സാക്കിയത്. ജൂതന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കു മുന്‍ഗണന ഉറപ്പാക്കുന്ന നിയമം അവിഭക്ത ജെറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നു. ഔദ്യോഗികഭാഷാ പദവിയില്‍ നിന്ന് അറബി ഭാഷയെ ബില്‍ നീക്കിയിട്ടുണ്ട്. നേരത്തേ ഹീബ്രുവിനൊപ്പം ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിരുന്ന അറബിക്ക് ഇനി പ്രത്യേക പദവി മാത്രമേ ഉണ്ടാകൂ. ഫലസ്തീനിനെ വെട്ടിമുറിച്ചു സ്ഥാപിച്ച ഈ അനധികൃത രാജ്യത്തെ ജൂതരാഷ്ട്രമെന്നാണ് ഇസ്‌റാഈലികളും അവരുടെ അനുകൂലികളും നേരത്തെ തന്നെ വിശേഷിപ്പിച്ചു വന്നതെങ്കിലും അതിനു നിയമസാധുത നല്‍കിയിരുന്നില്ല.
ജൂതന്മാരുടെ പൂര്‍വികഭൂമിയാണ് ഇസ്‌റാഈലെന്നും ജൂതന്മാര്‍ക്ക് അവിടെ സവിശേഷ അധികാരമുണ്ടെന്നുമാണ് നിയമത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഫലസ്തീനിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശത്തിന്മേല്‍ ജൂതര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് ചരിത്രപരമായി യാതൊരു സാധൂകരണവുമില്ല. യേശു ജനിക്കുന്നതിന് 6,000 കൊല്ലം മുമ്പ് അറേബ്യന്‍ ഉപദ്വീപില്‍ നിന്നെത്തിയ കനാനുകാരാണ് ഫലസ്തീനിലെ ആദിമവാസികളെന്നും ഇവരാണ് ഫലസ്തീനികള്‍ എന്നറിയപ്പെടുന്നതെന്നുമാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതുകഴിഞ്ഞു 4,600 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജൂതന്മാര്‍ ഈ പ്രദേശത്ത് കുടിയേറുന്നത് തന്നെ.

ആര്‍ഥര്‍ കോസ്‌ലറെ പോലുള്ള ജൂതവംശജരായ പ്രമുഖ എഴുത്തുകാരുടെ പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത് നിലവിലെ ജൂതന്‍മാരുടെ 80 ശതമാനത്തിലേറെയും ചരിത്രപരമായി ഫലസ്തീനുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നാണ്. ഇസ്‌റാഈല്‍ വംശവുമായിട്ടും അവര്‍ക്ക് ബന്ധമില്ല. ഇന്നത്തെ ജൂതന്‍മാരിലെ ബഹുഭൂരിപക്ഷവും വംശപരമായി ഖസര്‍, അഷ്‌കനാസ് ജൂതരില്‍ ചെന്നുചേരുന്നവരാണ്. ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടില്‍ ജൂതമതത്തിലേക്ക് കടന്നുവന്ന ഉത്തര കൊക്കേഷ്യയിലെ താര്‍ത്താരി തുര്‍ക്കി ഗോത്രങ്ങളാണവ. ജൂതരുടെ രാഷ്ട്രീയമോ നാഗരികമോ ആയ യാതൊരു സാന്നിധ്യവും നേരത്തെ ഫലസ്തീനില്‍ ഉണ്ടായിരുന്നില്ല. യഥാര്‍ഥത്തില്‍ ജൂതന്‍മാര്‍ക്ക് മടങ്ങാനുള്ള അവകാശമുണ്ടെങ്കില്‍ അത് ഫലസ്തീനിലേക്കല്ല, ദക്ഷിണ റഷ്യയിലേക്കാണ്. ഫലസ്തീനു മേല്‍ ഇവര്‍ ഉന്നയിക്കുന്ന അവകാശവാദം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ ചരിത്രത്തെ ആധാരമാക്കിയുള്ളതാണ്.
മൂസാ നബി(സ) നിയോഗിതരായ ജനതയാണ് ചരിത്രത്തില്‍ ബനൂ ഇസ്‌റാഈല്‍ എന്നറിയപ്പെടുന്നത്. ഈ സന്താനപരമ്പരയില്‍ പെട്ടവരല്ല ഇന്നത്തെ ജൂതന്‍മാരെന്ന് സമൂഹങ്ങളുടെ ചരിത്രം പഠനം നടത്തിയ നിരവധി ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങള്‍ ഇബ്‌റാഹീം നബിയുടെ സന്താനപരമ്പരയില്‍ പെട്ടവരാണെന്ന അവരുടെ വാദവും വ്യാജമാണെന്ന് വംശവും നാഗരികതയും’, ( ഫ്രെഡ്രിക് ഹെര്‍ട്‌സ്) ‘യൂറോപിലെ വംശങ്ങള്‍’ (വില്യം റിപ്ലെ) ‘വംശങ്ങളും ചരിത്രവും’ (യൂജെന്‍ പീറ്റാഡ്)തുടങ്ങിയ ഗവേഷക ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.

