സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ് രാഹുല്‍ ഇഫക്ട്

Posted on: July 20, 2018 11:54 pm | Last updated: July 20, 2018 at 11:54 pm
SHARE

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങള്‍. ശക്തനായ പ്രതിപക്ഷ നേതാവിന്റെ ശരീര ഭാഷയിലേക്ക് രാഹുല്‍ ഉയര്‍ന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നു വന്ന പൊതു വിലയിരുത്തല്‍. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം വ്യക്തമായ മേല്‍ക്കൈ നേടിയെന്ന് വ്യക്തമാക്കുന്നതാണ് കമന്റുകള്‍.

ആ കണ്ണിറുക്കല്‍ ഗംഭീരമായി സുഹൃത്തേ, നല്ല വേദനിക്കുന്ന അടി തന്നെയാണ് കൊടുത്തത്. അവരുടെ നുണ മൈനുകള്‍ വലിച്ച് പുറത്തിട്ടതിന് അഭിനന്ദനങ്ങള്‍. അസാധ്യ പ്രസംഗം- ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ അത്ഭുതകരമായ പ്രകടനമായിരുന്നു ലോക്‌സഭയില്‍ കണ്ടതെന്നും സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ പിഴുതെറിയുന്ന രീതിയിലുള്ള ഒരു ഗെയിം ചേഞ്ചിംഗ് പ്രസംഗമായിരുന്നു രാഹുലിന്റേതെന്നും കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. അപ്രതീക്ഷിതമായ ഒരു കെട്ടിപ്പിടിത്തത്തിലൂടെ ബി ജെ പി നേതൃത്വത്തെ രാഹുല്‍ ഞെട്ടിച്ചു കളഞ്ഞെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

രാഹുലിന്റെ പ്രസംഗവും ഒടുവിലുള്ള കെട്ടിപ്പിടിത്തവും ഞെട്ടിച്ചുകളഞ്ഞെന്നായിരുന്നു ട്വിറ്ററില്‍ പലരും പ്രതികരിച്ചത്. ഡൊണാള്‍ഡ് ട്രംപിനേയും മറ്റ് പലരെയും അങ്ങോട്ട് കെട്ടിപ്പിടിക്കുന്ന മോദിക്ക് എല്ലാം കൂടി ചേര്‍ത്ത് രാഹുല്‍ കൊടുത്തെന്ന് പറഞ്ഞാണ് ചിലര്‍ ചിത്രം ഷെയര്‍ ചെയ്യുന്നത്.
രാഹുല്‍ ഗാന്ധി വിജയക്കൊടി പാറിച്ച നാടക രാഷ്ട്രീയത്തില്‍ ഒടുവില്‍ രാഹുലും വിജയിച്ചുവെന്നാണ് മറ്റൊരു ട്വീറ്റ്. സംഭവം എന്തായാലും വൈറല്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ മുന്നിലെത്തിയെന്നും ട്വീറ്റ് വന്നു. ഇത് നല്ല തന്ത്രമാണ്. രാഹുല്‍ നന്നായി തന്നെ ചെയ്തു. ബി ജെ പിയുടെ പരാജയങ്ങള്‍ പ്രസംഗത്തിലൂടെ ഉയര്‍ത്തിക്കാട്ടി. ഒടുവില്‍ മോദിയെ കെട്ടിപ്പിടിച്ച് അവസാനിപ്പിച്ചു. മോദിയില്‍ നിന്നും ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസ് എങ്ങനെ വ്യത്യസ്തരായിരിക്കുന്നുവെന്ന് രാഹുല്‍ രാജ്യത്തിന് കാണിച്ചു കൊടുത്തുവെന്നാണ് മറ്റൊരു നെറ്റിസണ്‍ കുറിച്ചത്. ഇന്ത്യന്‍ പാര്‍ലിമെന്റിലെ ചരിത്ര നിമിഷം. മൊത്തം ബി ജെ പിയും ഞെട്ടിത്തരിച്ചു. വാട്ട് എ ഡേ… എന്നായിരുന്നു മറ്റൊരു കമന്റ്. രാഹുലാണ് രാജ്യത്തിന്റെ ഹീറോ. അദ്ദേഹം നാല് പാടും സിക്‌സര്‍ പറത്തി. മോദിയുടെ സ്റ്റെമ്പെടുക്കുകയും ചെയ്തുവെന്ന് ക്രിക്കറ്റ് ഭാഷയിലുമുണ്ട് കമന്റ്. ആ കെട്ടിപ്പിടിത്തം ഇന്ത്യന്‍ മനോഭാവമാണ് കാണിക്കുന്നത്. യഥാര്‍ഥ ഇന്ത്യന്‍, യഥാര്‍ഥ ഹിന്ദുവെന്ന് ഒരു യൂസര്‍ പറയുന്നു. ഇതാണ് ഭൂകമ്പമെന്നാണ് മറ്റൊരാള്‍ പറയുന്നത്.

