Connect with us

National

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സിന് ആവശ്യമാണെങ്കില്‍ അവര്‍ അത് നിഷേധിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ ഉടമ്പടി ഉണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റാണ് തന്നോട് പറഞ്ഞത്. ആ സമയത്ത് കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മയും ഡോ. മന്‍മോഹന്‍ സിംഗും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലിമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ, റാഫേല്‍ ഇടപാടില്‍ കോടികളുടെ അഴിമതി നടന്നെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച് ഫ്രാന്‍സുമായി രഹസ്യ ഉടമ്പടി ഉണ്ടായിരുന്നെന്ന പ്രതിരോധ മന്ത്രിയുടെ ആരോപണം തെറ്റാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രിയുമായി നേരിട്ട് ഇതിന്റെ വസ്തുത അന്വേഷിച്ചപ്പോള്‍ അത്തരം ഒരു ഉടമ്പടി ഇല്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി. 35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന ഈ ബിസിനുസുകാരന് സ്വന്തമായി ഒരു വിമാനംപോലും ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ ആരോപണത്തെ തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും സുരക്ഷാ കരാര്‍ ഉണ്ടാക്കിയത് 2008ലാണെന്നും കരാര്‍ പ്രകാരം രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.