Connect with us

Kerala

ഹിന്ദുമതത്തിന്റെ ഉടമസ്ഥാവകാശം ചിലര്‍ തോളിലേറ്റി നടക്കുന്നു: സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം: ഹിന്ദുമതത്തിന്റെ ഉടമസ്ഥാവകാശം ചിലര്‍ ചുമലിലേറ്റി നടക്കുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്റെ നിലപാടിനെ വിമര്‍ശിച്ചവര്‍ക്ക് ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് സ്പീക്കര്‍ ഇങ്ങനെ കുറിച്ചത്. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്ത് ഹിന്ദുമതത്തിന്റെ ഉടമസ്ഥാവകാശം തോളിലേറ്റി എന്നമട്ടില്‍ അഭിപ്രായം പറയുന്ന ചില സുഹൃത്തുക്കളുടെ കോലാഹലങ്ങള്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. പ്രിയ സുഹൃത്തുക്കളേ ഞാന്‍ എന്റെ അഭിപ്രായം ഏകപക്ഷീയമായി പറയുകയല്ല ചെയ്തത്. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ഒരു നിരീക്ഷണത്തെ സംബന്ധിച്ച് എനിക്ക് തോന്നിയ അഭിപ്രായം പങ്കുവെക്കുകയാണ് ചെയ്തത്. അത് പങ്കുവെച്ചത് എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ പങ്കാളികളായവരോടാണ്.

ലോകം കടന്നുവന്ന വഴികള്‍ മാറ്റത്തിന്റേതായിരുന്നു. ഇവിടെ പല സുഹൃത്തുക്കളും ചോദിച്ചതുപോലെ ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാത്തവരുടെ അവസ്ഥ മാറുന്നതിനു വേണ്ടിയുള്ള നിലപാട് സ്വീകരിച്ചപ്പോള്‍ ഇതുപോലെ കുറേയാളുകള്‍ തല്ലാനും കൊല്ലാനും വന്നില്ലേ? എന്നിട്ട് ക്ഷേത്രപ്രവേശനം മുടങ്ങിപ്പോയോ? കന്നുകാലികള്‍ക്കും നായക്കും വഴിനടക്കാമായിരുന്ന തെരുവില്‍ പിന്നാക്ക ജാതിക്കാര്‍ക്ക് നടക്കാന്‍ പാടില്ല എന്ന അവസ്ഥ ഇവിടുണ്ടായിരുന്നില്ലേ? ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കുന്ന സതി എന്ന ആചാരം ഇവിടുണ്ടായിരുന്നില്ലേ? മുലകാണിച്ച് നടന്നില്ലെങ്കില്‍ മുല അരിഞ്ഞുകളയുന്ന ആചാരങ്ങള്‍ ഉണ്ടായിരുന്നില്ലേ? മുലക്കരം പിരിച്ചെടുക്കുന്ന അനുഭവം ഉണ്ടായിരുന്നില്ലേ? അതെല്ലാം മാറി. ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാകാലത്തും ഒരുപോലെയിരിക്കാറില്ലെന്നാണ് കോടതി ഓര്‍മിപ്പിച്ചത്.

ജാതിവിവേചനത്തിന്റെ ക്രൂരമായ ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍ കാണുമ്പോള്‍ ആ ജാതിയില്‍പ്പെട്ട പാവപ്പെട്ട മനുഷ്യരോട് സഹതാപം തോന്നാറില്ലേ? സ്ത്രീയായിപ്പോയി എന്നതുകൊണ്ടുമാത്രം അവര്‍ക്കിഷ്ടപ്പെട്ട ആരാധനാലയത്തില്‍ പ്രവേശിക്കുന്നത് തടയുന്നത് ശരിയാണോ എന്ന ചോദ്യം ഒരു സംവാദത്തിന് വിധേയമാക്കണം എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. അതിനിത്രമാത്രം സംഘടിതമായി ചീത്തപറഞ്ഞ് ഊര്‍ജം കളയേണ്ടെന്നും അല്‍പ്പം കൂടി മിതമായ നിരക്കില്‍ ശ്വാസോച്ഛ്വാസം ചെയ്ത് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകയെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Latest