രാഹുല്‍ പറഞ്ഞത്‌

> റാഫേല്‍ കരാര്‍ വിഷയത്തില്‍ നരേന്ദ്ര മോദി ചൗക്കി ദാര്‍ അല്ല, ഭാഗിദാര്‍ ആണ്. മോദി രാജ്യത്തോട് കള്ളം പറഞ്ഞു. റാഫേല്‍ ഇടപാട് 4500 കോടി രൂപയുടെ അഴിമതിയാണ്. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ വഞ്ചിക്കുന്നു. ഇതിന് പ്രധാനമന്ത്രി മറുപടി പറയണം.

> രാജ്യത്ത് സ്ത്രീകളും ദളിതരും ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. മോദി ജനങ്ങളെ വഞ്ചിക്കുകയാണ്.
> ജനങ്ങള്‍ക്ക് പൊള്ളായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പ്രധാനമന്ത്രി സത്യസന്ധനല്ല.
> അമിത് ഷായുടെ മകന്‍ ജയ് ഷാ മോദി ഭരണത്തിന് കീഴില്‍ നേട്ടമുണ്ടാക്കി. ഇത് അന്വേഷിക്കാന്‍ മോദി തയ്യാറാകുന്നില്ല. ജയ് ഷായുമായ ബന്ധപ്പെട്ട അഴിമതികള്‍ക്ക് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കൂട്ടുനില്‍ക്കുകയാണ്.
> യുവാക്കളും മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ പ്രയാസം അനുഭവിക്കുന്നു. രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് യുവാക്കള്‍ക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയിലെ യുവാക്കളുടെ വിശ്വാസത്തെ മോദി തകര്‍ത്തു.
> കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ തയ്യാറാകാത്ത മോദി രണ്ടര ലക്ഷം കോടിയോളം കോര്‍പറേറ്റ് കടം എഴുതിതള്ളി. കര്‍ഷകര്‍ മോദി ഭരണത്തില്‍ പ്രതിസന്ധിയിലാണ്.
> അധികാരമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് എതിര്‍ശബ്ദങ്ങളെ മോദി സര്‍ക്കാര്‍ ഭയക്കുന്നത്. അധികാരം നഷ്ടമായാല്‍ പല നടപടികളും നേരിടേണ്ടി വരുമെന്ന ഭീതി ബി ജെ പി സര്‍ക്കാറിനെ വേട്ടയാടുന്നു.
> ചൈനയുടെ താത്പര്യം സംരക്ഷിക്കാനാണ് മോദി ശ്രമിക്കുന്നത്. രാജ്യ സുരക്ഷയില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു.
> ജി എസ് ടി രാജ്യത്തെ ചെറുകിട വ്യാപാരികളെ തകര്‍ത്തു. പ്രധാനമന്ത്രിക്ക് തന്റെ അടുപ്പക്കാരായ വ്യവസായികളുമായി സംസാരിക്കാന്‍ മാത്രമാണ് താത്പര്യം.

> കാര്യം പറയുമ്പോള്‍ നിങ്ങള്‍ എന്നെ പപ്പു എന്ന് വിളിക്കുന്നു. നിങ്ങളുടെ ഉള്ളില്‍ എന്നോട് വെറുപ്പുണ്ടാകാം. എനിക്ക് നിങ്ങളോട് വെറുപ്പില്ല. പ്രധാനമന്ത്രി എന്റെ കണ്ണില്‍ നോക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here