ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ വീണ്ടും കൊളീജിയം ശിപാര്‍ശ

Posted on: July 20, 2018 11:43 pm | Last updated: July 20, 2018 at 11:43 pm
SHARE

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ശിപാര്‍ശ കൊളീജിയം വീണ്ടും കേന്ദ്ര സര്‍ക്കാറിന് നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഇന്നലെ വൈകീട്ട് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം യോഗമാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്തത്. ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരുടെ പേരും ജസ്റ്റിസ് കെ എം ജോസഫിന്റെ പേരിനൊപ്പം ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം ആര്‍ ഷാഹയെ പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശിര്‍പാശ ചെയ്തു. കൂടാതെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും കൊളീജീയം ശിപാര്‍ശ ചെയ്തു. നേരത്തെ ജസ്റ്റിസ് കെ എം ജോസഫിന്റെ പേരിനൊപ്പം ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന ശിപാര്‍ശ പരിചയസമ്പന്നതയില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രം മടക്കിയിരുന്നു.
ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശിപാര്‍ശ കേന്ദ്രം മടക്കിയയച്ചതിന് പിന്നാലെ ശിപാര്‍ശ വീണ്ടും അയക്കുന്നതിന് മെയ് പതിനൊന്നിന് ചേര്‍ന്ന കൊളീജിയം തത്വത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെയും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കണമെന്നാവശ്യപ്പെട്ട് ജനുവരി പത്തിന് ചേര്‍ന്ന കൊളീജിയം യോഗമാണ് ശിപാര്‍ശ നല്‍കിയത്. എന്നാല്‍, ഏപ്രില്‍ 26ന് ഇന്ദു മല്‍ഹോത്രയുടെ ശിപാര്‍ശക്ക് അംഗീകാരം നല്‍കുകയും കെ എം ജോസഫിന്റെ ശിപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയക്കുകയുമായിരുന്നു. ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് സീനിയോറിറ്റി മറികടക്കലും പ്രദേശിക പ്രാതിനിധ്യം സംബന്ധിച്ച കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗ പ്രാതിനിധ്യം നിലവില്‍ സുപ്രീം കോടതിയില്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് അന്നുതന്നെ വാദം ഉയര്‍ന്നിരുന്നു. നിലവില്‍ ആവശ്യത്തിനുള്ള ജഡ്ജിമാരില്ലെന്നും സീനിയോറിറ്റി മറികടന്നും മറ്റും സുപ്രീം കോടതിയില്‍ നിരവധി നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മെയ് പതിനൊന്നിന് ചേര്‍ന്ന കൊളീജിയം ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്യാനായി തീരുമാനിച്ചത്. എന്നാല്‍, കെ എം ജോസഫിന്റെ പേര് മാത്രമായി അയക്കണമോ എന്ന കാര്യത്തില്‍ കൊളീജിയത്തില്‍ തര്‍ക്കം നടക്കുകയും മറ്റ് നിയമനങ്ങള്‍ക്കൊപ്പം അയച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here