1897ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ബാല്‍ നഗരത്തില്‍ തിയോഡോര്‍ ഹെര്‍സലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ലോക സയണിസ്റ്റ് സമ്മേളനത്തില്‍ ജൂതന്‍മാര്‍ക്ക് മാത്രമായി ഒരു രാഷ്ട്രമെന്ന ആശയം പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഫലസ്തീന്‍ വെട്ടിമുറിച്ചു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്ത ഉയര്‍ന്നു വന്നതും യൂറോപ്പില്‍ ഇതു സംബന്ധിച്ച ഗൂഢാലോചനകള്‍ അരങ്ങേറിയതും. ഇതിന് ചരിത്രപരമായ ചില കാരണങ്ങളുമുണ്ട്. ലോകചരിത്രത്തില്‍ എവിടെയും വെറുക്കപ്പെട്ടവരും നിന്ദ്യരുമായ വിഭാഗമായിരുന്നു സ്വന്തം പ്രവാചകന്മാരെ പോലും കൊന്നൊടുക്കുകയും ചെല്ലുന്നിടത്തെല്ലാം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ജൂതര്‍. യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാര്‍ ജൂതരായിരുന്നു എന്ന വിശ്വാസത്താല്‍ ക്രിസ്തീയര്‍ പൊതുവെ ജൂതവിരോധം പുലര്‍ത്തുന്നവരാണ്. ഷേക്‌സ്പിയര്‍ കൃതികളില്‍ പോലും ജൂതന്മാര്‍ വെറുക്കപ്പെട്ടവരായി ചിത്രീകരിക്കപ്പെട്ടത് യാദൃശ്ചികമല്ല. 1007 മുതല്‍ 1012 വരെ യൂറോപ്പില്‍ ഒട്ടനവധി ജൂതന്മാര്‍ നിര്‍ബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാണ് ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതിനുമപ്പുറം ജുതരെ യൂറോപ്പില്‍ നിന്ന് കുടിയൊഴിപ്പിക്കണമെന്ന ചിന്തയും യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തിയായി. ഈ ലക്ഷ്യത്തില്‍ ഫലസ്തീനെ വെട്ടിമുറിച്ചു ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിച്ചാല്‍, അത് എക്കാലവും അറബികളുടെ ഉറക്കം കെടുത്തുമെന്ന ദുഷ്ട ബുദ്ധിയും ഇസ്‌ലാമിക വിരോധികളായ യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കളുടെ അകമേ ഉണ്ടായിരിക്കാം. ഈ ചരിത്ര പശ്ചാത്തലത്തില്‍ ഇസ്‌റാഈലിന്റെ ജൂതരാഷ്ട്ര പ്രഖ്യാപനത്തിന് യൂറോപ്പിന്റെയും അമേരിക്കയുടെയും പിന്തുണ ലഭിക്കാനാണ് സാധ്യത.

ഇസ്‌റാഈല്‍ എന്ന രാജ്യം നിലനില്‍ക്കേണ്ടത് യൂറോപ്യരുടെ ആവശ്യമാണ്. അത് ഇല്ലാതായാല്‍ തങ്ങള്‍ക്ക് ശല്യമായിരുന്ന ജൂതര്‍ തിരികെ യൂറോപ്പിലേക്ക് തന്നെ കുടിയേറുമെന്ന് അവര്‍ ഭയക്കുന്നു. ഇതുതന്നെയാണ് ഫലസ്തീനില്‍ ഇസ്‌റാഈല്‍ കാണിക്കുന്ന കൊടും ക്രൂരതകള്‍ യൂറോപ്പ് നിസ്സാരവത്കരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നതിന്റെ കാരണവും.

LEAVE A REPLY

Please enter your comment!
Please enter your name here