ലോറി ബ്രേക്ക്ഡൗണ്‍ ആയി; ഫോര്‍മാലിന്‍ മത്സ്യം പിടിയിലായി

Posted on: July 20, 2018 11:33 pm | Last updated: July 20, 2018 at 11:33 pm
SHARE

വടകര: ഫോര്‍മാലിന്‍ ചേര്‍ത്ത നാല് ടണ്‍ മത്സ്യം വാഹന പരിശോധനക്കിടെ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന നാല് ടണ്‍ ചമ്പാന്‍ അയലയാണ് ദേശീയ പാതയിലെ പുതുപ്പണം കോട്ടക്കടവില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചയോടെ ബ്രേക്ക് ഡൗണ്‍ ആയ ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യമാണെന്ന് മനസ്സിലായത്. ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ചെക്ക് ആന്‍ഡ് ഈറ്റ് ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ നിറവ്യത്യാസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വടകര നഗരസഭ ആരോഗ്യ വിഭാഗവും, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും നടത്തിയ വിശദമായ പരിശോധനയിലാണ് മത്സ്യത്തില്‍ വന്‍ തോതില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയെന്ന് ഉറപ്പാക്കിയത്.

മൂന്ന് ദിവസം മുമ്പാണ് തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് മത്സ്യവുമായി ലോറി പുറപ്പെട്ടത്. 19 ന് വൈകീട്ടോടെ കോഴിക്കോട് വെള്ളയില്‍ മാര്‍ക്കറ്റില്‍ മത്സ്യം വില്‍പ്പനക്കായി എത്തിച്ചെങ്കിലും ഇതേ പോലുള്ള 45 ഓളം ലോറികള്‍ മാര്‍ക്കറ്റില്‍ ക്യാമ്പ് ചെയ്തത് കാരണം ഇവിടെ നിന്ന് ലോറി കൂത്തുപറമ്പ് മാര്‍ക്കറ്റിലേക്ക് എത്തിച്ചു. ഇതിനിടയില്‍ ചോമ്പാല്‍ ഹാര്‍ബറില്‍ മത്സ്യം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാത്രി വൈകിയിട്ടും കച്ചവടം നടക്കാതായതോടെ ലോറി തിരികെ കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നതിനിടയില്‍ പുലര്‍ച്ചെ ഒരു മണിയോടെ വടകര കോട്ടക്കടവ് വളവില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെ ഇതുവഴി വന്ന മോട്ടോര്‍ വാഹന വകുപ്പ് എം വി ഐ മാരായ എ ആര്‍ രാജേഷ്, എ എം വി ഐ. വി ഐ.അസീം എന്നിവര്‍ വളവിലുള്ള ലോറിയുടെ നില്‍പ്പ് കണ്ട് പരിശോധന നടത്തിയപ്പോഴാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഡ്രിപ്പ് വെച്ച് മത്സ്യവും ഐസും പരിശോധന നടത്തിയപ്പോഴാണ് ഫോര്‍മാലിന്‍ ചേര്‍ത്തതായി കണ്ടെത്തിയത്. വിശദ പരിശോധനക്കായി സാമ്പിളുകള്‍ കോഴിക്കോട് മലാപ്പറമ്പിലെ റീജ്യനല്‍അനാലിസിസ് ലാബിലേക്കും കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്കും അയക്കും.

132 ബോക്‌സ് മത്സ്യമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഒരു ബോക്‌സില്‍ 30 കിലോ മത്സ്യമാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ രണ്ട് ബോക്‌സ് മത്സ്യം വാഹനം ബ്രേക്ക് ഡൗണ്‍ ആയ സ്ഥലത്ത് വച്ച് കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തിയതായി വാഹനത്തിലെ ഡ്രൈവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനിടയില്‍ ലോറിയിലുണ്ടായിരുന്ന മത്സ്യ വില്‍പ്പനയുടെ ഇടനിലക്കാരനായ തമിഴ്‌നാട് സ്വദേശി മുങ്ങി. പരിശോധനക്ക് ശേഷം വടകര നഗരസഭക്ക് കൈമാറിയ മത്സ്യം സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ജെ സി ബി ഉപയോഗിച്ച് കുഴിച്ചുമൂടി. വാഹന ഉടമക്കെതിരെ നടപടി കൈകൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here